വര്‍ഗ്ഗീയവെറിയ്ക്കുള്ള ഉത്തമ ഉദാഹരണമാണ് കമലിന്റേയും എംടിയ്ക്കും എതിരായ പ്രതിഷേധം ; എംടി തുഗ്ലക്കിനെ വിമര്‍ശിച്ചപ്പോള്‍ സംഘികളെ പ്രകോപിപ്പിച്ചത് എന്താണെന്ന് തോമസ് ഐസക്

A system error occurred.

വര്‍ഗ്ഗീയവെറിയ്ക്കുള്ള ഉത്തമ ഉദാഹരണമാണ് കമലിന്റേയും എംടിയ്ക്കും എതിരായ പ്രതിഷേധം ; എംടി തുഗ്ലക്കിനെ വിമര്‍ശിച്ചപ്പോള്‍ സംഘികളെ പ്രകോപിപ്പിച്ചത് എന്താണെന്ന് തോമസ് ഐസക്
സംവിധായകന്‍ കമലിനേയും സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായരേയും സംഘപരിവാര്‍ രൂക്ഷമായി വിര്‍ശിച്ചതിനെ ചോദ്യം ചെയ്ത് ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കില്‍.എംടി മണ്ടത്തരങ്ങളുടെ കുലപതിയായ തുഗ്ലക്കിനെ പറയുമ്പോള്‍ സംഘികളെ പ്രകോപിപ്പിച്ചത് എന്താണെന്ന് തോമസ് ഐസക് ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിങ്ങനെ;

എന്റെ പുസ്തകം പ്രകാശനം ചെയ്യവെ മലയാളത്തിന്റെ സാഹിത്യക്കാരണവരായ എം.ടി. നടത്തിയ പ്രസംഗമാണ് സംഘികളെ അദ്ദേഹത്തിനെതിരെ തിരിച്ചത്. അദ്ദേഹം ബിജെപി അടക്കം സംഘപരിവാറിലെ ഏതെങ്കിലും സംഘടനയെയോ മോഡി അടക്കം അവയില്‍ ഏതിന്റെയെങ്കിലും നേതാക്കളെയോപറ്റി അവിടെ ഒന്നും പറഞ്ഞില്ല. പതിനാലാംനൂറ്റാണ്ടില്‍ വടക്കേയിന്‍ഡ്യയില്‍ സാമ്രാജ്യം സ്ഥാപിച്ചു ഭരിച്ച മുഹമ്മദ് ബിന്‍ തുഗ്ലക്കിനെപ്പറ്റിയാണു അദ്ദേഹം സംസാരിച്ചത്. തുഗ്ലക്കിന്റെ കാലത്ത് ഇവിടം സന്ദര്‍ശിച്ച വിദേശസഞ്ചാരി എഴുതിയതും നമ്മില്‍ പലര്‍ക്കും അറിയാത്തതുമായ കൗതുകകരമായ ചിലകാര്യങ്ങളാണ് എം.ടി. പറഞ്ഞത്. കൂട്ടത്തില്‍, നാണയവ്യവസ്ഥ വച്ചു കളിച്ച രാജ്യങ്ങളൊക്കെ അപകടത്തിലേക്കു പോയതിനെയും സര്‍ക്കാരിന്റെ വീണ്ടുവിചാരമില്ലാത്ത നോട്ടുനിരോധ നടപടി ഉണ്ടാക്കിയ ബുദ്ധിമുട്ടുകളെയും പറ്റി പൊതുവെ പറയുകയും ചെയ്തു. അതും വളരെ സൗമ്യമായി. പ്രകോപനകരമായി ഒന്നും ആ ഭാഗത്തും ഉണ്ടായിരുന്നില്ല.

ഇക്കാര്യങ്ങളൊക്കെ ഇതിലും ശക്തിയായി വേറെ പലരും പറഞ്ഞിട്ടുള്ളതുമാണ്. അപ്പോള്‍, ഇതില്‍ സംഘികളെ ഇത്ര പ്രകോപിപ്പിച്ചത് എന്താണ്? ആദ്യം എനിക്കു പിടികിട്ടിയില്ല. പിന്നീടാണു കാര്യം മനസിലായത്. തുഗ്ലക്കിനെപ്പറ്റി പറഞ്ഞതാകണം പ്രകോപനമായത്. തുഗ്ലക്ക് എന്നു കേട്ടപ്പോള്‍ തങ്ങളുടെ ഏതോ നേതാവിനെ അവര്‍ക്ക് ഓര്‍മ്മ വന്നിട്ടുണ്ടാകണം. ആ നേതാവിന്റെ പ്രവൃത്തികള്‍ക്ക് തുഗ്ലക്കിന്റെ മണ്ടത്തരങ്ങളുമായും അധികാരപ്രമത്തതയുമായും അസഹിഷ്ണുതയുമായും ക്രൂരതയുമായും ഒക്കെ സാദൃശ്യവും തോന്നിയിരിക്കണം. അതോ തുഗ്ലക്കാണോ ഇക്കൂട്ടരുടെ കുലപതി? ഇവിടെ അറ്റാച്ച് ചെയ്യുന്ന എംടിയുടെ പ്രസംഗം നിങ്ങള്‍ ഒന്നു കേട്ടുനോക്കൂ. നിങ്ങള്‍ക്കും തോന്നും ഇതേ സംശയങ്ങള്‍.

