പ്രതിസന്ധികള്‍ക്കിടയിലും ഫോക്‌സ് വാഗണ്‍ ടൊയോട്ടയെ പിന്തള്ളി ഒന്നാമതെത്തി

പ്രതിസന്ധികള്‍ക്കിടയിലും ഫോക്‌സ് വാഗണ്‍ ടൊയോട്ടയെ പിന്തള്ളി ഒന്നാമതെത്തി
ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളെന്ന പദവി ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട മോട്ടോര്‍ കോര്‍പറേഷന്(ടി എം സി) ഈ വര്‍ഷം നഷ്ടമായേക്കും. അര്‍ധവാര്‍ഷിക കണക്കെടുപ്പില്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ടൊയോട്ടയെ പിന്തള്ളി ഒന്നാമതെത്തിയതോടെയാണിത്. നാലു വര്‍ഷമായി ആഗോളതലത്തില്‍ ഏറ്റവുമധികം കാര്‍ വില്‍ക്കുന്നത് ടൊയോട്ടയാണ്. എന്നാല്‍ നോര്‍ത്ത് അമേരിക്കയിലെ വില്‍പ്പന ഇടിയുകയും പ്രകൃതിക്ഷോഭം മൂലം പല ശാലകളിലും ഉല്‍പ്പാദനം മുടങ്ങുകയും ചെയ്തതോടെയാണു കഴിഞ്ഞ ജനുവരി-ജൂണ്‍ കാലയളവില്‍ ഫോക്‌സ്‌വാഗണ്‍ ടൊയോട്ടയെ പിന്നിലാക്കിയത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ 49.90 ലക്ഷം യൂണിറ്റാണ് ടൊയോട്ട കൈവരിച്ച വില്‍പ്പന. എന്നാല്‍ മലിനീകരണ തോത് മറയ്ക്കല്‍ വിവാദം പോലുള്ള പ്രതിസന്ധികള്‍ നേരിട്ട ഫോക്‌സ്‌വാഗണാവട്ടെ ഇതേ കാലയളവില്‍ 51.20 ലക്ഷം വാഹനങ്ങള്‍ വിറ്റു. 47.60 ലക്ഷം യൂണിറ്റിന്റെ വില്‍പ്പനയുമായി അമേരിക്കയുടെ ജനറല്‍ മോട്ടോഴ്‌സ്(ജി.എം) ആണ് മൂന്നാം സ്ഥാനത്ത്. വിനിമയ നിരക്കില്‍ യെന്‍ കരുത്താര്‍ജിക്കുകയും ചൈനയിലെയും മറ്റ് എമേര്‍ജിങ് വിപണികളിലെയും വാഹന വില്‍പ്പനയിലെ വളര്‍ച്ച മന്ദഗതിയിലായതുമൊക്കെ കമ്പനിയുടെ അറ്റാദായത്തെ പ്രതികൂലമായി ബാധിക്കുമെന്നു ടൊയോട്ട നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Other News in this category4malayalees Recommends