മുന്‍ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു; അന്ത്യം ഡെല്‍ഹി എയിംസില്‍ വച്ച്; വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ജെയ്റ്റ്‌ലിയുടെ നില വഷളായത് ഇന്ന് ഉച്ചയോടെ

മുന്‍ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു;  അന്ത്യം ഡെല്‍ഹി എയിംസില്‍ വച്ച്; വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയിരുന്ന ജെയ്റ്റ്‌ലിയുടെ നില വഷളായത് ഇന്ന് ഉച്ചയോടെ
മുന്‍ധനമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റലി (66) അന്തരിച്ചു. ദില്ലി എയിംസില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയായിരുന്നു. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റലി മനോഹര്‍ പരീക്കര്‍ക്ക് മുന്‍പ് പ്രതിരോധമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളാകുകയായിരുന്നു. ഇക്കഴിഞ്ഞ ആഗസറ്റ് ഒന്‍പതിനാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്‌ലിയെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാരും ലോക്‌സഭാ സ്പീക്കറും ഈ ദിവസങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ എയിംസില്‍ എത്തിയിരുന്നു.

ബിജെപിയുടെ ഉന്നതനേതാക്കളില്‍ പ്രമുഖനാണ് ജെയ്റ്റ്‌ലി. 1998-2004 കാലയളവില്‍ വാജ്‌പേയി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവി വഹിച്ചു. 2014ല്‍ മോദി സര്‍ക്കാരില്‍ ധനം, പ്രതിരോധ വകുപ്പുകളുടെ ചുമതലയുള്ള ക്യാബിനറ്റ് മന്ത്രിയായിരുന്നു. 1991 മുതല്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം.

1952 ഡിസംബര്‍ 28ന് മഹാരാജ് കിഷന്‍ ജെയ്റ്റ്‌ലിയുടെയും രതന്‍ പ്രഭാ ജെയ്റ്റ്‌ലിയുടെയും മകനായി ജനനം. ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതല്‍ തടങ്കലില്‍ കഴിഞ്ഞു. 1973ല്‍ അഴിമതിക്കെതിരായി രൂപീകരിച്ച ജെ പി പ്രസ്ഥാനത്തില്‍ നേതാവായിരുന്നു. വിവിധ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. 1989ല്‍ വി പി സിംഗിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി.

2018 മെയ് മാസത്തില്‍ അരുണ്‍ ജെയ്റ്റ്‌ലിയെ എയിംസില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കടുത്ത പ്രമേഹ രോഗിയായ അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദയ ശസ്ത്രക്രിയക്കും വിധേയനായിരുന്നു. ഈ വര്‍ഷം ആദ്യം അമേരിക്കയില്‍ ശ്വാസകോശ ക്യാന്‍സറിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതേ തുടര്‍ന്നുള്ള ചികിത്സയിലായിരുന്നു ജെയ്റ്റ്‌ലി. സംഗീത ജെയ്റ്റ്‌ലിയാണ് ഭാര്യ. റോഹന്‍, സൗണാലി എന്നിവര്‍ മക്കളാണ്.

Other News in this category4malayalees Recommends