ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലണ്ടില്‍ ഭീഷണി; 'ഇനി ഈ പാര്‍ക്കില്‍ കണ്ടുപോകരുത്' എന്ന് മുന്നറിയിപ്പ് ; അധിക്ഷേപകരമായ ഭാഷയിലുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വന്‍ വിമര്‍ശനം

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലണ്ടില്‍ ഭീഷണി; 'ഇനി ഈ പാര്‍ക്കില്‍ കണ്ടുപോകരുത്' എന്ന് മുന്നറിയിപ്പ് ; അധിക്ഷേപകരമായ ഭാഷയിലുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വന്‍ വിമര്‍ശനം
ഇംഗ്ലണ്ടിലെ സോളിഹള്ളില്‍ പാര്‍ക്കില്‍ നടക്കാനെത്തിയ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിവാദം ശക്തമാകുന്നു. കുട്ടികളുടെ പാര്‍ക്കില്‍ വരരുതെന്നും വീണ്ടും ഇവിടെ കണ്ടാല്‍ മുന്നറിയിപ്പുണ്ടാകില്ലെന്നും സ്വയം പ്രഖ്യാപിത വിജിലന്റ് സംഘമായ 'ചെല്‍ംസ്ലി വുഡ് പാട്രിയറ്റ്സ്' അംഗങ്ങള്‍ വിദ്യാര്‍ഥികളോട് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

''കുട്ടികളുടെ പാര്‍ക്കില്‍നിന്ന് അകന്നുനില്‍ക്കണം. ഇനി ഇവിടെ വരരുത്. ഇത് അവസാന മുന്നറിയിപ്പാണ്'' എന്ന് സംഘത്തിലെ ഒരാള്‍ പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. താമസസ്ഥലത്തേക്ക് മടങ്ങിപ്പോകണമെന്നും അധിക്ഷേപകരമായ ഭാഷയില്‍ ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.

യുകെയില്‍ വിദ്യാര്‍ഥികളും മറ്റ് വാടകക്കാരും ഉള്‍പ്പെടെ വ്യത്യസ്ത കുടുംബങ്ങളില്‍പ്പെട്ടവര്‍ ഒരുമിച്ച് താമസിക്കുന്ന വീടുകളെയാണ് എച്ച്എംഒ എന്നു വിളിക്കുന്നത്. ഇത്തരം താമസസ്ഥലത്തേക്ക് മടങ്ങിപ്പോകാനും സംഘം വിദ്യാര്‍ഥികളോട് ആവശ്യപ്പെടുന്നുണ്ട്.

പ്രദേശത്ത് കുട്ടികളെ കാണാതായ സംഭവങ്ങളും ബലാത്സംഗങ്ങളും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് പട്രോളിങ് ആരംഭിച്ചതെന്നാണ് സംഘം ഫേസ്ബുക്ക് പോസ്റ്റിലൂടെ അവകാശപ്പെട്ടത്. രാത്രിയില്‍ പാര്‍ക്കിലെ മരങ്ങള്‍ക്കും ശൗചാലയങ്ങള്‍ക്കും സമീപം കണ്ട യുവാക്കളെ സമീപിക്കുകയായിരുന്നുവെന്നും സംഘം വിശദീകരിച്ചു.

പാര്‍ക്കില്‍ ഇരുട്ടത്ത് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ പരിസരം കാണാനെത്തിയതാണെന്നാണ് യുവാക്കള്‍ മറുപടി നല്‍കിയതെന്നും അവരുടെ പ്രതികരണങ്ങള്‍ വ്യത്യസ്തമായിരുന്നുവെന്നും സംഘം ആരോപിച്ചു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ളതാണ് പാര്‍ക്കുകളെന്നും രാത്രിയില്‍ മൂന്ന് മുതിര്‍ന്ന പുരുഷന്മാര്‍ അവിടെ ഇരിക്കുന്നത് സംശയകരമാണെന്നുമാണ് സംഘത്തിന്റെ വാദം. വംശീയമായ അധിക്ഷേപമാണിതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

Other News in this category



4malayalees Recommends