ആന്ധ്രയിലെ സ്‌കൂളില്‍ ചെയിന്‍സോ ആക്രമണം; പ്രതിയുടെ വലതുകാല്‍ മുറിച്ചുമാറ്റി, പെണ്‍കുട്ടിയുടെ നിലയില്‍ പുരോഗതി

ആന്ധ്രയിലെ സ്‌കൂളില്‍ ചെയിന്‍സോ ആക്രമണം; പ്രതിയുടെ വലതുകാല്‍ മുറിച്ചുമാറ്റി, പെണ്‍കുട്ടിയുടെ നിലയില്‍ പുരോഗതി
ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ സ്‌കൂളിനുള്ളില്‍ കയറി പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ചെയിന്‍സോ ഉപയോഗിച്ച് ആക്രമിച്ച കേസിലെ പ്രതിയുടെ വലതുകാല്‍ മുറിച്ചുമാറ്റി. 21കാരനായ ഹേമന്തിന്റെ കാലാണ് പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റതിനെത്തുടര്‍ന്നുണ്ടായ ഗുരുതരമായ അണുബാധ കാരണം മുട്ടിന് മുകളില്‍വെച്ച് മുറിച്ചുമാറ്റിയത്.ഒക്ടോബര്‍ 31ന് റാപ്താഡു സില്ലാ പരിഷത്ത് സ്‌കൂളിലാണ് സംഭവം. ക്ലാസ് മുറിയില്‍ പഠിച്ചുകൊണ്ടിരുന്ന 15കാരിയെ ചെയിന്‍സോ ഉപയോഗിച്ച് പ്രതി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുഖത്തും കഴുത്തിലും വയറിലും ഗുരുതരമായി മുറിവേറ്റു. വലതുകൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. ആക്രമണം തടയാന്‍ ശ്രമിച്ച മറ്റൊരു വിദ്യാര്‍ഥിനിക്കും പരിക്കേറ്റിരുന്നു.

സംഭവത്തിനുശേഷം രക്ഷപ്പെട്ട ഹേമന്തിനെ ഞായറാഴ്ച അത്മകൂര്‍ വനമേഖലയില്‍നിന്ന് പൊലീസ് കണ്ടെത്തി. അറസ്റ്റുചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് സ്വയംരക്ഷയ്ക്കായി പൊലീസ് വെടിയുതിര്‍ത്തു. ഇരുകാലുകളിലും വെടിയേറ്റ പ്രതിയെ അനന്തപുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെടിയേറ്റതിനെത്തുടര്‍ന്ന് വലതുകാലിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും ഗാംഗ്രീന്‍ ബാധിക്കുകയും ചെയ്തതോടെയാണ് ശസ്ത്രക്രിയയിലൂടെ കാല്‍ മുറിച്ചുമാറ്റിയത്. ഇടതുകാലിലും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. പ്രതിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം, ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെന്റിലേറ്ററില്‍നിന്ന് മാറ്റിയ പെണ്‍കുട്ടി ഡോക്ടര്‍മാരോട് പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും തുടര്‍ചികിത്സ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ പ്രതിക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

Other News in this category



4malayalees Recommends