കൂടത്തായി കൂട്ടക്കൊല; പൊന്നാമറ്റം തറവാട്ടില്‍ നടന്ന രണ്ട് മരണങ്ങളില്‍ കൂടി ദുരൂഹത; കൊല്ലപ്പെട്ട ടോം തോമസിന്റെ സഹോദരന്മാരുടെ മക്കളുടെ മരണത്തിലും സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍; ജോളിയുമായി ഇരുവര്‍ക്കും അടുത്ത ബന്ധമെന്നും കണ്ടെത്തല്‍

കൂടത്തായി കൂട്ടക്കൊല; പൊന്നാമറ്റം തറവാട്ടില്‍ നടന്ന രണ്ട് മരണങ്ങളില്‍ കൂടി ദുരൂഹത; കൊല്ലപ്പെട്ട ടോം തോമസിന്റെ സഹോദരന്മാരുടെ മക്കളുടെ മരണത്തിലും സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍; ജോളിയുമായി ഇരുവര്‍ക്കും അടുത്ത ബന്ധമെന്നും കണ്ടെത്തല്‍

പൊന്നാമറ്റം തറവാട്ടില്‍ നടന്ന രണ്ട് മരണങ്ങള്‍ കൂടി കൊലപാതകമാണെന്ന് സംശയം. ജോളിയുടെ ആദ്യ ഭര്‍ത്താവിന്റെ പിതാവ് തോം തോമസിന്റെ സഹോദരന്മാരുടെ മക്കളുടെ മരണങ്ങളിലാണ് ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുള്ളത്. വിന്‍സെന്റ്, സുനീഷ് എന്നിവരാണ് മരിച്ചത്. അഗസ്റ്റിന്റെ മകന്‍ വിന്‍സെന്റ് 2002 ല്‍ തൂങ്ങി മരിക്കുകയായിരുന്നു. ഡൊമിനിക്കിന്റെ മകന്‍ സുനീഷ് 2008 ല്‍ വാഹനാപകടത്തിലും മരിച്ചു. മരിച്ചവര്‍ക്ക് ജോളിയുമായി അടുത്ത സാമ്പത്തിക ബന്ധവും ഇടപാടും ഉണ്ടായിരുന്നു.


ടോം തോമസിന്റെ സഹോദരന്‍ ഡൊമിനിക്കിന്റെ മകന്‍ സുനീഷ് ബൈക്കില്‍ സഞ്ചരിക്കവേയാണ് നാട്ടില്‍ വച്ച് തന്നെ മരിച്ചത്. അന്ന് സംശയമുണ്ടായിരുന്നില്ലെന്നും മരണശേഷം കണ്ടെടുത്ത സുനീഷിന്റെ ഡയറിയില്‍ ഞാന്‍ ഒരു ട്രാപ്പില്‍ പെട്ടിരിക്കുകയാണെന്ന് എഴുതിയിരുന്നുവെന്നും മാതാവ് എല്‍സമ്മ പറഞ്ഞു. ഇത്തരമൊരു ട്രാപ്പില്‍ വേറൊരാളും പെടരുത്. വേറൊരാള്‍ക്കും ഈ ഗതി വരരുത് എന്ന് ഡയറിയില്‍ എഴുതിയിരുന്നതായും എല്‍സമ്മ വെളിപ്പെടുത്തി. ഇങ്ങനെയൊരു കുറിപ്പ് എന്തിനായിരുന്നു എഴുതിയതെന്ന് തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു. സുനീഷ് മരിക്കുന്നത് 2008 ജനുവരിയിലാണ്. ടോം തോമസ് മരിക്കുന്നത് 2008 ആഗസ്റ്റിലും. മരിച്ച സുനീഷ് തന്റെ ഡയറിക്കുറിപ്പില്‍ താന്‍ ട്രാപ്പിലാണെന്ന് എഴുതിയിരുന്നു. സുനീഷിന് 10 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്നും എന്നാല്‍ ഇത്രയും തുകയുടെ ബാധ്യത എങ്ങനെ വന്നുവെന്ന് തങ്ങള്‍ക്കറിയില്ലെന്നും സുനീഷിന്റെ അമ്മ പറഞ്ഞു. സുനീഷ് ഇലക്ട്രീഷ്യനായിരുന്നു. പലയിടങ്ങളിലും ജോലി ചെയ്തുവരുന്നതിന് ഇടയിലായിരുന്നു മരണം.

അന്നമ്മയുടെ മരണത്തിന് ശേഷമായിരുന്നു വിന്‍സെന്റിന്റെ മരണം. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. അന്ന് തന്നെ മൃതദേഹം കിടന്ന നിലയില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് അത് ആത്മഹത്യയാണെന്ന രീതിയില്‍ തള്ളുകയായിരുന്നു. മരണത്തില്‍ സംശയം ഉണ്ടോയെന്ന് പൊലീസ് ചോദിച്ചെങ്കിലും സംശയം ഇല്ലെന്നായിരുന്നു ബന്ധുക്കള്‍ പറഞ്ഞത്. ഇവരെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതാണോ എന്ന സംശയമാണ് ബന്ധുക്കള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്.


Other News in this category4malayalees Recommends