യുകെയിലെ വയോധികര്‍ക്ക് എന്‍എച്ച്എസില്‍ ചികിത്സ കാത്ത് കിടന്ന് മരിക്കാന്‍ യോഗം; എ ആന്‍ഡ് ഇ കളിലെത്തുന്ന രോഗികള്‍ക്ക് ചികിത്സയ്ക്ക് 12 മണിക്കൂറോളം കാത്തിരിക്കേണ്ടി വരുന്നു; അപകടാവസ്ഥയെക്കുറിച്ച് ജീവനക്കാര്‍ക്ക് മുന്നറിയിപ്പേകി എന്‍എച്ച്എസ് മെമ്മോ

A system error occurred.

യുകെയിലെ വയോധികര്‍ക്ക് എന്‍എച്ച്എസില്‍ ചികിത്സ കാത്ത് കിടന്ന് മരിക്കാന്‍ യോഗം; എ ആന്‍ഡ് ഇ കളിലെത്തുന്ന രോഗികള്‍ക്ക് ചികിത്സയ്ക്ക് 12 മണിക്കൂറോളം കാത്തിരിക്കേണ്ടി വരുന്നു; അപകടാവസ്ഥയെക്കുറിച്ച് ജീവനക്കാര്‍ക്ക് മുന്നറിയിപ്പേകി എന്‍എച്ച്എസ് മെമ്മോ
ദിവസം ചെല്ലുന്തോറും എന്‍എച്ച്എസിനെ കുറിച്ച് ആശങ്ക ജനിപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ വിഴുങ്ങിയ കനത്ത വിന്ററിന്റെ പ്രത്യാഘാതത്താല്‍ വിവിധ രോഗങ്ങള്‍ പിടിപെട്ടവര്‍ എന്‍എച്ച്എസിലേക്ക് കുതിച്ചൊഴുകിയെത്തി ഹോസ്പിറ്റലുകളുടെ പരിധി മറികടന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണങ്ങളിലൊന്ന്. ഇതിനെ തുടര്‍ന്ന് മിക്ക ഹോസ്പിറ്റലുകളിലെയും എ ആന്‍ഡ് ഇ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ അടിയന്തിര ചികിത്സ നല്‍കേണ്ടുന്ന രോഗികള്‍ക്ക് പോലും സൂചി കുത്താന്‍ ഇടമില്ലാതായിരിക്കുകയാണ്. നിലവില്‍ മിക്ക എ ആന്‍ഡ് ഇ ഡിപ്പാര്‍ട്ട്‌മെന്റുകളിലുമെത്തുന്ന വൃദ്ധരോഗികള്‍ക്ക് ചികിത്സക്കായി ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും ട്രോളികളില്‍ കഴിച്ച് കൂട്ടേണ്ടി വരുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇത് കാരണം ഇവര്‍ ട്രോളികളില്‍ കിടന്ന് മരിക്കാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള മരണങ്ങള്‍ വിവിധ ഹോസ്പിറ്റലുകളില്‍ നിന്നും ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കടുത്ത ആശങ്കയാണ് ജനിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ ഹെല്‍ത്ത് കെയര്‍ സിസ്റ്റം ഈ അവസരത്തില്‍ ബ്രേക്കിംഗ് പോയിന്റിലെത്തി നില്‍ക്കുന്നുവെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ കൗണ്‍സില്‍ ചെയര്‍മാനായ ഡോ. മാര്‍ക്ക് പോര്‍ട്ടര്‍ മുന്നറിയിപ്പേകുന്നത്. ഇപ്പോള്‍ ഇവിടെ പെരുകിക്കൊണ്ടിരിക്കുന്ന വയോജനങ്ങള്‍ക്കായി പര്യാപ്തമായ തോതിലുള്ള ഹോസ്പിറ്റല്‍ ബെഡുകളോ അല്ലെങ്കില്‍ മതിയായ അളവിലുള്ള സോഷ്യല്‍ കെയറിംഗിനുള്ള സൗകര്യമോ ഇല്ലെന്നാണ് റോയല്‍ കോളജ് ഓഫ് എമര്‍ജന്‍സി മെഡിസിന്റെ വൈസ് പ്രസിഡന്റായ ക്രിസ് കൗള്‍ട്ടന്‍ ചൂണ്ടിക്കാട്ടുന്നത്.


