ദവീന്ദര്‍ സിംഗിന്റെ പേരിലെ 'സിംഗി'ന് പകരം 'ഖാന്‍' എന്നായിരുന്നുവെങ്കില്‍ ആര്‍എസ്എസ് കോലാഹലം ഉണ്ടാക്കിയേനെ ; പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി

ദവീന്ദര്‍ സിംഗിന്റെ പേരിലെ 'സിംഗി'ന് പകരം 'ഖാന്‍' എന്നായിരുന്നുവെങ്കില്‍ ആര്‍എസ്എസ് കോലാഹലം ഉണ്ടാക്കിയേനെ ; പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി
തീവ്രവാദ ബന്ധത്തെ തുടര്‍ന്ന് കാശ്മീരില്‍ അറസ്റ്റിലായ ദവീന്ദര്‍ സിംഗിന്റെ പേരിലെ 'സിംഗി'ന് പകരം 'ഖാന്‍' എന്നായിരുന്നുവെങ്കില്‍ വലതുപക്ഷ സംഘടനയായ ആര്‍.എസ്.എസ് ഇപ്പോള്‍ വന്‍ കോലാഹലം ഉണ്ടാക്കിയേനെയെന്ന് പരിഹസിച്ച് കോണ്‍ഗ്രസിന്റെ ലോക്‌സഭാ നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി. 'ഖാന്‍' എന്നായിരുന്നു പേരെങ്കില്‍ ആര്‍.എസ്.എസിന്റെ 'ട്രോള്‍ റെജിമെന്റ്' ഇപ്പോള്‍ വന്‍ കോലാഹലവും കടുപ്പിച്ച നിലപാടുകളുമായി രംഗത്തെത്തിയേനെ എന്നായിരുന്നു ചൗധരിയുടെ പരിഹാസം.

രാജ്യത്തിന്റെ ശത്രുക്കള്‍ ശിക്ഷിക്കപ്പെടേണ്ടവരാണെന്നും അക്കാര്യത്തില്‍ മതം, നിറം, വംശം എന്നിവയ്ക്ക് സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പുല്‍വാമ ആക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളികള്‍ ആരാണെന്ന കാര്യത്തിലും ഇനി ചോദ്യമുയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അക്കാര്യം ഒരു പുതിയ കാഴ്ചപ്പാടില്‍ നോക്കി കാണണം. രാജ്യത്തിന്റെ 'പടച്ചട്ടയില്‍ കേടുപാട് സംഭവിച്ചിരിക്കുകയാണ്. ഇനിയും നമ്മള്‍ വിഡ്ഢികളായി ഇരിക്കാന്‍ പാടില്ല.' അദ്ദേഹം കുറിച്ചു.കഴിഞ്ഞ സ്വതന്ത്ര്യദിനത്തില്‍ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടിയ ജമ്മു കാശ്മീരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദര്‍ സിംഗ്, പിടികിട്ടാപ്പുള്ളികളായ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്കൊപ്പം ശനിയാഴ്ച അറസ്റ്റിലായിരുന്നു. ഭീകരരായ നവീദ് ബാബു, ആസിഫ് റാത്തര്‍ എന്നിവരോടൊപ്പം ഡല്‍ഹിയിലേക്കുള്ള യാത്രാമദ്ധ്യേ ശ്രീനഗര്‍ ജമ്മു ഹൈവേയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. ഇവരുടെ കാറില്‍ നിന്ന് എ.കെ. 47 റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തിരുന്നു.

Other News in this category4malayalees Recommends