യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ ; ഭര്‍തൃ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയം അടിച്ചു തകര്‍ത്ത് ബന്ധുക്കള്‍

യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ ; ഭര്‍തൃ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയം അടിച്ചു തകര്‍ത്ത് ബന്ധുക്കള്‍
മഹാരാഷ്ട്രയിലെ പൂനെയില്‍ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍ ഭര്‍തൃവീട്ടുകാരുടെ കല്യാണമണ്ഡപം അടിച്ചുതകര്‍ത്തു. പായല്‍ അക്ഷയ് സാംബ്രെ (29) ആണ് മരിച്ചത്. പൂനെയിലെ മുകുന്ദ് നഗറിലുള്ള ഫ്‌ലാറ്റിലാണ് തിങ്കളാഴ്ച രാവിലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2019-ലായിരുന്നു പായലിന്റെയും അക്ഷയ് സാംബ്രെയുടെയും വിവാഹം. ദമ്പതികള്‍ക്ക് നാലു വയസ്സുള്ള മകളുണ്ട്. വിവാഹശേഷം ഭര്‍ത്താവും ഭര്‍തൃമാതാവും ഉള്‍പ്പെടെയുള്ളവര്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് പായലിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. എല്ലാ ദീപാവലി സമയത്തും അഞ്ച് മുതല്‍ പത്ത് പവന്‍ വരെ സ്വര്‍ണം ആവശ്യപ്പെട്ടിരുന്നതായും ഇത്തവണ കുടുംബത്തിന് ആവശ്യം നിറവേറ്റാന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ പീഡനം വര്‍ധിച്ചതായും ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.

യുവതി മരിച്ചതിനു പിന്നാലെ ബന്ധുക്കളില്‍ 15 മുതല്‍ 20 വരെ പേര്‍ ഭര്‍തൃവീട്ടുകാരുടെ ഉടമസ്ഥതയിലുള്ള സാംബ്രെ പാലസ് കല്യാണമണ്ഡപത്തിലെത്തി അക്രമം നടത്തുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.

അതേസമയം, പായലിന്റെ മരണത്തില്‍ ഭര്‍ത്താവ് അക്ഷയ് ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം, സ്ത്രീധന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. ഭര്‍ത്താവ് അക്ഷയ് അറസ്റ്റിലായിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. യുവതിയുടെ മരണം കൊലപാതകമാണെന്നും ആത്മഹത്യയായി ചിത്രീകരിച്ചതാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ടെങ്കിലും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Other News in this category



4malayalees Recommends