യുഎസ്‌കാനഡ വ്യാപാര ചര്‍ച്ചകളില്‍ നേരിയ പുരോഗതി; അമേരിക്ക നിലപാട് മയപ്പെടുത്തിയെന്ന് മാര്‍ക്ക് കാര്‍ണി

യുഎസ്‌കാനഡ വ്യാപാര ചര്‍ച്ചകളില്‍ നേരിയ പുരോഗതി; അമേരിക്ക നിലപാട് മയപ്പെടുത്തിയെന്ന് മാര്‍ക്ക് കാര്‍ണി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടവുമായി നടക്കുന്ന വ്യാപാര ചര്‍ച്ചകളില്‍ നേരിയ പുരോഗതിയുണ്ടായതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കാനഡയുടെ ആവശ്യങ്ങളോട് അമേരിക്ക കൂടുതല്‍ അടുക്കുന്നതാണ് ഈ പുരോഗതിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിന് എട്ട് ദിവസം മാത്രം ശേഷിക്കെയാണ് കാര്‍ണിയുടെ പ്രതികരണം. ഇരു രാജ്യങ്ങളും വ്യാപാര കരാറിനോട് അടുക്കുകയാണെന്ന് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിന്‍ ഹാസറ്റും സൂചിപ്പിച്ചിരുന്നു.

ചര്‍ച്ചകളില്‍ നേരിയ തീവ്രത വര്‍ധിച്ചിട്ടുണ്ടെങ്കിലും കാനഡയുടെ ചര്‍ച്ചാ നിലപാടില്‍ മാറ്റമില്ലെന്ന് കാര്‍ണി പറഞ്ഞു. പുതിയ വ്യാപാര കരാറില്‍ ഒപ്പുവെച്ചാല്‍ ട്രംപ് അത് പാലിക്കുമെന്ന് ഉറപ്പുപറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ വാഗ്ദാനങ്ങള്‍ ചിലപ്പോള്‍ പെന്‍സില്‍ കൊണ്ട് എഴുതിയതുപോലെയാണെന്ന മുന്‍ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ട്രംപ് കരാര്‍ പാലിക്കുമോ എന്ന് തനിക്കറിയില്ലെന്നായിരുന്നു കാര്‍ണിയുടെ മറുപടി.

ഓഗസ്റ്റില്‍ ഇരുരാജ്യങ്ങളും കരാറിനോട് അടുത്തെത്തിയെങ്കിലും അമേരിക്ക മുന്നോട്ടുവച്ച വ്യവസ്ഥകള്‍ കാനഡയുടെ നിര്‍ണായകമായ ചുവപ്പുരേഖകള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കാനഡ അവ നിരസിച്ചിരുന്നു. തുടര്‍ന്ന് ഏകദേശം 2,000 കോടി ഡോളറിന്റെ കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തി. ഇതിന് തിരിച്ചടി നടപടികളുമായി കാനഡയും രംഗത്തെത്തി.

കഴിഞ്ഞ വെള്ളിയാഴ്ച ചില കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള 50 ശതമാനം തീരുവയില്‍ ഇളവ് നല്‍കുമെന്ന് ട്രംപ് അറിയിച്ചെങ്കിലും മറ്റ് നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തുമെന്നും വ്യക്തമാക്കി. ഞായറാഴ്ച മിഷിഗണില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ കാനഡ ഇപ്പോള്‍ അമേരിക്കയ്ക്ക് എന്തും നല്‍കാന്‍ തയ്യാറാണെന്ന് ട്രംപ് അവകാശപ്പെട്ടു. കരാര്‍ ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അമേരിക്കയിലെ സെനറ്റ് തിരഞ്ഞെടുപ്പുകളിലും തീരുവ വിഷയം പ്രധാന ചര്‍ച്ചയായി മാറിയിട്ടുണ്ട്.

Other News in this category



4malayalees Recommends