മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിനെ മറ്റു പ്രതികള്‍ കെട്ടിത്തൂക്കി, പ്രകോപനം സിപിഐഎം നേതാവിനെതിരായ പരാമര്‍ശത്തില്‍'; കെ. സുധാകരന്‍

മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിനെ മറ്റു പ്രതികള്‍ കെട്ടിത്തൂക്കി, പ്രകോപനം സിപിഐഎം നേതാവിനെതിരായ പരാമര്‍ശത്തില്‍'; കെ. സുധാകരന്‍
പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണം സംബന്ധിച്ച് ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. രണ്ടാം പ്രതിയെ മറ്റു പ്രതികള്‍ ചേര്‍ന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു. കേസിലെ പ്രതികള്‍ ഒരുമിച്ച് താമസിക്കുന്നതിനിടെ ഒരു പ്രാദേശിക നേതാവിനെ കുറിച്ചുള്ള രതീഷിന്റെ പരാമര്‍ശത്തില്‍ പ്രകോപിതരായ പ്രതികള്‍ അദ്ദേഹത്തെ അക്രമിക്കുകയായിരുന്നുവെന്നാണ് സുധാകരന്റെ വെളിപ്പെടുത്തല്‍.

ആക്രമണത്തില്‍ രതീഷിന്റെ ബോധം പോയതോടെ മരത്തില്‍ കെട്ടിതൂക്കുകയായിരുന്നുവെന്നും സുധാകരന്‍ പറയുന്നു. പ്രതികള്‍ താമസിച്ച വളയത്തെ ഒരു പ്രാദേശിക പ്രവര്‍ത്തകനില്‍ നിന്നാണ് ഈ വിവരം തനിക്ക് ലഭിച്ചതെന്നും അയാളുടെ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും എംപി വ്യക്തമാക്കി.

പനോളി വത്സന്‍ എന്ന നേതാവാണ് മന്‍സൂര്‍ വധക്കേസ് ആസൂത്രണം ചെയ്തതെന്ന ആരോപണത്തില്‍ സുധാകരന്‍ ഉറച്ച് നിന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തിരഞ്ഞെടുപ്പ് ചുമതലയുള്ള സ്ഥലത്ത് അദ്ദേഹം എന്തുകൊണ്ട് വന്നില്ലെന്നും അദ്ദേഹം അവിടെ വന്നില്ലായെന്നതാണ് ഏറ്റവും സംശയാസ്പദമായ കാര്യമെന്നും സുധാകരന്‍ പറഞ്ഞു.

രതീഷിന്റെ മരണത്തില്‍ യുഡിഎഫ് നേരത്തെ ദുരൂഹത ആരോപിച്ചിരുന്നു. അദ്ദേഹത്തെ സിപിഐഎം കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നാണ് സുധാകരന്‍ എംപി ആരോപിച്ചത്. 'കേസിലെ രണ്ടാം പ്രതിയായ രതീഷിന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. നിരവധി തെളിവുകള്‍ കൈവശമുള്ള വ്യക്തിയായിരുന്നു രതീഷ്. ഈ തെളിവുകള്‍ പുറത്തുവന്നാല്‍ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട് നേതാക്കളുടെ വിവരങ്ങള്‍ പുറത്തുവരുമെന്ന ഭയം സിപിഐഎമ്മിനുണ്ട്. അതുകൊണ്ട് രതീഷിനെ കൊന്നിട്ട് കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ട്.' എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം.

Other News in this category4malayalees Recommends