ലണ്ടന്‍ ട്യൂബ് സമരത്തില്‍ യാത്രക്കാര്‍ നരകക്കടലിലായി; ബസില്‍ പിടിച്ച് തൂങ്ങിയും യൂബര്‍ ടാക്‌സികള്‍ക്ക് നാലിരട്ടി ചാര്‍ജ് കൊടുത്തും നടന്നും വലഞ്ഞത് മില്യണ്‍ കണക്കിന് പേര്‍; തലസ്ഥാനത്തെ 25 ശതമാനം റോഡുകളും ഗതാഗതക്കുരുക്കിലായി

A system error occurred.

ലണ്ടന്‍ ട്യൂബ് സമരത്തില്‍ യാത്രക്കാര്‍ നരകക്കടലിലായി; ബസില്‍ പിടിച്ച് തൂങ്ങിയും യൂബര്‍ ടാക്‌സികള്‍ക്ക് നാലിരട്ടി ചാര്‍ജ് കൊടുത്തും നടന്നും വലഞ്ഞത് മില്യണ്‍ കണക്കിന് പേര്‍; 	തലസ്ഥാനത്തെ 25 ശതമാനം റോഡുകളും ഗതാഗതക്കുരുക്കിലായി
ലണ്ടന്‍ ട്യൂബ് സര്‍വീസുകള്‍ തലസ്ഥാനത്തെ സാധാരണവും സമാധാനപൂര്‍ണവുമായ ജീവിതത്തിന് എത്രമാത്രം നിര്‍ണായകമാണെന്ന് തെളിയിക്കുന്ന കാഴ്ചകളായിരുന്നു ഇന്നലെ തലസ്ഥാനത്തുടനീളം അരങ്ങേറിയത്. ലണ്ടന്‍ ട്യൂബിലെ തൊഴിലാളികള്‍ സേവനവേതന വ്യവസ്ഥകളിലെ പ്രതിസന്ധികളുടെ പേരില്‍ ഞായറാഴ്ച ആരംഭിച്ച 24മണിക്കൂര്‍ പണിമുടക്കിനെ തുടര്‍ന്നായിരുന്നു ഈ അവസ്ഥ സംജാതമായിരുന്നത്.അണ്ടര്‍ ഗ്രൗണ്ട് ട്യൂബ് സമരത്തില്‍ യാത്രക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ നരകക്കടലിലാവുകയായിരുന്നു. അണ്ടര്‍ ഗ്രൗണ്ട് സര്‍വീസുകള്‍ നിലച്ചതിനെ തുടര്‍ന്ന് ബസില്‍ പിടിച്ച് തൂങ്ങിയും യൂബര്‍ ടാക്‌സികള്‍ക്ക് നാലിരട്ടി ചാര്‍ജ് കൊടുത്തും നടന്നും വലഞ്ഞത് മില്യണ്‍ കണക്കിന് പേരാണ് പാടുപെട്ടത്. ഇതിനെ തുടര്‍ന്ന് കൂടുതല്‍ പേര്‍ യാത്രക്കായി റോഡുകളെ ആശ്രയിച്ചതോടെ ലണ്ടനിലെ 25 ശതമാനം റോഡുകളും ഗതാഗതക്കുരുക്കിലുമായിരുന്നു.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെ സമരം തീര്‍ന്നതോടെ ട്യൂബ് സ്റ്റേഷനുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായിത്തീരുകയായിരുന്നു. മിക്ക സ്‌റ്റേഷന്‍ പരിസരങ്ങളിലെക്കും പരിധിയില്‍ കവിഞ്ഞ യാത്രക്കാര്‍ കുത്തിയൊലിച്ചെത്തിയതോടെ ടാക്‌സികള്‍ക്ക് പിടിയും വലിയുമരങ്ങേറിയിരുന്നു. പണിമുടക്ക് കാരണം മധ്യ ലണ്ടനിലെ ഭൂരിഭാഗം ട്യൂബ് സ്റ്റേഷനുകള്‍ക്കു താഴ് വീണിരുന്നു. അണ്ടര്‍ ഗ്രൗണ്ട് ട്രെയിനുകള്‍ ഇല്ലാതായതോടെ ദശലക്ഷക്കണക്കിന് പേര്‍ തിരിമുറിയാത്ത മഴയില്‍ ജോലി സ്ഥലത്തേക്കും തിരിച്ച് വീട്ടിലേക്കും പോകാന്‍ പെടാപ്പാട് പെടുകയായിരുന്നു. ഈ അവസ്ഥയെ മറികടന്ന് ലക്ഷ്യത്തിലെത്താന്‍ ബസുകള്‍, സൈക്കിളുകള്‍ തുടങ്ങിയ ബദല്‍ സംവിധാനങ്ങളെ മിക്കവരും പ്രയോജനപ്പെടുത്തിയിരുന്നു. ചിലര്‍ ദീര്‍ഘദൂരം നടക്കാനും നിര്‍ബന്ധിതരായിരുന്നു.

