എന്‍എച്ച്എസിലെ ജിപിമാരുടെ കുറവ് നികത്താന്‍ വിദേശത്ത് നിന്നുമുള്ള ജിപിമാര്‍ക്ക് 90,000 പൗണ്ട് ശമ്പളം നല്‍കി നിയമിക്കാന്‍ പുതിയ സ്‌കീം; ഇത്തരത്തില്‍ ബ്രെക്‌സിറ്റിന് മുമ്പ് 500 പേരെ കൊണ്ടുവരും; കടുത്ത പ്രതിഷേധവുമായി പേഷ്യന്റ് ഗ്രൂപ്പുകള്‍

A system error occurred.

എന്‍എച്ച്എസിലെ ജിപിമാരുടെ കുറവ് നികത്താന്‍ വിദേശത്ത് നിന്നുമുള്ള ജിപിമാര്‍ക്ക് 90,000 പൗണ്ട് ശമ്പളം നല്‍കി നിയമിക്കാന്‍ പുതിയ സ്‌കീം; ഇത്തരത്തില്‍ ബ്രെക്‌സിറ്റിന് മുമ്പ് 500 പേരെ കൊണ്ടുവരും; കടുത്ത പ്രതിഷേധവുമായി പേഷ്യന്റ് ഗ്രൂപ്പുകള്‍
എന്‍എച്ച്എസില്‍ ജീവനക്കാരുടെ അപകടകരമായ അപര്യാപ്ത നാള്‍ക്കുനാള്‍ വര്‍ധിച്ച് വരുകയാണെന്നറിയാമല്ലോ..ഇതിനെ നേരിടാന്‍ വിവാദ പരമായ ഒരു പുതിയ സ്‌കീം ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ എന്‍എച്ച്എസ് മേലാളന്‍മാര്‍ ഒരുങ്ങുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതനുസരിച്ച് പോളണ്ട്, ലിത്വാനി, ഗ്രീസ് എന്നിവിടങ്ങളില്‍ നിന്നുള്ള ജിപിമാര്‍ക്ക് ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിനായി 90,000 പൗണ്ട് എന്ന വമ്പന്‍ ശമ്പള വാഗ്ദാനമാണ് നല്‍കുന്നത.ബ്രെക്‌സിററിന് മുമ്പ് ഇതിലൂടെ 500 ജിപിമാരെയെങ്കിലും നിയമിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി അപേക്ഷിക്കുന്നവര്‍ക്ക് യുകെയില്‍ ചാര്‍ജെടുക്കുന്നതിന് മുമ്പ് 12 ആഴ്ചകള്‍ നീളുന്ന ട്രെയിനിംഗ് പ്രോഗ്രാം ഏര്‍പ്പെടുത്താനും നീക്കമുണ്ട്.

എന്‍എച്ച്എസിലെ ഫാമിലി ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണീ പദ്ധതി നടപ്പിലാക്കുന്നത്. ഇത്തരം ഡോക്ടര്‍മാരുടെ കുറവ് കാരണമാണ് എ ആന്‍ഡ് ഇ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ രോഗികള്‍ ഇപ്പോള്‍ റെക്കോര്‍ഡ് സമയം ചികിത്സക്കായി കാത്ത് കെട്ടിക്കിടക്കേണ്ടി വരുന്നതെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണീ നടപടി. ഈ റിക്രൂട്ട് മെന്റ് ഡ്രൈവ് പൈലറ്റ് പദ്ധതിയെന്ന നിലയില്‍ ലിന്‍കോളിന്‍ഷെയറിലാണ് നടപ്പിലാക്കുന്നത്. ഇവിടേക്കുള്ള 25 പൊസിഷനുകളില്‍ പുറത്ത് നിന്നുള്ളവരെ നിയമിക്കുന്നതിനായി പരസ്യവും നല്‍കിയിട്ടുണ്ട്. ഇതില്‍ പകുതി പൊസിഷനുകളിലേക്കും നിയമനം നടത്തിയെന്നും മെഡിക്‌സ് മാഗസിനായ പള്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാഷണല്‍ ഓഡിറ്റ് ഓഫീസ് പുറത്ത് വിട്ട റിപ്പോര്‍ട്ടനുസരിച്ച് ജിപി പേഷ്യന്റ് കെയര്‍ മുമ്പില്ലാത്ത വിധം ശോചനീയമായ അവസ്ഥയിലാണെത്തിച്ചേര്‍ന്നിരിക്കുന്നത്.

