സഹപ്രവര്‍ത്തകയുടെ കറിയില്‍ ഒച്ചിനെ കൊല്ലുന്ന വിഷം കലര്‍ത്തിയെന്ന് ആരോപണം; ഓസ്ട്രേലിയന്‍ യുവതിക്കെതിരെ കേസ്

സഹപ്രവര്‍ത്തകയുടെ കറിയില്‍ ഒച്ചിനെ കൊല്ലുന്ന വിഷം കലര്‍ത്തിയെന്ന് ആരോപണം; ഓസ്ട്രേലിയന്‍ യുവതിക്കെതിരെ കേസ്
സഹപ്രവര്‍ത്തകയുടെ കറിയില്‍ ഒച്ചിനെ കൊല്ലാന്‍ ഉപയോഗിക്കുന്ന വിഷം കലര്‍ത്തിയെന്ന ആരോപണത്തില്‍ ഓസ്ട്രേലിയയില്‍ 43കാരിക്കെതിരെ കേസ്. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലാണ് സംഭവം. മറ്റൊരാളുടെ ജീവനും ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കിയെന്ന കുറ്റമാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നവംബര്‍ അഞ്ചിന് കോടതിയില്‍ ഹാജരാകണം.

ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. 58കാരിയായ സഹപ്രവര്‍ത്തക തയാറാക്കിയ കറി ജീവനക്കാര്‍ രാവിലെ ചായയ്‌ക്കൊപ്പം കഴിച്ചിരുന്നു. ഉച്ചഭക്ഷണ സമയത്ത് ബാക്കിവന്ന കറി കഴിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഭക്ഷണത്തില്‍ തിളക്കമുള്ള പച്ചനിറത്തിലുള്ള തരികള്‍ കണ്ടെത്തിയത്. കറി രുചിച്ചുനോക്കിയതിന് പിന്നാലെ നാവില്‍ മരവിപ്പ് അനുഭവപ്പെട്ടതായും പരാതിയുണ്ട്.

സംഭവത്തില്‍ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിക്കെതിരെ പോലീസ് നടപടിയെടുത്തത്. പരാതിക്കാരിയുമായി ബന്ധത്തിലായിരുന്ന 43കാരി കറി സൂക്ഷിച്ചിരുന്ന ജീവനക്കാരുടെ മുറിയിലേക്ക് മടങ്ങുന്നതിന് മുമ്പ് രാസവസ്തുക്കള്‍ സൂക്ഷിക്കുന്ന ഷെഡില്‍ എത്തിയിരുന്നുവെന്നാണ് പോലീസിന്റെ ആരോപണം.

കറിയുടെ ബാക്കി ഭാഗം പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പരിശോധനയില്‍ മെറ്റാല്‍ഡിഹൈഡ് അടങ്ങിയ ഒച്ചിനെ കൊല്ലാനുള്ള വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

വിഷം ഗുരുതരമായ പരിക്കിനോ മരണത്തിനോ കാരണമാകാമെന്ന് വെസ്റ്റേണ്‍ ഓസ്ട്രേലിയ പോലീസ് കമ്മീഷണര്‍ കോള്‍ ബ്ലാഞ്ച് പറഞ്ഞു. ഭക്ഷണത്തിന്റെ രുചിയില്‍ അസ്വാഭാവികത തിരിച്ചറിഞ്ഞ വ്യക്തി കറി കഴിക്കുന്നത് നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി

Other News in this category



4malayalees Recommends