പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്ക് വേണ്ടുന്ന മാന്യതയും പരിഗണനയും ലഭിക്കുന്നില്ല ; ബിജെപിയ്ക്ക് തിരിച്ചടിയുണ്ടായതിന്റെ കാരണം വെളിപ്പെടുത്തി സി കെ പദ്മനാഭന്‍

പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്ക് വേണ്ടുന്ന മാന്യതയും പരിഗണനയും ലഭിക്കുന്നില്ല ; ബിജെപിയ്ക്ക് തിരിച്ചടിയുണ്ടായതിന്റെ കാരണം വെളിപ്പെടുത്തി സി കെ പദ്മനാഭന്‍
തുടര്‍ഭരണം ജനങ്ങളുടെ മനസില്‍ കുറേ കാലമായി നിലനില്‍ക്കുന്നൊരു സ്വപനമായിരുന്നെന്ന് ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിച്ച ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ സി.കെ.പദ്മനാഭന്‍. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ മറ്റ് പല സംസ്ഥാനങ്ങളെക്കാള്‍ മികച്ച കാര്യക്ഷമത പിണറായി സര്‍ക്കാര്‍ കാണിച്ചിട്ടുണ്ട്. പിണറായി വിജയന്‍ തീര്‍ച്ചയായും തുടരട്ടെ എന്നും സി.കെ.പദ്മനാഭന്‍ പറഞ്ഞു.

പാര്‍ട്ടിയിലേക്ക് പുതിയ ആളുകള്‍ വരുമ്പോള്‍ അവരുടെ മുന്‍കാല ചരിത്രം പഠിക്കാതെ പാര്‍ട്ടിയിലെ ഉന്നത പദവി നല്‍കുന്നത് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് എ.പി അബ്ദുള്ളകുട്ടിക്ക് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയതിനെക്കുറിച്ച് സി.കെ.പദ്മനാഭന്‍ പറഞ്ഞു.

സി.കെ.പദ്മനാഭന്‍ പറയുന്നതിങ്ങനെ

നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ നല്‍കിയിട്ടുള്ള ജനവിധിയെ ആത്മാര്‍ത്ഥമായി സ്വാഗതം ചെയ്യുകയാണ്. കാരണം തുടര്‍ഭരണം എന്നുള്ളത് കേരളത്തിലെ ജനങ്ങളുടെ മനസില്‍ കുറേ കാലമായി നിലനില്‍ക്കുന്നൊരു സ്വപ്നമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആ സ്വപ്നസാക്ഷാല്‍ക്കാരത്തിനു വേണ്ടി പിണറായി നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിന് വീണ്ടും അധികാരത്തില്‍ വരുന്നതിന് ശക്തവും വ്യക്തവുമായ വിധി നല്‍കി. പിണറായി ചെയ്ത ഒരു പാട് നല്ല കാര്യങ്ങളുണ്ട്. അതില്‍ കുറ്റങ്ങള്‍ മാത്രം കാണുകയെന്നത് ഒരു ശരിയായ നിലപാടല്ല. ശരി ചെയ്യുമ്പോള്‍ ശരിയാണെന്ന് പറയുന്ന ഒരു പ്രതിപക്ഷം ഉണ്ടാവണം അല്ലാതെ കണ്ണുമടച്ച് എന്തിനെയും എതിര്‍ക്കുക എന്നുള്ളതാണ് പ്രതിപക്ഷ ധര്‍മ്മം എന്ന് ചിന്തിക്കുന്നത് വികലമായ ഒരു ജനാധിപത്യ ബോധമാണ്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ മറ്റ് പല സംസ്ഥാനങ്ങളെക്കാള്‍ മികച്ച കാര്യക്ഷമത പിണറായി സര്‍ക്കാര്‍ കാണിച്ചിട്ടുണ്ട്. പിണറായി വിജയന്‍ തീര്‍ച്ചയായും തുടരട്ടെ. അതൊരു ദോഷമല്ല.

ബി.ജെ.പിയുടെ തോല്‍വിക്ക് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അതിന്റെ ഭരണത്തിന് നേതൃത്വം കൊടുത്ത പിണറായി വിജയനോട് കേരളത്തിലെ ജനങ്ങള്‍ക്കുള്ള താല്പര്യം ഈ തിരഞ്ഞെടുപ്പില്‍ വളരെ വ്യക്തമായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് തിരഞ്ഞെടുപ്പില്‍ പരാജയപെട്ടു എന്നുള്ളതിനെ കുറിച്ച് ഒരു സ്വയം വിമര്‍ശനം, നല്ല നിലക്കുള്ള ആത്മപരിശോധന നടത്തേണ്ട സമയമാണ് ബി.ജെ.പിയെ സംബന്ധിച്ച് ഇപ്പോള്‍ വന്നിട്ടുള്ളത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവസാന നിമിഷം വരെ പലതരത്തില്‍ ഉള്ള അവ്യക്തതയും ആശയക്കുഴപ്പവും പല മണ്ഡലങ്ങളിലും ഉണ്ടായിരുന്നത് വേണ്ടവിധത്തില്‍ മുന്നോട്ട് പോവുന്നതിന് സഹായിച്ചിട്ടില്ല എന്നുള്ളത് ഒരു സത്യമാണ്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പലതരത്തില്‍ ഉള്ള അതൃപ്തിയും ഉണ്ട്. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ക്ക് വേണ്ടുന്ന മാന്യതയും പരിഗണനയും ലഭിക്കുന്നില്ല എന്നുള്ള പരാതി കഴിഞ്ഞ കുറേ കാലമായി കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. കെ.സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കേണ്ട സ്ഥിതി എങ്ങനെയാണ് അവസാന നിമിഷത്തില്‍ ഉണ്ടായത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല.Other News in this category4malayalees Recommends