പ്രവര്‍ത്തി ദിനത്തിനിടയില്‍ തന്നെ നിരവധി പ്രാക്ടീസുകള്‍ അടച്ച് പൂട്ടേണ്ടി വന്നുവെന്നാണ് ഈ ഉന്നത നിരീക്ഷണ സമിതി മുന്നറിയിപ്പേകുന്നത്. ഇവയില്‍ അഞ്ചിലൊന്നും ഉച്ചയ്ക്ക് മൂന്ന് മണിയോടെ അടച്ച് പൂട്ടാന്‍ നിര്‍ബന്ധിതമായ അവസ്ഥയാണിപ്പോള്‍ സംജാതമായിരിക്കുന്നത്. ഇത് പ്രകാരം നിരവധി രോഗികള്‍ക്ക് തങ്ങളുടെ ജിപിയെ കാണാന്‍ ഒരു മാസത്തോളം കാത്തിരിക്കേണ്ടുന്ന അപകടകരമായ അവസ്ഥയാണിപ്പോഴുണ്ടായിരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ജിപിമാരുടെ എണ്ണത്തില്‍ 2020ഓടെ 10,000പേരുടെ കുറവുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പുതിയ റിക്രൂട്ട്‌മെന്റ് ശരിയ്ക്കും വിജയകരമാണെന്നാണ് ലിന്‍കോളിന്‍ഷെയര്‍ ലോക്കല്‍ മെഡിക്കല്‍ കമ്മിറ്റിയുടെ മെഡിക്കല്‍ ഡയറക്ടറായ ഡോ. കിരണ്‍ ഷാംറോക്ക് വെളിപ്പെടുത്തുന്നത്. എന്നാല്‍ ഇതിനെ അഡ്വക്കറ്റ് ഓര്‍ഗനൈസേഷനായ പേഷ്യന്റ് കണ്‍സേണ്‍ തള്ളിക്കളഞ്ഞിരിക്കുകയുമാണ്.

നിരാശാജനകവും അപകടകരവുമായ മാനദണ്ഡങ്ങളിലൂടെയാണ് പുതിയ സ്‌കീമിലൂടെ ജിപിമാരെ നിയമിക്കുന്നതെന്നാണ് പേഷ്യന്റ് കണ്‍സേണിലെ കോ ഡയറക്ടറായ ജോയ്‌സ് റോബിന്‍സ് മുന്നറിയിപ്പേകുന്നത്. ഇത്തരത്തില്‍ യുകെയിലെ നികുതിദായകന്റെ പണത്തില്‍ നല്ലൊരു ഭാഗം വിദേശത്ത് നിന്നുള്ള ഡോക്ടര്‍മാരുടെ പരിശീലനത്തിനും ശമ്പളത്തിനുമായി പൊടിച്ച് കളയുന്നത് യോജിക്കാനാവാത്ത കാര്യമാണെന്നും അവര്‍ പറയുന്നു. ഇതിന് പുറമെ ഇവിടുത്തെ ജിപിമാര്‍ ഇവിടുത്തെ ചെലവില്‍ പഠിച്ച് ന്യൂസിലാന്‍ഡിലേക്കും ഓസ്‌ട്രേലിയയിലേക്കും പോകുന്നതിനോടും യോജിക്കാനാവില്ലെന്നും അവര്‍ പറയുന്നു. ഇക്കാരണത്താല്‍ കണക്കില്ലാത്ത പണം കൊടുത്ത് എന്‍എച്ച്എസ് വിദേശജിപിമാരുടെ കാലു പ ിടിക്കാന്‍ പോകേണ്ടുന്ന അവസ്ഥയുണ്ടായിരിക്കുന്നതെന്നും അവര്‍ അപലപിക്കുന്നു. രോഗികള്‍ക്ക് ജിപിമാരെ അനായാസം കാണാനും തങ്ങളുടെ അവസ്ഥകള്‍ തുറന്ന് സംസാരിക്കാനുമുള്ള സാഹചര്യമുണ്ടാവണമെങ്കില്‍ തദ്ദേശീയരായ ജിപിമാര്‍ തന്നെ വേണമെന്നും വിദേശികളിലൂടെ അത് ഫലപ്രദമാക്കാനാവില്ലെന്നും അവര്‍ ആശങ്കപ്പെടുന്നു.

Other News in this category4malayalees Recommends