ക്ലാസില്‍ കയറി വിദ്യാര്‍ത്ഥിനികളെ യന്ത്രവാളുപയോഗിച്ച് ആക്രമിച്ച സംഭവം ; പ്രതിയെ വെടിവച്ചു വീഴ്ത്തി പൊലീസ്

ക്ലാസില്‍ കയറി വിദ്യാര്‍ത്ഥിനികളെ യന്ത്രവാളുപയോഗിച്ച് ആക്രമിച്ച സംഭവം ; പ്രതിയെ വെടിവച്ചു വീഴ്ത്തി പൊലീസ്
ആന്ധ്രപ്രദേശിലെ അനന്തപുരം ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ചെയിന്‍സോ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതിക്ക് നേരെ പൊലീസിന്റെ വെടിവെപ്പ്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ 21കാരനായ ഹേമന്ത് എന്ന ദുമ്മുവിനാണ് വെടിയേറ്റത്. അത്മകൂര്‍ വനമേഖലയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഒക്ടോബര്‍ 31ന് രാപ്താഡുവിലെ സില്ലാ പരിഷത്ത് ഹൈസ്‌കൂളിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ 15കാരി ഗോപികയെ ക്ലാസ് മുറിയില്‍ അതിക്രമിച്ചുകയറിയ പ്രതി ചെയിന്‍സോ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലയിലും മുഖത്തും പുറത്തും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ വലതുകൈ അറ്റുപോയി. സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച ലക്ഷ്മി എന്ന മറ്റൊരു വിദ്യാര്‍ഥിനിക്കും കാലുകളില്‍ വെട്ടേറ്റു.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഞായറാഴ്ച വൈകിട്ട് അത്മകൂര്‍ വനമേഖലയില്‍ ഇയാള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് 15 പൊലീസ് സംഘങ്ങളെ രൂപീകരിച്ചു. ഇതില്‍ രണ്ട് സംഘങ്ങളാണ് വനമേഖലയിലേക്ക് എത്തിയത്.

പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി പൊലീസിനെ ആക്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തതോടെ മുന്നറിയിപ്പ് നല്‍കിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ആകെ ആറ് റൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ് അറിയിച്ചു. വെടിയേറ്റ പ്രതിയെ അനന്തപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, ഗുരുതരമായി പരിക്കേറ്റ ഗോപികയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി.

Other News in this category



4malayalees Recommends