യുഎസും മെക്‌സിക്കോയും തമ്മില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഡീലിലെത്തുന്നതിനുളള ചര്‍ച്ച പൊളിഞ്ഞു; മെക്‌സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കില്‍ ഇറക്കുമതി വസ്തുക്കള്‍ക്ക് മേല്‍ താരിഫുകള്‍ ചുമത്തുമെന്നുറപ്പായി

യുഎസും മെക്‌സിക്കോയും തമ്മില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഡീലിലെത്തുന്നതിനുളള ചര്‍ച്ച പൊളിഞ്ഞു; മെക്‌സിക്കോയില്‍ നിന്നുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കില്‍  ഇറക്കുമതി വസ്തുക്കള്‍ക്ക് മേല്‍ താരിഫുകള്‍ ചുമത്തുമെന്നുറപ്പായി
യുഎസും മെക്‌സിക്കോയും തമ്മില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഡീലിലെത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഇരുപക്ഷവും നടത്തിയ തന്ത്രപ്രധാനമായ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരിക്കുകയാണ്. തെക്കന്‍ അതിര്‍ത്തിയിലൂടെ മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്ക് ഒഴുകിയെത്തുന്ന അനധികൃത കുടിയേറ്റത്തിന് വിരാമമിടാന്‍ മെക്‌സിക്കോ ശ്രമിച്ചിട്ടില്ലെങ്കില്‍ മെക്‌സിക്കോയില്‍ നിന്നും യുഎസിലേക്ക് കയറ്റി അയക്കുന്ന എല്ലാ സാധനങ്ങള്‍ക്ക് മേലും താരിഫുകള്‍ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിയെ തുടര്‍ന്നായിരുന്നു ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് മെകിസ്‌ക്കോ മുന്‍കൈയെടുത്തിരുന്നത്. ഇത് സംബന്ധിച്ച ട്രംപ് മുന്നോട്ട് വച്ച അവസാന തീയതി അടുക്കാനിരിക്കവെയാണ് ചര്‍ച്ചകള്‍ എട്ട് നിലയില്‍ പൊട്ടിയിരിക്കുന്നത്.

ഇതിനായി മെക്‌സിക്കോ, യുഎസ് നെഗോഷ്യേറ്റര്‍മാര്‍ ബുധനാഴ്ച നടത്തിയ ചര്‍ച്ചകളാണ് എവിടെയുമെത്താതെ പിരിഞ്ഞിരിക്കുന്നതെന്നാണ് ട്രംപ് ഭരണകൂടത്തിലെ ഒഫീഷ്യലുകള്‍ എന്‍ബിസി ന്യൂസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ആതിഥേയത്വം വഹിച്ച ചര്‍ച്ചയില്‍ മെക്‌സിക്കന്‍ ഫോറിന്‍ മിനിസ്റ്ററായ മാര്‍സെലോ എബ്‌റാര്‍ഡും മറ്റ് യുഎസ് മെക്‌സിക്കന്‍ ഉന്നത ഒഫീഷ്യലുകളും ഭാഗഭാക്കായിരുന്നു.

വൈറ്റ്ഹൗസില്‍ വച്ച് നടന്ന ഈ നിര്‍ണായകമായ ചര്‍ച്ച ഇത് സംബന്ധിച്ച യാതൊരു ഡീലിലുമെത്താതെ പിരിയുകയായിരുന്നു. ഇക്കാര്യത്തില്‍ വൈറ്റ്ഹൗസ് കടുത്ത നിലപാടുകള്‍ വെടിഞ്ഞ് വിട്ട് വീഴ്ച ചെയ്യണമെന്നായിരുന്നു മെക്‌സിക്കന്‍ സംഘം ആവശ്യപ്പെട്ടിരുന്നതെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ട്രംപ് ഭരണകൂടത്തിലെ സീനിയര്‍ ഒഫീഷ്യല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ നീക്കം അനുസരിച്ച് ജൂണ്‍ പത്ത് മുതല്‍ മെക്സിക്കോയില്‍ നിന്നും യുഎസിലേക്കെത്തുന്ന എല്ലാ സാധനങ്ങള്‍ക്ക് മേലും അഞ്ച് ശതമാനം താരിഫ് ചുമത്തുമെന്നാണ് പുതിയ ട്വീറ്റിലൂടെ ട്രംപ് വെളിപ്പെടുത്തിയിരുന്നത്.

അതായത് മെക്സിക്കോയില്‍ നിന്നും യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതിന് മെക്സിക്കോ മുന്‍കൈയെടുക്കാത്തിടത്തോളം കാലം ഈ താരിഫുകള്‍ ക്രമത്തില്‍ ഉയര്‍ത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ട്രംപ് ഇത്തരത്തില്‍ നിര്‍ദേശിച്ചിരിക്കുന്ന താരിഫുകള്‍ കടുത്ത അനീതിയാണെന്നാണ് മെക്സിക്കോയിലെ നോര്‍ത്ത് അമേരിക്കയ്ക്ക് വേണ്ടിയുള്ള നയതന്ത്രപ്രതിനിധിയായ ജീസസ് സീഡ് പ്രതികരിച്ചിരുന്നത്.

യുഎസ് മെക്സിക്കോ അതിര്‍ത്തിയില്‍ ട്രംപ് ഫെബ്രുവരിയില്‍ ഒരു നാഷണല്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചിരുന്നു. മെക്സിക്കോയില്‍ നിന്നും യുഎസ് സതേണ്‍ അതിര്‍ത്തിയിലൂടെ നിയന്ത്രണമില്ലാതെ കുടിയേറ്റക്കാര്‍ കടന്ന് വരുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഇതിനെ നിയന്ത്രിക്കുന്നതിന് ഇത്തരം താരിഫുകള്‍ അനിവാര്യമാണെന്നുമാണ് ട്രംപ് പുതിയ നീക്കത്തെ ന്യായീകരിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends