ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യം പകര്‍ത്തിയ ബംഗ്ലാദേശ് വ്യോമസേന മുന്‍ ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍; കൊല്ലപ്പെട്ടതെന്ന് സംശയം

ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യം പകര്‍ത്തിയ ബംഗ്ലാദേശ് വ്യോമസേന മുന്‍ ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍; കൊല്ലപ്പെട്ടതെന്ന് സംശയം
ബംഗ്ലാദേശില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സൈനിക വിമാനത്തില്‍ രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതപ്പെടുന്ന മുന്‍ വ്യോമസേനാ ഫ്‌ലൈറ്റ് ലഫ്റ്റനന്റ് കെ.എം തഹ്‌സീഫ് സൗറിയെ ധാക്കയിലെ തുരാഗ് നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാണാതായി ഒരു ദിവസത്തിന് ശേഷമാണ് നദിയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഷഹീദ് സുഹ്‌റവര്‍ദി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തില്‍ മുറിവുകളോ പരിക്കുകളോ ഉണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ പോലീസ് തയാറായിട്ടില്ല.

മൃതദേഹത്തോടൊപ്പം ലഭിച്ച ഫോണും ഘടികാരവും വഴിയാണ് മരിച്ചത് സൗറിയാണെന്ന് സ്ഥിരീകരിച്ചത്. ഷെയ്ഖ് ഹസീന രാജ്യം വിടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതുമായി ഇദ്ദേഹത്തിന്റെ മരണത്തിന് ബന്ധമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി സ്വലാഹുദ്ദീന്‍ അഹമ്മദ് മറുപടി പറഞ്ഞില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയാകാതെ നിഗമനങ്ങളിലെത്താന്‍ കഴിയില്ലെന്നും, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് വിശദാംശങ്ങളും പുറത്തുവന്ന ശേഷം വ്യക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കാണാതാവുന്നതിന് തലേദിവസം അമ്മയോടൊപ്പം മുഴുവന്‍ സമയം ഷോപ്പിംഗ് നടത്തിയ ശേഷം വൈകിട്ട് സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്നാണ് ഇദ്ദേഹം വീട്ടില്‍ നിന്ന് പുറത്തേക്ക് പോയത്. പിന്നീട് തിരികെ വന്നില്ല. ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ഉണ്ടായില്ല. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് സംശയം. 2024 ഓഗസ്റ്റില്‍ സേനയില്‍ നിന്ന് പുറത്താക്കപ്പെട്ട ശേഷം ഇദ്ദേഹം രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്നു. ഷെയ്ഖ് ഹസീന രാജ്യം വിടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതാണോ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ കാരണമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആയിരിക്കാമെന്നാണ് അന്ന് ഇദ്ദേഹം പ്രതികരിച്ചത്. ചട്ടങ്ങള്‍ പാലിച്ചുള്ള നിര്‍ബന്ധിത വിരമിപ്പിക്കല്‍ എന്നാണ് സൈന്യം വിശദീകരിച്ചത്.

Other News in this category



4malayalees Recommends