സമാദരണീയനായ ഒരു സാംസ്‌ക്കാരികനായകന്‍ താന്‍ വായിച്ച ഒരു യാത്രാവിവരണത്തില്‍ പതിനാലാം നൂറ്റാണ്ടിലെ ഒരു ചക്രവര്‍ത്തിയെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍ ഇത്രവലിയ പ്രകോപനമാകുന്നതിന്റെ കാരണം ഈ താദാത്മ്യവും തുഗ്ലക്കിനുണ്ടായിരുന്നതായി എംടി പ്രസംഗത്തില്‍ പറയുന്ന, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയും തന്നെയാണ്. ശിക്ഷയെന്ന നിലയില്‍ താന്‍ ദിവസവും വെട്ടിക്കൊല്ലുന്നവരുടെ ജഡങ്ങള്‍ കൊട്ടാരവാതിലില്‍ രണ്ടുദിവസം ഇടണം. സന്ദര്‍ശകര്‍ അതു കടന്നുവേണം തന്റെ അടുത്ത് എത്താന്‍. പ്രജകളെ ഭയചകിതരാക്കി ഭരിക്കാനുള്ള ഈ തന്ത്രം എംടി ഉദ്ധരിക്കുന്നുണ്ട്. തന്റെ ഭരണപരാജയങ്ങളെപ്പറ്റി ആരെങ്കിലും വിമര്‍ശിക്കുന്നത് കേള്‍ക്കാനുള്ള സഹിഷ്ണുത ഇല്ലാഞ്ഞതിനാലാണ് അദ്ദേഹം തലസ്ഥാനം മാറ്റിയതെന്നും വിദേശസഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ടത്രേ.

ഈ സ്വഭാവങ്ങള്‍ ഭയപ്പെടുത്തിനിര്‍ത്തലും എതിര്‍ശബ്ദങ്ങളെ ഭയക്കലും അസഹിഷ്ണുതയും തന്നെയാണ് സംഘപരിവാറിലെ എല്ലാവരിലും കാണുന്നത്. എല്ലാ മലയാളികളും സ്‌നേഹിക്കുന്ന സംവിധായകന്‍ കമലിന്റെയും എഴുത്തുകാരനും അദ്ധ്യാപകനുമായ എം.എം. ബഷീറിന്റെയുമൊക്കെ കാര്യത്തില്‍ ഇവയ്‌ക്കൊപ്പം വര്‍ഗ്ഗീയവെറികൂടി കലരുന്നു. ദേശീയഗാനം പാടിയപ്പോള്‍ കമല്‍ എഴുന്നേല്‍ക്കാതിരിക്കുകയോ എഴുന്നേല്‍ക്കാതിരുന്നവരെ പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ തീയറ്ററില്‍ ദേശീയഗാനം പാടുന്നതിനെ വിമര്‍ശിക്കുകയോ ചെയ്തിട്ടില്ല. മറിച്ച്, ചലച്ചിത്രോത്സവപ്രതിനിധികള്‍ എഴുന്നേറ്റുനിന്നു സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണു ചെയ്തത്. എന്നിട്ടും കമലിനെതിരെ ആക്രമണം അഴിച്ചുവിട്ടതിന്‍ അവരുടെ മനസിലെ മുറ്റിയ കാളകൂടവിഷം അല്ലാതെ മറ്റൊന്നുമില്ല. ഏതുമതക്കാരനാണെന്ന് ഇത്രകാലവും മലയാളികളെ മനസിലാക്കിക്കാതെ മതനിരപേക്ഷനായി ജീവിച്ച കമലിന്റെമേല്‍ മതത്തിന്റെ മുദ്രചാര്‍ത്തി ആക്രമിച്ചതുതന്നെ ആ മനസുകളിലെ അധമത്വത്തിന്റെ സാക്ഷ്യമാണ്. ഇന്‍ഡ്യന്‍ ഇതിഹാസങ്ങളെപ്പറ്റി മുസ്ലിമായ പണ്ഡിതന്‍ എഴുതിക്കൂടാ എന്നു പറയുന്നതിലെ സംസ്‌ക്കാരശൂന്യത എത്ര കടുത്തതാണ്.

ഇത് ഭാരതസംസ്‌ക്കാരമല്ല. മതസഹിഷ്ണുതയില്‍ പുലര്‍ന്നുവന്ന സാത്വികമായ ഭാരതസമൂഹത്തെ വിദ്വേഷത്തിന്റെ വിഷം കലര്‍ത്തി എന്നെന്നത്തേക്കുമായി തകര്‍ക്കുകയാണവര്‍. ഇവര്‍ ഭാരതത്തിനു ഭൂഷണമല്ല. എന്നിട്ട്, ഇവരാണു ഭാരതീയതയോടെ ജീവിക്കുന്ന മറ്റുള്ളവരോടു പറയുന്നത് രാജ്യം വിട്ടുപോകാന്‍! എന്തൊരു അസംബന്ധവും ധാര്‍ഷ്ട്യവുമാണിത്. നമ്മുടെയെല്ലാം ഇന്‍ഡ്യയെ ഇവര്‍ക്ക് ആരെങ്കിലും എഴുതിക്കൊടുത്തിട്ടുണ്ടോ ആവോ? എന്താ ഏതാ എന്നറിയാതെ എസ്.എം.എസ്. അയച്ചവരെയെല്ലാം ചേര്‍ത്തിട്ടും ജനസംഖ്യയുടെ പത്തുശതമാനം മാത്രം അംഗത്വമുള്ള ഇവരെല്ലാംകൂടി രാജ്യം വിട്ട് എങ്ങോട്ടെങ്കിലും പോകുന്നതല്ലേ എളുപ്പം. ബാക്കി 90 ശതമാനം പേരും സന്തോഷവും സമാധാനവുമായി മുമ്പത്തെപ്പോലെ ജീവിച്ചുകൊള്ളുമല്ലോ.

Other News in this category4malayalees Recommends