എന്‍എച്ച്എസില്‍ നിന്നും പുറത്ത് വന്ന ഡാറ്റകള്‍ അനുസരിച്ച് 185,017 രോഗികളെങ്കിലും കഴിഞ്ഞ വര്‍ഷം 12 മണിക്കൂറോളം ട്രോളികളിലും മറ്റും ചികിത്സക്കായി നരകയാതനകള്‍ അനുഭവിച്ച് കൊണ്ട് കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 87,213 പേര്‍ ഈ വകയില്‍ കൂടിയിരിക്കുന്നുവെന്ന് സാരം. ചോര്‍ന്ന് കിട്ടിയ ഒരു മെമ്മോയില്‍ നിന്നാണിക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. വോര്‍സെസ്റ്റര്‍ഷെയര്‍ റോയല്‍ ഹോസ്പിറ്റലില്‍ രണ്ട് രോഗികള്‍ യഥാസമയം ചികിത്സ ലഭിക്കാതെ ട്രോളികളില്‍ കാത്ത് കിടന്ന് ദയനീയമായി മരിച്ചത് ഈ രേഖയില്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നു. ഇത്തരം അവസ്ഥ നിലനില്‍ക്കുന്നുവെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് രോഗികള്‍ക്ക് കടുത്ത മുന്നറിയിപ്പേകുന്നുമുണ്ട്. കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ഈ ഹോസ്പിറ്റലിനെ കുറിച്ച് ഉയര്‍ത്തിയ ആശങ്ക ഇതോടെ ഒന്ന് കൂടി വര്‍ധിച്ചിരിക്കുന്നുവെന്നും സൂചനയുണ്ട്.

നാം മികച്ച പരിശ്രമം നടത്തിയിട്ടും രോഗികള്‍ ട്രോളികളില്‍ ഇടനാഴികളില്‍ ദീര്‍ഘമായ മണിക്കൂറുകള്‍ ചികിത്സക്കായി കാത്ത് കിടക്കേണ്ടുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും അതവരുടെ ജീവന് തന്നെ ഭീഷണിയായിത്തീര്‍ന്ന ഘട്ടത്തിലെത്തിയിരിക്കുന്നുവെന്ന് ജീവനക്കാര്‍ക്കുള്ള ഈ മെമ്മോയിലൂടെ എന്‍എച്ച്എസ് മുന്നറിയിപ്പേകുന്നു. ഇതിനെ തുടര്‍ന്ന് ഇവിടുത്തെ ജീവനക്കാരുടെ ഉത്കണ്ഠകള്‍ ഇരട്ടിച്ചിരിക്കുന്നുവെന്നും മെമ്മോ എടുത്ത് കാട്ടുന്നു. ഈ ഒരു അവസ്ഥയില്‍ ഹോസ്പിറ്റലുകള്‍ ഇതിന് മുമ്പില്ലാത്ത വിധത്തിലുള്ള കടുത്ത സമ്മര്‍ദത്തിലായിരിക്കുന്നുവെന്നും എന്‍എച്ച്എസ് ഇംഗ്ലണ്ട് സമ്മതിക്കുന്നു. എന്നാല്‍ ഇതിനിടയിലും അടിയന്തിര ചികിത്സ വേണ്ടുന്ന രോഗികള്‍ക്ക് അത് നല്‍കി വരുന്നുണ്ടെന്നും പ്രസ്തുത മെമ്മോയിലൂടെ എന്‍എച്ച്എസ് ഇംഗ്ലണ്ട് ഉറപ്പ് നല്‍കുന്നുമുണ്ട്.


Other News in this category4malayalees Recommends