'സുധാകരന്റെ ഭാഗത്തു നിന്നുണ്ടായ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു' ; വിഎസിനോട് മാപ്പു പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍

'സുധാകരന്റെ ഭാഗത്തു നിന്നുണ്ടായ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു' ; വിഎസിനോട് മാപ്പു പറഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെ സുധാകരന്‍ എംപിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദനോട് മാപ്പ് പറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജന്മദിനാശംസകള്‍ അറിയിക്കാന്‍ ഫോണില്‍ വിളിച്ചപ്പോഴാണ് അദ്ദേഹം വിഎസിനോട് മാപ്പ് പറഞ്ഞത്. സുധാകരന്റെ ഭാഗത്തു നിന്നുണ്ടായ പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്നും ദുഃഖമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.


കഴിഞ്ഞ ദിവസം വിഎസിന്റെ പ്രായത്തെ അധിക്ഷേപിച്ച് കെ സുധാകരന്‍ പ്രസ്താവന ഇറക്കിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു വിഎസിനെതിരെ കെ സുധാകരന്‍ പരിഹാസ പ്രസ്താവന നടത്തിയിരുന്നത്.

വറ്റിവരണ്ട തചലച്ചോറില്‍ നിന്ന് എന്ത് പരിഷ്‌ക്കാരമാണ് വരേണ്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം കെ സുധാകരന്‍ പരിഹസിച്ചിരുന്നത്. തൊണ്ണൂറാം വയസ്സില്‍ എടുക്കുക നടക്കുക എന്നൊരു ചൊല്ലുണ്ടെന്നും കെ സുധാകരന്‍ വിഎസിനെ പരിഹസിച്ചിരുന്നു. ഇത് 96 ആണ്. ഈ 96, വറ്റിവരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണപരിഷ്‌കാരമാണ് ഈ രാജ്യത്തു വരേണ്ടത്? എന്നാണ് സുധാകരന്റെ ആക്ഷേപം. 10 കോടി ചെലവഴിച്ചതിലൂടെ എന്തു നേട്ടമാണ് ഈ കേരളത്തിനു കിട്ടിയതെന്നും സുധാകരന്‍ ചോദിച്ചിരുന്നു.

Other News in this category4malayalees Recommends