മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം 'ലൂസിഫറിനെക്കുറിച്ചും'സംവിധായകന് പൃഥ്വിരാജിനെക്കുറിച്ചും മനസ്സുതുറന്ന് ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ സംവിധായകനായി ആദ്യം രാജേഷ് പിള്ളയെ ആയിരുന്നു തീരുമാനിച്ചിരുന്നതെന്ന് അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ വെളിപ്പെടുത്തി.
എട്ട് വര്‍ഷം മുന്‍പ് മുരളി ഗോപി ആശീര്‍വാദിന് വേണ്ടി ലൂസിഫര്‍ എന്ന പേരില്‍ ഒരു സിനിമ ചെയ്യാമെന്ന് ഏറ്റിരുന്നു. രാജേഷ് പിള്ളയായിരുന്നു സിനിമയുടെ സംവിധായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങളാല്‍ സിനിമ വൈകിപ്പോകുകയായിരുന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
''ഹൈദരാബാദില്‍ പൃഥ്വിരാജ് നായകനായ ടിയാന് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുരളി ഗോപി വീണ്ടും എന്നെ വിളിച്ചു, ' അണ്ണാ ഈ സിനിമ ആരെ വെച്ച് ഡയറക്ട് ചെയ്യിക്കാനാണ് പരിപാടി? ' അതൊന്നും തീരുമാനിച്ചിട്ടില്ലെന്ന് ഞാന്‍ പറഞ്ഞു. ' സിനിമയുടെ കഥ പൃഥ്വിരാജിനോട് പറഞ്ഞപ്പോള്‍ അയാള്‍ സിനിമ സംവിധാനം ചെയ്തോട്ടെ എന്ന് ചോദിച്ചു. ഞാന്‍ എന്താ പറയേണ്ടത്? എനിയ്ക്കു പെട്ടന്ന് മറുപടി പറയുവാന്‍ കഴിഞ്ഞില്ല. ഞാന്‍ ലാല്‍ സാറിനോട് ചോദിച്ചു. ' അത് കൊള്ളാലോ രാജു പടം ഡയറക്ട് ചെയ്യാന്‍ പോകയാണോ, നമുക്ക് ചെയ്യാം'. അടുത്ത ദിവസം തന്നെ ഞാന്‍ ഹൈദരാബാദിലേക്ക് പോയി. ആ പ്രോജെക്റ്റിനെക്കുറിച്ച് ധാരണയാക്കി.
മോഹന്‍ലാലിന്റെ വലിയ ഫാന്‍ ഞാന്‍ ആണെന്നാണ് ഇതുവരെ ധരിച്ചിരുന്നത്. എന്നാല്‍ ലൂസിഫര്‍ കണ്ടപ്പോള്‍ മനസ്സിലായി എന്നേക്കാള്‍ വലിയ ഫാന്‍ പൃഥ്വിരാജ് ആണെന്ന്. എമ്പുരാന്റെ കഥ എഴുതി കഴിഞ്ഞപ്പോള്‍ ഇതിനൊരു മൂന്നാം ഭാഗത്തിന് സ്കോപ് ഉണ്ടെന്നാണ് തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞത്. ദൈവം സഹായിച്ചാല്‍ അതും നടക്കും.''