15 വര്‍ഷത്തിനിടെ ഏഴ് മരണങ്ങള്‍ , ദുരൂഹത ഒഴിയുമോ ? കൂടത്തില്‍ കേസില്‍ ജയമാധവന്‍ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

15 വര്‍ഷത്തിനിടെ ഏഴ് മരണങ്ങള്‍ , ദുരൂഹത ഒഴിയുമോ ? കൂടത്തില്‍ കേസില്‍ ജയമാധവന്‍ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
കരമന കൂടത്തില്‍ കുടുംബത്തിലെ ജയമാധവന്‍ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ജയമാധവന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രതി രവീന്ദ്രന്‍ നായര്‍ ഗൂഢാലോചന ആരംഭിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രവീന്ദ്രന്‍ നായരെ കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈം ബ്രാഞ്ച് ഉടന്‍ അപേക്ഷ നല്‍കും. വിദേശത്തുള്ള മൂന്നാം പ്രതി സജിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. കൃത്യമായ ഗൂഢാലോചന രവീന്ദ്രന്‍ നായര്‍ നടത്തിയെന്നും തെളിവുകള്‍ നശിപ്പിച്ചുവെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. രവീന്ദ്രന്‍ നായര്‍ക്ക് മുമ്പുണ്ടായിരുന്ന കാര്യസ്ഥന്‍, അയാളുടെ ബന്ധു എന്നിവരും ഗൂഢാലോചനയില്‍ പങ്കാളികളായെന്നാണ് വിവരം. ഇവരെ ക്രൈം ബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതോടെ കൂടുതല്‍ അറസ്റ്റ് നടക്കുമെന്നാണ് വിവരം.

കൊലപാതകം നടത്തിയ ശേഷം ജയമാധവന്‍ നായരെ ആശുപത്രിയിലെത്തിച്ചത് സജുവിന്റെ കാറിലായിരുന്നുവെന്നും തെളിവ് നശിപ്പിക്കാന്‍ രവീന്ദ്രന്‍ നായരുടെ സഹായി ലീല കൂട്ടുനിന്നുവെന്നും വ്യക്തമായിട്ടുണ്ട്. ലീലയ്ക്ക് സാമ്പത്തികമായ സഹായം രവീന്ദ്രന്‍ നായര്‍ നല്‍കിയിരുന്നു. ഇതുപയോഗിച്ച് ലീല വീടും വസ്തുവും വാങ്ങിയിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന രവീന്ദ്രന്‍ നായരെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പും വരും ദിവസങ്ങളില്‍ നടക്കും.

2017 ലാണ് കൂടത്തില്‍ തറവാട്ടിലെ അവസാന കണ്ണിയായ ജയമാധവന്‍ നായര്‍ മരിക്കുന്നത്. ഇദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്. 2021 ല്‍ ജയമാധവന്‍ നായരുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെ നടന്ന വ്യാപകമായ അന്വേഷണത്തിലാണ് തറവാട്ടിലെ കാര്യസ്ഥനായ രവിന്ദ്രന്‍ നായരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. 15 വര്‍ഷത്തിനിടെ ഏഴ് മരണങ്ങള്‍ നടന്നതില്‍ മുമ്പ് തന്നെ കുടുംബവുമായി ബന്ധമുള്ള മറ്റുള്ളവരില്‍ സംശങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ധാരളം സ്വത്ത് വകകളുള്ള തറവട്ടില്‍ ഇത് കൈക്കലാക്കാന്‍ ചെയ്ത ക്രൂരത ആണോ എന്നായിരുന്നു സംശയം. അറസ്റ്റിലായ രവീന്ദ്രന്‍ നായരെ ബ്രെയിന്‍ മാപ്പിങ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയനാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Other News in this category



4malayalees Recommends