ദൈവാലയ കൂദാശയും പൊതു സമ്മേളനവും ഒക്ടോബര്‍ 14,15 തിയതികളില്‍

A system error occurred.

ദൈവാലയ കൂദാശയും പൊതു സമ്മേളനവും ഒക്ടോബര്‍ 14,15 തിയതികളില്‍
മെല്‍ബണിലും സമീപ പ്രദേശത്തുമുള്ള മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികളുടെ കഴിഞ്ഞ 10 വര്‍ഷമായുള്ള കാത്തിരിപ്പ് ഈ വരുന്ന ഒക്ടോബര്‍ 14,15 വെള്ളി,ശനി ദിവസങ്ങളില്‍ 419,സെന്റര്‍ ഡാന്‍ഡനോങ്ങ് റോഡ് ഹെതര്‍ട്ടണില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ദൈവാലയത്തിന്റെ വി.മുറോന്‍ അഭിഷേക കൂദാശയോടു കൂടി സഫലമാകുകയാണ്.

പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഓസ്‌ത്രേലിയ ന്യൂസിലന്‍ഡ് ഭദ്രാസനത്തിന്റെ കീഴില്‍ സ്ഥലം വാങ്ങി പണിയുന്ന ആദ്യത്തെ ദൈവാലയമാണിത്.സെന്റ് ജോര്‍ജ് ഇടവക മാതൃ ദേവാലയമായി മെല്‍ബണ്‍ സിറ്റിയുടെ വടക്കു പടിഞ്ഞാറായും തെക്കുഭാഗത്തും സഭയ്ക്ക് രണ്ട് ഇടവകകള്‍ കൂടിയുണ്ട് .സത്യസുറിയാനി സഭയുടെ കറകളഞ്ഞ അന്ത്യോക്യാ മലങ്കര ബന്ധവും കടല്‍ കടന്നെത്തിയ മാര്‍ തോമന്‍ പൈതൃക സമ്മേളിക്കുന്നിടമായി ദൈവാലയ കൂദാശ മാറുകയാണ്.

ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമധ്യക്ഷന്‍ പരി പത്രോസിന്റെ പിന്‍ഗാമി മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രയര്‍ക്കീസ് ബാവയുടെ ആശിര്‍വാദത്തോടു കൂടി ശ്രേഷ്ഠ കത്തോലിക്ക അബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിന് ഓസ്‌ത്രേലിയ ന്യൂസിലന്‍ഡ് ഭദ്രാസനത്തിന്റെ പത്രയര്‍ക്കല്‍ വികാരി അഭി.ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ്,കോട്ടയം ഭദ്രാസനത്തിന്റെ അഭി.ഡോ തോമസ് മാര്‍ തീമോത്തിയോസ്,കോഴിക്കോട് ഭദ്രാസനത്തിന്റെ അഭി.പൗലോസ് മാര്‍ എറേനിയോസ് എന്നീ പിതാക്കന്മാര്‍ സഹകാര്‍മികത്വം വഹിക്കും.

വി മുറോന്‍ അഭിഷേക കൂദാശക്ക് വികാരി ഫാ എല്‍ദൊ വലിയ പറമ്പില്‍ കണ്‍വീനറായി സെക്രട്ടറി ഷെവലിയാര്‍ തോമസ് എബ്രഹാം,ട്രസ്റ്റി കുരുവിള ബെന്‍ സക്കറിയ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.ഒക്ടോബര്‍ 14ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5.30ന് ദൈവാലയ കവാടത്തില്‍ ശ്രേഷ്ഠ ബാവയേയും അഭി.പിതാക്കന്മാരേയും മറ്റ് അതിഥികളേയും സ്വീകരിക്കുന്നതിനെ തുടര്‍ന്ന് വി മുറോന്‍ അഭിഷേക കൂദാശ ആരംഭിക്കും.15ാം തിയതി ശനിയാഴ്ച രാവിലെ ശ്രേഷ്ഠ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ വി മുന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് 12 മണിക്ക് പൊതുസമ്മേളനവും നടക്കും.

യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്കും ഓസ്‌ട്രേലിയ ന്യൂസിലന്‍ഡ് ഭദ്രാസനത്തിനും നാഴികക്കല്ലായി മാറുന്ന ചരിത്രസംഭവത്തിന് സാക്ഷ്യം വഹിക്കുവാന്‍ ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന സഭാംഗങ്ങളേയും മറ്റ് വിശിഷ്ഠാതിധികളേയും സ്വീകരിക്കുവാന്‍ ഇടവകാംഗങ്ങള്‍ ഒരുങ്ങുകയാണ്.

Other News in this category4malayalees Recommends