മന്‍സൂറിന്റെ കൊലപാതകത്തിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു ; രതീഷിന്റെ പരിക്ക് മരണത്തിന് മുമ്പ്; കൊലപാതക സാധ്യത തള്ളാതെ പൊലീസ്

മന്‍സൂറിന്റെ കൊലപാതകത്തിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു ; രതീഷിന്റെ പരിക്ക് മരണത്തിന് മുമ്പ്; കൊലപാതക സാധ്യത തള്ളാതെ പൊലീസ്
പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. മരണത്തിന് അല്‍പ്പ സമയത്തിന് മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതെന്ന് പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ട് പുറത്തു വന്നു. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രതീഷിന്റേത് കൊലപാതകമാണോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. രതീഷിന്റെ മുഖത്തും മുറിവുകളുണ്ട്. ഇത് ശ്വാസം മുട്ടിച്ചപ്പോഴുണ്ടായ പാടുകളാണോയെന്നാണ് പൊലീസിന്റെ സംശയം. കഴിഞ്ഞ ദിവസം ഫോറന്‍സിക് സര്‍ജനടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജി ജോസിനാണ് അന്വേഷണച്ചുമതല. രതീഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. രതീഷിന്റെ മൃതദേഹം കണ്ടെത്തിയ കശുമാവിന്‍ തോട്ടത്തിലും അന്വേഷണം സംഘം പരിശോധന നടത്തി.

രതീഷിന്റെ മരണത്തില്‍ യുഡിഎഫ് നേരത്തെ ദുരൂഹത ആരോപിച്ചിരുന്നു. അദ്ദേഹത്തെ സിപിഐഎം കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നാണ് സുധാകരന്‍ എംപി ആരോപിച്ചത്. 'കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. നിരവധി തെളിവുകള്‍ കൈവശമുള്ള വ്യക്തിയായിരുന്നു രതീഷ്. ഈ തെളിവുകള്‍ പുറത്തുവന്നാല്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട് നേതാക്കളുടെ വിവരങ്ങള്‍ പുറത്തുവരുമെന്ന ഭയം സിപിഐഎമ്മിനുണ്ട്. അതുകൊണ്ട് രതീഷിനെ കൊന്നിട്ട് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ട്.' പാനൂരിലെ യുഡിഎഫ് പ്രതിഷേധസംഗമത്തില്‍ സംസാരിച്ചുകൊണ്ട് സുധാകരന്‍ പറഞ്ഞു.

രതീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. രതീഷിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. തന്റെ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് കൊലപാതകങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Other News in this category4malayalees Recommends