'20ാം തീയതി അവരെന്നെ ലോക്ക് ചെയ്യും, പിന്നെയെനിക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല, അള്ളാഹു കൊണ്ടുതന്നെ അവസരമാണിതെന്നാണ് അവര്‍ പറഞ്ഞത്'; അബ്ദുള്ളക്കുട്ടിയ്ക്കും ബിജെപിക്കുമെതിരെ ഐഷ സുല്‍ത്താന

'20ാം തീയതി അവരെന്നെ ലോക്ക് ചെയ്യും, പിന്നെയെനിക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല, അള്ളാഹു കൊണ്ടുതന്നെ അവസരമാണിതെന്നാണ് അവര്‍ പറഞ്ഞത്'; അബ്ദുള്ളക്കുട്ടിയ്ക്കും ബിജെപിക്കുമെതിരെ ഐഷ സുല്‍ത്താന
ബിജെപിയുടെയും അബ്ദുള്ളക്കുട്ടിയുടെയും ലക്ഷ്യം തന്നെ ഒറ്റപ്പെടുത്തുക എന്നത് മാത്രമാണെന്ന് ഐഷ സുല്‍ത്താന. തന്നെ ലക്ഷദ്വീപില്‍ ഒതുക്കുക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഗൂഢാലോചന സമയത്ത് അള്ളാഹു കൊണ്ടുതന്നെ അവസരമെന്നാണ് അവര്‍ പറഞ്ഞതെന്നും ഐഷ സുല്‍ത്താന പറഞ്ഞു.

കഴിഞ്ഞദിവസമാണ് ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. സ്വകാര്യ ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് കേസ്. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ ഉദ്ദേശിച്ചല്ലെന്നും ഐഷ വിവാദങ്ങള്‍ക്ക് മറുപടിയായി പറഞ്ഞിരുന്നു.

ഐഷ സുല്‍ത്താനയുടെ വാക്കുകള്‍

'20ാം തീയതി ഹാജരാകണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. എന്നെ അവര്‍ അവിടെ തന്നെ ലോക്ക് ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ ആവശ്യവും അതാണ്. പിന്നെയെനിക്ക് കേരളത്തിലേക്ക് വരാന്‍ സാധിക്കില്ല, കേസ് കഴിയാതെ. ജയിലില്‍ ഇട്ടില്ലെങ്കിലും ദ്വീപിന് വിട്ട് പോകാന്‍ അനുമതിയുണ്ടാവില്ല. അബ്ദുള്ളക്കുട്ടിയുടെ ഗൂഢാലോചനയാണ് ഇവിടെ വരെ കൊണ്ടെത്തിച്ചത്. ശബ്ദ സന്ദേശം എല്ലാവരും കേട്ടതാണല്ലോ. ആയിഷയെ പേടിപ്പിക്കണം, ഒതുക്കി കളയണം, ദ്വീപീന് പുറത്തേക്ക് വരരുത്. ഒറ്റപ്പെടുത്തണം ഇതൊക്കെയാണ് ഈ കേസിന്റെ അടിസ്ഥാനം.

അള്ളാഹു കൊണ്ടുതന്നെ അവസരമെന്ന് ഗൂഢാലോചന സമയത്താണ് അവര്‍ പറഞ്ഞത്. അല്ലെങ്കില്‍ ഇത് ക്ഷമിക്കാന്‍ പറ്റുന്നയൊരു തെറ്റു മാത്രമാണിത്. പറ്റിയ അബദ്ധം എന്താണെന്ന് വളരെ ക്ലീയറായി മനസിലായി. അത് പറയുകയും ചെയ്തു. ഞാന്‍ ഒരിക്കലും രാജ്യത്തിന് എതിരല്ല. ദ്വീപുകാര്‍ക്ക് എന്നെ ഒറ്റാന്‍ ഒരിക്കലും പറ്റില്ല. അതുകൊണ്ടാണ് അവര്‍ രാജിക്കത്ത് നല്‍കിയത്. ഞാന്‍ രാജ്യദ്രോഹിയല്ലെന്ന് അവര്‍ക്ക് അറിയാം.'

അതേസമയം, ഐഷയ്‌ക്കെതിരായ നീക്കത്തില്‍ ലക്ഷദ്വീപ് ബിജെപിയില്‍ വന്‍പൊട്ടിത്തെറിയാണ് ഉണ്ടായത്. ചെത്ത്‌ലത്ത് ദ്വീപിലെ 12 ബിജെപിക്കാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ബിജെപി സ്റ്റേറ്റ് സെക്രട്ടറി അബ്ദുള്‍ ഹമീദ്, ചെത്തലത്ത് ദ്വീപിലെ സെക്രട്ടറി, വഖഫ് ബോര്‍ഡ് അംഗം എന്നിവര്‍ അടക്കമുള്ളവരാണ് രാജിക്കത്ത് അയച്ചത്. ഐഷയ്‌ക്കെതിരെ ബിജെപി അധ്യക്ഷന്‍ കവരത്തി പൊലീസിന് പരാതി നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് കത്തില്‍ പറയുന്നു.

Other News in this category4malayalees Recommends