അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണം; തട്ടിയെടുത്തത് 2.7 കോടി ; എട്ടുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എസ്ഐടി

അയോധ്യ രാമക്ഷേത്രത്തിലെ കാണിക്ക മോഷണം; തട്ടിയെടുത്തത് 2.7 കോടി ; എട്ടുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എസ്ഐടി

അയോധ്യയിലെ രാമക്ഷേത്രത്തിലെ കാണിക്കപ്പണം തട്ടിയെടുത്തെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ നടപടികള്‍ അവസാനിപ്പിച്ച സുപ്രീംകോടതി, വിചാരണ പ്രാദേശിക കോടതിയില്‍ തുടരാന്‍ നിര്‍ദേശിച്ചു.


ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനിടെയാണ് തട്ടിപ്പ് നടന്നതെന്നാണ് എസ്ഐടി അന്വേഷണത്തില്‍ കണ്ടെത്തിയത്. തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം പ്രതികള്‍ സ്വത്തുക്കളില്‍ നിക്ഷേപിക്കുകയും മറ്റൊരു ഭാഗം ബാങ്കുകളില്‍ നിക്ഷേപിക്കുകയും ചെയ്തതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

കേസില്‍ എട്ടുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ പണം എണ്ണുന്ന ചുമതലയുണ്ടായിരുന്ന ജീവനക്കാരും മറ്റ് ബന്ധപ്പെട്ടവരും പ്രതിപ്പട്ടികയിലുണ്ട്. അന്വേഷണത്തിനിടെ ഏഴ് പ്രതികളില്‍നിന്നായി 79.8 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിരുന്നു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ 105 തവണ പണം അനധികൃതമായി നീക്കം ചെയ്തതിന്റെ തെളിവുകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച ഹര്‍ജിക്കാര്‍ക്ക് വിചാരണക്കിടെ അയോധ്യയിലെ പ്രാദേശിക കോടതിയില്‍ സഹായം നല്‍കാനും കോടതി അനുമതി നല്‍കി.

Other News in this category



4malayalees Recommends