ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട് ; അഭിമാന മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി ; ചന്ദ്രയാന്‍ 2 ന്റെ വിജയകരമായ വിക്ഷേപണത്തില്‍ അഭിമാനത്തോടെ ഇന്ത്യ

ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട് ; അഭിമാന മുഹൂര്‍ത്തമെന്ന് പ്രധാനമന്ത്രി ; ചന്ദ്രയാന്‍ 2 ന്റെ വിജയകരമായ വിക്ഷേപണത്തില്‍ അഭിമാനത്തോടെ ഇന്ത്യ
രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും. ചന്ദ്രനെ കുറിച്ചുള്ള പുതിയ അറിവുകള്‍ക്ക് വഴി തുറക്കുമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇത് അഭിമാന നിമിഷമാണെന്നും ഓരോ ഇന്ത്യക്കാരും ഇന്ന് അഭിമാനിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. എല്ലാ ശാസ്ത്രജ്ഞരെയും മോദി അഭിനന്ദിച്ചു.

ശ്രീഹരിക്കോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ 2ന്റെ ചരിത്രപരമായ വിക്ഷേപണം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി ട്വീറ്റ് ചെയ്തു. പുതിയ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നേടുന്നതും പുതിയ അതിര്‍ത്തികള്‍ കീഴടക്കുന്നതും ഐ.എസ്.ആര്‍.ഒ തുടരട്ടെയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. ചന്ദ്രയാന്‍ 2 രാജ്യത്തിന്റെ ചരിത്ര കുതിപ്പെന്നും ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.കെ.ശിവന്‍ വ്യക്തമാക്കി. എല്ലാ തിരിച്ചടികളിലും തളരാതെ കരുത്തോടെ തിരിച്ചുവന്ന ടീമിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ചന്ദ്രനെ വലംവയ്ക്കാനുള്ള ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങാനുള്ള ലാന്‍ഡര്‍, അവിടെ സഞ്ചരിക്കാനുള്ള റോവര്‍ എന്നിവയും അതിലെ 11 ഉപകരണങ്ങളമുള്‍പ്പെടെ 3,840 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. പുറപ്പെടാന്‍ ഒരാഴ്ച വൈകിയെങ്കിലും ചന്ദ്രനില്‍ ഇറങ്ങാന്‍ കാലതാമസമുണ്ടാകില്ല. നേരത്തേ 54 ദിവസം കൊണ്ടാണ് ചന്ദ്രനില്‍ എത്താന്‍ നിശ്ചയിച്ചിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് 48 ദിവസം കൊണ്ട് എത്തും. സെപ്തംബര്‍ 6,7 തീയതികളില്‍ ലാന്‍ഡറും റോവറും ചന്ദ്രന്റെ മണ്ണിലിറങ്ങും.ഭൂമിയില്‍ നിന്ന് 3.84 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രന്റെ 100 കിലോമീറ്റര്‍ വരെ അടുത്ത് ഓര്‍ബിറ്റര്‍ എത്തിച്ച ശേഷമായിരിക്കും ലാന്‍ഡറിനെ ഇറക്കുന്നത്. ദൗത്യം വിജയിച്ചാല്‍ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണില്‍ റോവര്‍ ഇറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ആദ്യം ഇറങ്ങുന്ന രാജ്യവും ഇന്ത്യയായി.

Other News in this category4malayalees Recommends