ബ്രിട്ടീഷ് മനുഷ്യാവകാശ അഭിഭാഷകന്‍ കരീം അഹമ്മദ് ഖാന്‍ അടുത്ത ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍

ബ്രിട്ടീഷ് മനുഷ്യാവകാശ അഭിഭാഷകന്‍ കരീം അഹമ്മദ് ഖാന്‍ അടുത്ത ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍
ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ (ഐസിസി) അംഗരാജ്യങ്ങള്‍ ബ്രിട്ടീഷ് മനുഷ്യാവകാശ അഭിഭാഷകന്‍ കരീം അഹമ്മദ് ഖാനെ ട്രൈബ്യൂണലിന്റെ അടുത്ത ചീഫ് പ്രോസിക്യൂട്ടറായി തിരഞ്ഞെടുത്തു. ഒമ്പത് വര്‍ഷമാണ് കാലാവധി.


ന്യൂയോര്‍ക്കിലെ യുഎന്‍ പൊതുസഭയില്‍ വെള്ളിയാഴ്ച നടന്ന രണ്ട് റൗണ്ട് വോട്ടെടുപ്പിന് ശേഷം ഖാന്‍ മറ്റ് മൂന്ന് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ച് ഹേഗ് ആസ്ഥാനമായുള്ള കോടതിയുടെ മൂന്നാമത്തെ പ്രോസിക്യൂട്ടറായി. ആദ്യ റൗണ്ട് വോട്ടുകള്‍ക്ക് ശേഷം രണ്ടാമത്തെ റൗണ്ടില്‍ രേഖപ്പെടുത്തിയ 123 വോട്ടുകളില്‍ 72 ഉം ഖാന്‍ നേടി. വിജയിക്കാന്‍ 62 വോട്ടുകളാണ് ആവശ്യം.


സ്‌പെയിനിന്റെ കാര്‍ലോസ് കാസ്‌ട്രെസാന ഫെര്‍ണാണ്ടസ്, അയര്‍ലണ്ടിലെ ഫെര്‍ഗല്‍ ഗെയ്‌നര്‍, ഇറ്റലിയിലെ ഫ്രാന്‍സെസ്‌കോ ലോ വോയ് എന്നിവരെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.


വിവിധ സര്‍ക്കാരുകള്‍, രാഷ്ട്രത്തലവന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍, ഇരകള്‍ എന്നിവരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഖാന്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.


2018 ല്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഇറാഖിലെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ന്യൂനപക്ഷമായ യാസിദികള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന ഒരു പുതിയ ടീമിനെ നയിക്കാന്‍ പ്രത്യേക ഉപദേശകനായി

ഖാനെ നിയമിച്ചു.


ജൂണ്‍ 16ന് ഒമ്പതു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്ന ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ ഫാറ്റൗ ബെന്‍സൂദയില്‍ നിന്ന് ഖാന്‍ ചുമതലയേല്‍ക്കും.


ഗാംബിയ സ്വദേശിനിയായ ബെന്‍സൂദ ആഫ്രിക്കന്‍ യുദ്ധപ്രഭുക്കളെയും ലോകശക്തികളെയും ഒരുപോലെ പിന്തുടരുന്ന ഒരു പ്രോസിക്യൂട്ടറാണ്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈനികര്‍ നടത്തിയ ആരോപണവിധേയമായ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിച്ചതിനും, ഫലസ്തീനികളോട് ഇസ്രായേല്‍ പെരുമാറിയതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതിനും യു എസില്‍ ട്രംപ് ഭരണകൂടത്തിന്റെ അതൃപ്തിക്ക് ബെന്‍സൂദ ഇരയാകുകയും ചെയ്തു.


ട്രംപ് ഭരണകൂടം ബെന്‍സൗദയുടെ യുഎസ് വിസ റദ്ദാക്കുകയും പിന്നീട് അവരുടെയും മറ്റൊരു ഐസിസി ഉദ്യോഗസ്ഥന്റേയും സ്വത്തുക്കള്‍ മരവിപ്പിക്കുകയും, യുഎസിലേക്ക് പ്രവേശന നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. പുതിയ ബൈഡന്‍ ഭരണകൂടം ഉപരോധം അവലോകനം ചെയ്യുമെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും അവ ചുമത്തിയ ട്രംപ് കാലഘട്ടത്തിലെ എക്‌സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കാന്‍ തയ്യാറായിട്ടില്ല. ഫാറ്റൗ ബെന്‍സൂദ യുഎസിലെ ഒരു കോടതിയിലേയും അംഗമല്ല.


60 രാജ്യങ്ങള്‍ റോം ചട്ടം അംഗീകരിച്ചതിനുശേഷം 1998 ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി 2002 മുതല്‍ കേസുകള്‍ കേള്‍ക്കാന്‍ തുടങ്ങി. ഇന്ന് 123 രാജ്യങ്ങള്‍ ഈ കോടതിയിലെ അംഗങ്ങളാണ്.


'അടുത്ത ഐസിസി പ്രോസിക്യൂട്ടറായി കരീം അഹമ്മദ് ഖാനെ തെരഞ്ഞെടുത്തതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ലൈംഗിക, ലിംഗാധിഷ്ഠിത അതിക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ക്ക് ഇരകളായവര്‍ക്ക് നീതി ലഭ്യമാക്കാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പ്രോസിക്യൂട്ടര്‍ ഓഫീസിലെ പ്രവര്‍ത്തനങ്ങളോട് ലിംഗപരമായ കാഴ്ചപ്പാടും സമീപനവും കേന്ദ്രീകരിക്കാന്‍ പ്രോസിക്യൂട്ടര്‍ ബെന്‍സൂദ സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. പ്രോസിക്യൂട്ടര്‍ ഖാന്‍ ഈ പാരമ്പര്യത്തെ തുടര്‍ന്നും വളര്‍ത്തിയെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' ഗ്ലോബല്‍ ജസ്റ്റിസ് സെന്റര്‍ പ്രസിഡന്റ് അകില രാധാകൃഷ്ണന്‍ പറഞ്ഞു.


ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ അസോസിയേറ്റ് ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ഡയറക്ടര്‍ ലിസ് ഇവന്‍സണും അതേ അഭിപ്രായമാണുള്ളത്. കോടതി ആന്തരിക പ്രകടന പ്രശ്‌നങ്ങളും ബാഹ്യ സമ്മര്‍ദ്ദവും നേരിടുന്ന നിമിഷത്തിലാണ് ഖാന്റെ തിരഞ്ഞെടുപ്പ് വരുന്നതെന്ന് ലിസ് പറഞ്ഞു. അഫ്ഗാനിസ്ഥാന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, ലിബിയ, പലസ്തീന്‍ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ഏറ്റവും ഭീകരമായ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സാഹചര്യങ്ങളില്‍, ഇരകള്‍ക്ക് നീതി ലഭിക്കാനുള്ള നിര്‍ണായക പാതയാണ് ഐസിസി എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.


വംശഹത്യ, യുദ്ധക്കുറ്റങ്ങള്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, ആക്രമണ കുറ്റകൃത്യങ്ങള്‍ മുതലായ അന്താരാഷ്ട്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്ന വ്യക്തികളെ ഐസിസി അന്വേഷിക്കുകയും വിചാരണ ചെയ്യുകയും ചെയ്യുന്നു.


Other News in this category



4malayalees Recommends