ന്യൂയോര്‍ക്ക് അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആഗോള അയ്യപ്പ സംഗമവും അയ്യപ്പ ജ്ഞാനയജ്ഞവും വിജയകരമായി നടന്നു

ന്യൂയോര്‍ക്ക് അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആഗോള അയ്യപ്പ സംഗമവും അയ്യപ്പ ജ്ഞാനയജ്ഞവും വിജയകരമായി നടന്നു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവും അയ്യപ്പ ജ്ഞാനയജ്ഞവും ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിജയകരമായി സമാപിച്ചു. ഒക്ടോബര്‍ 10 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഫ്‌ലോറല്‍ പാര്‍ക്കിലെ 26 നോര്‍ത്ത് ടൈസണ്‍ ഓഡിറ്റോറിയത്തില്‍ ആഗോള അയ്യപ്പസംഗമത്തിന് തുടക്കമായി. തുടര്‍ന്ന് ഒക്ടോബര്‍ 11 ഞായറാഴ്ചയും 12 തിങ്കളാഴ്ചയും എന്‍.ബി.എ. സെന്ററില്‍ അയ്യപ്പ ജ്ഞാനയജ്ഞവും വിദ്യാരംഭ ചടങ്ങുകളും നടന്നു.


ശനിയാഴ്ച രാവിലെ എട്ടിന് ഫ്‌ലഷിംഗ് ഗണേശ ക്ഷേത്രത്തില്‍ നടന്ന ഗണപതിഹോമത്തോടും പ്രത്യേക പൂജകളോടുമാണ് പരിപാടികള്‍ക്ക് തുടക്കമായത്. അയ്യപ്പ സേവാസംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പിന്റെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച സ്വാഗതസംഘം, യജ്ഞാചാര്യന്‍ ഡോ. മണ്ണടി ഹരിയെ പൂര്‍ണ കുംഭം നല്‍കി സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് അയ്യപ്പ സന്നിധിയില്‍ ദീപം തെളിയിക്കുകയും മന്ത്രോച്ചാരണങ്ങളോടെ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തതോടെ അയ്യപ്പസംഗമത്തിന് ഔപചാരിക തുടക്കമായി. രാധാമണി നായര്‍ പ്രാര്‍ത്ഥനാഗീതം ആലപിച്ചു.


അയ്യപ്പ സേവാസംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് വിശിഷ്ടാതിഥികളെയും സദസ്സിനെയും സ്വാഗതം ചെയ്തു. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ് സൂം പ്ലാറ്റ്ഫോമിലൂടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അയ്യപ്പ സേവാസംഘം സെക്രട്ടറി രഘുവരന്‍ നായര്‍ പരിപാടികളുടെ വിശദാംശങ്ങള്‍ അവതരിപ്പിക്കുകയും ചടങ്ങുകളുടെ അവതാരകയായ ഊര്‍മിള റാണി നായരെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അയ്യപ്പ സേവാസംഘം ഭാരവാഹികളും വിവിധ സംഘടനകളുടെ പ്രതിനിധികളും വിശിഷ്ടാതിഥികളും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു.


യജ്ഞാചാര്യന്‍ ഡോ. മണ്ണടി ഹരി, ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, ഡോ. സുകുമാര്‍ കാനഡ, ബാലകൃഷ്ണന്‍ നായര്‍, ശങ്കര അദ്വൈതാശ്രമം ഫോര്‍ ഗ്ലോബല്‍ എന്‍ലൈറ്റന്‍മെന്റ് പ്രസിഡന്റ് രാജീവ് ഭാസ്‌കര്‍, കെ.എച്ച്.എന്‍.എ. ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വനജ നായര്‍, മന്ത്രയുടെ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെയാര്‍കെ എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി.


അയ്യപ്പഭക്തിയുടെ മഹത്ത്വവും ആത്മീയതയുടെ പ്രസക്തിയും ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും പ്രഭാഷണങ്ങളില്‍ പ്രതിപാദിച്ചു. പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ്, സെക്രട്ടറി രഘുവരന്‍ നായര്‍, ട്രഷറര്‍ രാജഗോപാല്‍ കുന്നപ്പെള്ളില്‍ എന്നിവര്‍ ചേര്‍ന്ന് വിശിഷ്ടാതിഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു.


തുടര്‍ന്ന് നടന്ന കലാപരിപാടികള്‍ സംഗമത്തിന് കൂടുതല്‍ മിഴിവേകി. പ്രശസ്ത ഗായകന്‍ ശബരീനാഥും സംഘവും അവതരിപ്പിച്ച ഭക്തിസാന്ദ്രമായ ഭജന സദസ്സിനെ ആത്മീയാനുഭൂതിയിലാഴ്ത്തി. നരേന്ദ്രന്‍ നായര്‍ (ഹരി, ന്യൂജെഴ്‌സി) ആയിരുന്നു ഭജനയുടെ കോഓര്‍ഡിനേറ്റര്‍.


ഭജനയ്ക്കുശേഷം കലാമണ്ഡലം ജോണിന്റെ നേതൃത്വത്തിലുള്ള 'കലാമണ്ഡലം സ്‌കൂള്‍ ഓഫ് ഡാന്‍സ്' അവതരിപ്പിച്ച നൃത്തപരിപാടികളും പ്രത്യേകിച്ച് 'ഹരിവരാസനം' നൃത്താവിഷ്‌കാരവും സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി. പ്രസാദ വിതരണത്തോടും അന്നദാനത്തോടും കൂടി ആഗോള അയ്യപ്പസംഗമത്തിന്റെ ആദ്യദിന പരിപാടികള്‍ സമാപിച്ചു.


