കാനഡയില്‍നിന്ന് വേര്‍പിരിയാന്‍ ആല്‍ബര്‍ട്ട; നിര്‍ണായക ഹിതപരിശോധന തിങ്കളാഴ്ച

കാനഡയില്‍നിന്ന് വേര്‍പിരിയാന്‍ ആല്‍ബര്‍ട്ട; നിര്‍ണായക ഹിതപരിശോധന തിങ്കളാഴ്ച
കാനഡയില്‍നിന്ന് വേര്‍പിരിയാനുള്ള നീക്കവുമായി എണ്ണസമ്പന്നമായ ആല്‍ബര്‍ട്ട പ്രവിശ്യ. സ്വാതന്ത്ര്യത്തിനായുള്ള നിയമനടപടികള്‍ ആരംഭിക്കണോയെന്ന് തീരുമാനിക്കുന്ന നിര്‍ണായക ഹിതപരിശോധന ഒക്ടോബര്‍ 19ന് നടക്കും. എന്നാല്‍ വോട്ടെടുപ്പിലൂടെ ഉടന്‍ സ്വാതന്ത്ര്യം ലഭിക്കില്ല. ഭാവിയില്‍ വേര്‍പിരിയല്‍ സംബന്ധിച്ച് നിയമപരമായി ബാധകമായ ഹിതപരിശോധന നടത്താനുള്ള നടപടികള്‍ ആരംഭിക്കണോയെന്നതാണ് വോട്ടര്‍മാര്‍ തീരുമാനിക്കുക.

കാനഡയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ആല്‍ബര്‍ട്ട രാജ്യത്തെ പ്രധാന എണ്ണ-പ്രകൃതിവാതക ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നാണ്. ഫെഡറല്‍ സര്‍ക്കാരിന്റെ ഊര്‍ജനയങ്ങള്‍, പരിസ്ഥിതി നിയന്ത്രണങ്ങള്‍, പൈപ്പ്ലൈന്‍ പദ്ധതികളിലെ നിയന്ത്രണങ്ങള്‍ എന്നിവ പ്രവിശ്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുന്നുവെന്നാണ് വേര്‍പിരിയലിനെ പിന്തുണയ്ക്കുന്നവരുടെ വാദം. ഫെഡറല്‍ സര്‍ക്കാരിന് നല്‍കുന്ന വരുമാനത്തിന് ആനുപാതികമായ നേട്ടം തിരികെ ലഭിക്കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തും കാനഡയില്‍നിന്നുള്ള വേര്‍പിരിയലിനെ എതിര്‍ക്കുന്നു. വോട്ടെടുപ്പ് രാജ്യത്ത് ദീര്‍ഘകാല രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വത്തിനും ഭിന്നതകള്‍ക്കും വഴിവയ്ക്കുമെന്ന് കാര്‍ണി മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാരനയങ്ങളും കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന ഭീഷണികളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ ഐക്യം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

വേര്‍പിരിയല്‍ പ്രചാരണത്തിന് പിന്തുണയുണ്ടെങ്കിലും ഭൂരിപക്ഷം ജനങ്ങളും കാനഡയുടെ ഭാഗമായി തുടരാന്‍ ആഗ്രഹിക്കുന്നതായാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്. അതേസമയം, പ്രവിശ്യയുടെ അധികാരങ്ങള്‍ വര്‍ധിപ്പിക്കണമെന്നും കുടിയേറ്റം, പൊതുസേവനങ്ങള്‍, ഊര്‍ജമേഖല എന്നിവയില്‍ കൂടുതല്‍ നിയന്ത്രണം വേണമെന്നുമുള്ള ആവശ്യങ്ങളും ഹിതപരിശോധനയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളാണ്

Other News in this category



4malayalees Recommends