വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധര്‍ ഹസാര സ്വദേശിയായ ആറുവയസുകാരിയെയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജലന്ധര്ഹോഷിയാര്പുര് റോഡിന് സമീപത്തായുള്ള കരിമ്പിന് തോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ബീഹാര്‍ സ്വദേശികളായ കുട്ടിയുടെ കുടുംബം ഇവിടെ ജോലിക്കായി എത്തിയതാണ്. മാതാപിതാക്കള്‍ ജോലിയില്‍ നിന്ന് മടങ്ങിവന്ന സമയത്താണ് കുട്ടിയെ കാണാനില്ലെന്ന് മനസിലാകുന്നത്. തുടര്‍ന്ന് ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഇതിനിടെ ഇവരുടെ അകന്ന ബന്ധുവും അയല്‍വാസിയുമായ സന്തോഷ് എന്ന യുവാവ് കുട്ടിയെ താന്‍ കൂട്ടിക്കൊണ്ടു പോയി ബിസ്ക്കറ്റ് വാങ്ങി നല്‍കിയിരുന്നുവെന്നും അതിനുശേഷം വീട്ടില്‍ തന്നെ മടക്കി കൊണ്ടു വന്നാക്കിയെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു.
എന്നാല്‍ എല്ലാവരും കുട്ടിയെ തിരയാന്‍ ആരംഭിച്ചതോടെ ഇയാളെ കാണാതാവുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചത്. ഇതോടെ ഇവര്‍ സന്തോഷിനെതിരെ പരാതി നല്‍കുകയായിരുന്നു.
ശനിയാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കരിമ്പിന്‍തോട്ടത്തില്‍ നിന്നും കണ്ടെത്തുന്നത്. കുട്ടി പീഡനത്തിനിരയായാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം എന്നാണ് പൊലീസ് പറയുന്നത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം, കൊലപാതകം എന്നിവയ്ക്ക് പുറമെ പോക്സോ വകുപ്പ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സന്തോഷിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.