ഒക്ടോബര്‍ 11, 12 തീയതികളില്‍ രാവിലെ ഒമ്പതുമുതല്‍ എന്‍.ബി.എ. സെന്ററില്‍ അയ്യപ്പ ജ്ഞാനയജ്ഞം നടന്നു. യജ്ഞാചാര്യന്‍ ഡോ. മണ്ണടി ഹരിയുടെയും യജ്ഞപൗരാണികന്‍ ജയപ്രകാശ് നായരുടെയും നേതൃത്വത്തിലായിരുന്നു ജ്ഞാനയജ്ഞം സംഘടിപ്പിച്ചത്.


അയ്യപ്പതത്ത്വം, സര്‍വസമഭാവന, 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന മഹത്തായ സന്ദേശം എന്നിവയെ ആസ്പദമാക്കിയായിരുന്നു യജ്ഞാചാര്യന്റെ പ്രഭാഷണങ്ങള്‍. മനുഷ്യരാശിയുടെ സന്തോഷത്തിനും സമാധാനത്തിനും അഭിവൃദ്ധിക്കും ആത്മീയചിന്തകള്‍ നല്‍കുന്ന സംഭാവനകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ധാര്‍മിക മൂല്യങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ട് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിക്കായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും വരുംതലമുറയ്ക്ക് അദ്ദേഹം പകര്‍ന്നു നല്‍കി.


യജ്ഞശാലയിലെ പാരായണത്തിനും അന്നദാനത്തിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ എന്‍.ബി.എ. മാതൃസമിതി അംഗങ്ങളും സീതാ ഗ്രൂപ്പും സജീവമായി പങ്കെടുത്തു. രാധാമണി നായര്‍, രാജേശ്വരി രാജഗോപാല്‍, ലതിക നായര്‍, വത്സല പണിക്കര്‍, രത്‌നമ്മ നായര്‍, സുശീലാമ്മ പിള്ള തുടങ്ങിയവരുടെ നിസ്വാര്‍ഥ സേവനവും സംഘാടന മികവും പരിപാടിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.


എല്ലാ ദിവസവും വൈകിട്ട് അഞ്ചിന് പാരായണം സമാപിച്ചതിനുശേഷം ഭജന, പ്രസാദ വിതരണം, അന്നദാനം എന്നിവ നടന്നു. ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തം ജ്ഞാനയജ്ഞത്തെ ആത്മീയമായി സമ്പന്നമാക്കി.


യജ്ഞസമാപന ചടങ്ങില്‍ അയ്യപ്പ സേവാസംഘം രക്ഷാധികാരി അഡ്വ. അപ്പന്‍ മേനോനും സംഘടനാ ഭാരവാഹികളും ചേര്‍ന്ന് യജ്ഞാചാര്യന് ദക്ഷിണ സമര്‍പ്പിക്കുകയും പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ഇതോടെ രണ്ടുദിവസം നീണ്ടുനിന്ന അയ്യപ്പ ജ്ഞാനയജ്ഞത്തിന് മംഗളകരമായ സമാപനമായി.


ജ്ഞാനയജ്ഞത്തോടനുബന്ധിച്ച് മഹാനവമി പൂജവയ്പ്പും തുടര്‍ന്ന് വിദ്യാരംഭ ചടങ്ങുകളും സംഘടിപ്പിച്ചു. എന്‍.ബി.എ. സെന്ററില്‍ നടന്ന വിദ്യാരംഭത്തില്‍ നിരവധി കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് ആദ്യചുവടുവച്ചു. പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ അരിയില്‍ ആദ്യാക്ഷരം കുറിച്ചാണ് കുട്ടികളെ വിദ്യാരംഭം നടത്തിയത്. എന്‍.ബി.എ. പ്രസിഡന്റ് ജനാര്‍ദ്ദനന്‍ തോപ്പില്‍, ഭജന കോഓര്‍ഡിനേറ്റര്‍ പ്രഭാകരന്‍ നായര്‍, രഞ്ജിത് പിള്ള എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.


ആഗോള അയ്യപ്പസംഗമം, അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞം, ആത്മീയപ്രഭാഷണങ്ങള്‍, ഭജന, നൃത്താവിഷ്‌കാരങ്ങള്‍, വിദ്യാരംഭം എന്നിവയിലൂടെ ന്യൂയോര്‍ക്കിലെ മലയാളി ഹൈന്ദവ സമൂഹത്തിന് നവരാത്രിക്കാലം ആത്മീയവും സാംസ്‌കാരികവുമായ സമ്പന്നാനുഭവമായി മാറി.


വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണവും ഭക്തജനങ്ങളുടെ സജീവ പങ്കാളിത്തവും സന്നദ്ധപ്രവര്‍ത്തകരുടെ അര്‍പ്പണബോധവും പരിപാടികളുടെ വിജയത്തിന് കരുത്തേകി. ഭക്തിയുടെയും ഐക്യത്തിന്റെയും ധാര്‍മികബോധത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച ആഗോള അയ്യപ്പസംഗമവും ജ്ഞാനയജ്ഞവും ന്യൂയോര്‍ക്കിലെ ഹൈന്ദവ സമൂഹത്തിന് ശ്രദ്ധേയമായ ആത്മീയ കൂട്ടായ്മയായി മാറി.






































റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍


Other News in this category



4malayalees Recommends