രാഷ്ട്രീയ പ്രതിഷേധത്തില്‍ പങ്കെടുത്ത സംഭവം; ബോംബെ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞ് നടന്‍ ഇമ്രാന്‍ ഖാന്‍

രാഷ്ട്രീയ പ്രതിഷേധത്തില്‍ പങ്കെടുത്ത സംഭവം; ബോംബെ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞ് നടന്‍ ഇമ്രാന്‍ ഖാന്‍

രാഷ്ട്രീയ പ്രതിഷേധത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ബോംബെ ഹൈക്കോടതിയില്‍ നിരുപാധികം മാപ്പുപറഞ്ഞ് ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന്‍. ഭാവിയില്‍ ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ലെന്നും പ്രതിഷേധങ്ങളില്‍ പങ്കെടുക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ സ്വാധീനിക്കുകയോ ചെയ്യില്ലെന്നും താരം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.


മുംബൈയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബര്‍ 10ന് നടന്ന പ്രതിഷേധത്തിനിടെയാണ് ഇമ്രാന്‍ ഖാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്‌കരണമായ എസ്ഐആറിനെതിരെയായിരുന്നു പ്രതിഷേധം. അമേരിക്കന്‍ പൗരത്വമുള്ള ഒസിഐ കാര്‍ഡ് ഉടമയായ ഇമ്രാന്‍ ഖാന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് വിദേശകാര്യ രജിസ്‌ട്രേഷന്‍ വിഭാഗം ഇന്ത്യ വിടാന്‍ നോട്ടീസ് നല്‍കിയത്.

എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും അവിടെ നടക്കുന്ന കാര്യങ്ങള്‍ കാണാനായി മാത്രമാണ് എത്തിയതെന്നും താരം കോടതിയെ അറിയിച്ചു. ഇന്ത്യയോടും ഭരണഘടനയോടും തനിക്ക് വലിയ സ്‌നേഹവും ബഹുമാനവുമാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള അവകാശങ്ങള്‍ ലഭിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് നിരുപാധികം മാപ്പുപറയാനും ഭാവിയില്‍ ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പുനല്‍കാനും ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, ഇമ്രാന്‍ ഖാനോട് ഇന്ത്യ വിടാന്‍ നിര്‍ദേശിച്ച നോട്ടീസിന്റെ നടപടി ഡിസംബര്‍ 7 വരെ ഹൈക്കോടതി മരവിപ്പിച്ചു. കേസില്‍ കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടിയ കോടതി, താരത്തിന് തന്റെ ഭാഗം ബോധിപ്പിക്കാന്‍ അവസരം നല്‍കണമെന്നും നിര്‍ദേശിച്ചു

Other News in this category



4malayalees Recommends