ഇരുമുടിക്കെട്ടുമായി ശബരിമല ചവിട്ടി കന്നിസ്വാമി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; കൂടെ നിന്ന് മകന്‍ കബീര്‍ ആരിഫും

ഇരുമുടിക്കെട്ടുമായി ശബരിമല ചവിട്ടി കന്നിസ്വാമി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; കൂടെ നിന്ന് മകന്‍ കബീര്‍ ആരിഫും
കാല്‍നടയായി ഇരുമുടിക്കെട്ടേന്തി ശബരിമലയും പതിനെട്ടാംപടിയും ചവിട്ടി കയറി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയ്യപ്പ സ്വാമി ദര്‍ശനം നടത്തി. ഉപദേവതകളേയും മാളികപ്പുറത്തമ്മയെയും തൊഴുത് തിരികെയെത്തി ഹരിവരാസനവും കേട്ടു. ശബരിമല ദര്‍ശനത്തിന്റെ സന്തോഷം ഗവര്‍ണറുടെ ഇളയമകന്‍ കബീര്‍ ആരിഫും പങ്കുവെച്ചു. ഞായറാഴ്ച വൈകീട്ട് നാലേകാലോടെ പമ്പയിലെത്തിയ ഗവര്‍ണര്‍ ഒരുമണിക്കൂറിന് ശേഷം ഗണപതിക്ഷേത്രത്തിലെത്തി തൊഴുതു. മേല്‍ശാന്തിമാരായ സുരേഷ് ആര്‍ പോറ്റിയും നാരായണന്‍പോറ്റിയും ചേര്‍ന്ന് മണ്ഡപത്തില്‍ അപ്പോഴേക്കും ഗവര്‍ണര്‍ക്കും മകനുമുള്ള ഇരുമുടിക്കെട്ട് നിറ ഒരുക്കിയിരുന്നു. ഗവര്‍ണറും മകനും നിലത്തിരുന്ന് കെട്ടുനിറച്ചു.

ദക്ഷിണ നല്‍കി മേല്‍ശാന്തിമാരില്‍നിന്ന് ഇരുമുടിക്കെട്ട് തലയിലേറ്റി. ഗവര്‍ണര്‍ക്കായി ഡോളി ഒരുക്കിയെങ്കിലും വേണ്ടെന്ന് പറഞ്ഞ് സ്വാമി അയ്യപ്പന്‍ റോഡ് വഴി നടന്നായിരുന്നു മലകയറ്റം. ഇടയ്‌ക്കൊന്നും വലിയ വിശ്രമത്തിന് നിന്നില്ല. 40 മിനിറ്റില്‍ മരക്കൂട്ടം കടന്നു. ഏഴേകാലോടെ വലിയ നടപ്പന്തലിലെത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍ വാസു, അംഗം അഡ്വ. കെഎസ് രവി, ദേവസ്വം കമ്മിഷണര്‍ ബിഎസ് തിരുമേനി എന്നിവര്‍ പൊന്നാടയണിച്ചു.

പിന്നീട് പടിപൂജ സമയമായതിനാല്‍ ഗസ്റ്റ് ഹൗസിലെത്തി ഒരല്പം വിശ്രമം. ശേഷം പതിവ് വേഷം മാറ്റി. മുണ്ടും ജൂബ്ബയുമിട്ട് ഇരുമുടി കെട്ടുമേന്തി എട്ടേകാലോടെ മകനൊപ്പം അദ്ദേഹം പതിനെട്ടാംപടി ചവിട്ടി. സഹായത്തിന് പോലീസ് ഉദ്യോഗസ്ഥരുണ്ടായെങ്കിലും ആരുടേയും കൈപിടിക്കാതെയായിരുന്നു പടികയറ്റം. ശ്രീകോവിലിന് മുന്നിലെത്തി ശരണംവിളിച്ച് ഭഗവാനെ തൊഴുതുനിന്നു.

ഗവര്‍ണര്‍ക്ക് തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി ജയരാജ്‌പോറ്റിയും ശ്രീകോവില്‍നിന്ന് പ്രസാദവും അയ്യപ്പന് ചാര്‍ത്തിയ ഉടയാടയും നല്‍കി. തുടര്‍ന്ന് ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറത്തമ്മയ്ക്കരികിലേക്ക്. വാവരുനടയിലും തൊഴുത് പ്രസാദം വാങ്ങി. തിരികെ ശ്രീകോവിലിന് മുന്നിലെത്തുമ്പോഴേക്കും ഹരിവരാസന സമയമായിരുന്നു. ചൊല്ലിത്തീരുംവരെ പ്രാര്‍ത്ഥനയോടെ നിന്നു.

Other News in this category4malayalees Recommends