കളി കഴിഞ്ഞ് ക്ലാസിലെത്തി; ഒന്‍പതുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു

കളി കഴിഞ്ഞ് ക്ലാസിലെത്തി; ഒന്‍പതുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു
കളി കഴിഞ്ഞ് ക്ലാസ് മുറിയിലേക്ക് മടങ്ങിയെത്തിയ ഒന്‍പതുവയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ് 2-ലെ ലവ്‌ലി ഹെറിറ്റേജ് സ്‌കൂളിലാണ് ദാരുണ സംഭവം. ബുധനാഴ്ച രാവിലെ നടന്ന സംഭവത്തില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്.

കളി കഴിഞ്ഞ് ക്ലാസിലെത്തിയ കുട്ടി ഇരുകൈകളും അരയില്‍ വെച്ചശേഷം മുഖമടിച്ച് നിലത്തേക്ക് വീഴുകയായിരുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളില്‍ സംഭവം വ്യക്തമാണ്. കുട്ടി വീണതോടെ അധ്യാപിക ഓടിയെത്തി എഴുന്നേല്‍പ്പിക്കാനും പ്രാഥമികമായി രക്ഷപ്പെടുത്താനും ശ്രമിച്ചു. മുഖത്ത് വെള്ളം തളിച്ചെങ്കിലും കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയില്ല. തുടര്‍ന്ന് സഹായം തേടി അധ്യാപിക പുറത്തേക്ക് ഓടി.

സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രവേശിപ്പിക്കാന്‍ തയ്യാറായില്ലെന്നാണ് വിവരം. തുടര്‍ന്ന് നിര്‍മാണ്‍ വിഹാറിലെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

രാവിലെ 9.52ന് ഡല്‍ഹി പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്‌കൂള്‍ അധികൃതരുടെ മൊഴിയും രേഖപ്പെടുത്തി. കുട്ടിയുടെ മരണകാരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Other News in this category



4malayalees Recommends