അണ്ടര്‍ഗ്രൗണ്ട് സമരം മൂലം തലസ്ഥാനത്തെ മൂന്നില്‍ ഒരു ഭാഗം റോഡുകളിലും കടുത്ത ട്രാഫിക്ക് ബ്ലോക്കിനാണ് കളമൊരുങ്ങിയിരുന്നത്. ഇതില്‍ പെട്ട് പോയവരില്‍ ഭൂരിഭാഗം പേര്‍ക്കും മണിക്കൂറില്‍ ഒരു മൈല്‍ വേഗതയില്‍ സഞ്ചരിക്കാനെ സാധിച്ചിരുന്നുള്ളൂ. ലണ്ടന്‍ മേയറായ സാദിഖ് ഖാന്‍ വരെ ഗതാഗത തടസത്തില്‍ കുരുങ്ങിയിരുന്നു. അക്കാരണത്താല്‍ അദ്ദേഹത്തിന് ബിബിസി റേഡിയോ 4 ഇന്റര്‍വ്യൂവിന് സമയത്തെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അണ്ടര്‍ ഗ്രൗണ്ട് സമരം ദേശീയ റെയില്‍ സര്‍വീസുകള്‍ക്ക് തടസം സൃഷ്ടിച്ചിരുന്നില്ല. പക്ഷേ നിര്‍ണായകമായ ഇന്റര്‍ ചേയ്ഞ്ച് സ്റ്റേഷനുകളില്‍ അണ്ടര്‍ഗ്രൗണ്ട് സര്‍വീസുകള്‍ നിലച്ചിരുന്നു. വിക്ടോറിയ, കിംഗ്സ് ക്രോസ്, വാട്ടര്‍ലൂ, പാഡിംഗ്ടണ്‍, ഊസ്റ്റണ്‍,ബാങ്ക്, ലണ്ടന്‍ ബ്രിഡ്ജ് തുടങ്ങിയവ ഇത്തരത്തില്‍ സര്‍വീസിന് വിഘാതം വന്ന ഇന്റര്‍ ചേയ്ഞ്ച് സ്റ്റേഷനുകള്‍ക്ക് ഉദാഹരണമാണ്.

അണ്ടര്‍ഗ്രൗണ്ട് സമരം മുതലെടുത്ത് പരമാവധി ലാഭമുണ്ടാക്കാന്‍ യൂബര്‍ സര്‍വീസ് രംഗത്തെത്തിയെന്ന് വിമര്‍ശനം ശക്തമാണ്. ഇന്നലെ ഇവര്‍ നാലിരിട്ടിയോളം ചാര്‍ജ് ഈടാക്കിയിരുന്നുവത്രെ. ഇക്കാരണത്താല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സമരങ്ങളെ അഭിമുഖീകരിക്കാനിരിക്കുന്ന യാത്രക്കാരുടെ ആശങ്ക പെരുകുന്നുണ്ട്. ബ്രിട്ടീഷ് എയര്‍വേസ് അടുത്ത ആഴ്ച സമരത്തിനിറങ്ങുകയാണ്. ഇതിന് പുറമെ സതേണ്‍ റെയിലിലും വീണ്ടും സമരകാഹളമുയരുന്നുണ്ട്. ഇന്നലെ ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ ഇന്റര്‍ചേയ്ഞ്ച് ജംഗ്ക്ഷനായ ക്ലാഫാമില്‍ യാത്രക്കാര്‍ ഇതുവരെയുള്ളതിനേക്കാള്‍ പെരുകിയതിനെ തുടര്‍ന്ന് മുന്‍കരുതാലി അവരെ ഒഴിപ്പിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Other News in this category4malayalees Recommends