സാല്‍വിയോ ജോര്‍ജ് ഐ.എം.എ കലാപ്രതിഭ, നിയാ ജോസഫ് കലാതിലകം

സാല്‍വിയോ ജോര്‍ജ് ഐ.എം.എ കലാപ്രതിഭ, നിയാ ജോസഫ് കലാതിലകം

ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച 23-മത് കലോത്സവത്തില്‍ സാല്‍വിയോ ബിനോയി ജോര്‍ജ് കലാപ്രതിഭാ പട്ടം കരസ്ഥമാക്കി. ഐ.എം.എയുടെ മുന്‍ പ്രസിഡന്റ് നിര്യാതനായ ജോയി ചെമ്മാച്ചേലിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ എവര്‍ റോളിംഗ് ട്രോഫിയാണ് സാല്‍വിയോ കരസ്ഥമാക്കിയത്. ഐ.എം.എ കഴിഞ്ഞ 23 വര്‍ഷങ്ങളായി നല്‍കുന്ന കലാതിലകം ട്രോഫി നിയാ ജോസഫ് കരസ്ഥമാക്കി. സെപ്റ്റംബര്‍ 21-നു ശനിയാഴ്ച സീറോ മലബാര്‍ ദേവാലയത്തിലെ മൂന്നു ഓഡിറ്റോറിയങ്ങളില്‍ നടന്ന വിവിധ മത്സരങ്ങളിലൂടെയാണ് മത്സരാര്‍ത്ഥികള്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹരായത്.


ചിക്കാഗോയിലെ കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാന്‍ ഐ.എ.എ മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ചതാണ് കലാമേള. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനവധി കുട്ടികളും അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മാതാപിതാക്കളും മുന്നോട്ടുവന്നെങ്കിലും സമയപരിധിമൂലം എല്ലാവരേയും പങ്കെടുപ്പിക്കാന്‍ സാധിച്ചില്ല. രണ്ട് ആഴ്ചകള്‍ക്കുമുമ്പേ രജിസ്ട്രേഷന്‍ അവസാനിപ്പിക്കുകയായിരുന്നു. അന്നു വൈകുന്നേരം നടക്കുന്ന ഓണപരിപാടികള്‍ക്ക് തയാറാകേണ്ടിയിരുന്നതിനാലാണ് രജിസ്ട്രേഷന്‍ നേരത്തെ തന്നെ നിര്‍ത്തിയത്. എന്നാല്‍ അടുത്ത വര്‍ഷം മുന്‍ വര്‍ഷങ്ങളിലേ പോലെ തന്നെ ഒരു മുഴുവന്‍ദിന കലോത്സവം നടത്തുന്നതായിരിക്കുമെന്നു പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍ അറിയിച്ചു.

രാവിലെ 9 മണിക്കുതന്നെ സീറോ മലബാര്‍ ദേവാലയ വികാരി ഫാ. തോമസ് കറുകപ്പള്ളി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഓരോ ഹാളിലും നടക്കുന്ന പരിപാടികളുടെ ക്രമം നേരത്തെ തന്നെ പ്രസിദ്ധീകരിച്ച് മാതാപിതാക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. ആയതിനാല്‍ വളരെ ചിട്ടയോടും ക്രമത്തിലും എല്ലാ പരിപാടികളും നടന്നതില്‍ മാതാപിതാക്കളും, ഡാന്‍സ് സ്‌കൂള്‍ അധികൃതരും വളരെയേറെ സംതൃപ്തി പ്രകടിപ്പിച്ചു.

പ്രസിഡന്റ് ജോര്‍ജ് പണിക്കരുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം കൂടി പരിപാടികളുടെ നടത്തിപ്പ് വിലയിരുത്തി. സുനേന ചാക്കോ യുവജനോത്സവം കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. സെക്രട്ടറി ഷാനി ഏബ്രഹാം, ട്രഷറര്‍ ജോയി പീറ്റര്‍ ഇന്‍ഡിക്കുഴി എന്നിവര്‍ രജിസ്ട്രേഷന്‍ കോര്‍ഡിനേറ്റേഴ്സായിരുന്നു.

സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവ് സമ്മാനാര്‍ഹര്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.

അനില്‍കുമാര്‍ പിള്ള, ഏബ്രഹാം ചാക്കോ, ജോര്‍ജ് മാത്യു, തോമസ് ജോര്‍ജ്, ജോസി കുരിശിങ്കല്‍, റോയി മുളകുന്നം, പോള്‍ പി. പറമ്പി, ചന്ദ്രന്‍പിള്ള എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി.

ഓണപരിപാടികളോടനുബന്ധിച്ച് ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, റോയി മുളകുന്നം എന്നിവര്‍ സ്പോണ്‍സര്‍ ചെയ്ത സാരികള്‍ വിതരണം ചെയ്തു.

Other News in this category4malayalees Recommends