നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാതിരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ വീടുകളില്‍ കയറി രണ്ട് ലക്ഷം രൂപ കോഴ നല്‍കി ; പരാതി നല്‍കി എംഎല്‍എ

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാതിരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ വീടുകളില്‍ കയറി രണ്ട് ലക്ഷം രൂപ കോഴ നല്‍കി ; പരാതി നല്‍കി എംഎല്‍എ
നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാതിരിക്കാന്‍ ബി.ജെ.പി നേതാക്കള്‍ വീടുകളില്‍ കയറി രണ്ട് ലക്ഷം രൂപ കോഴ നല്‍കിയതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. കാസര്‍ഗോഡ് മധൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍പെട്ട ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകളിലാണ് ഇത്തരത്തില്‍ പണം നല്‍കിയതെന്നാണ് എം.എല്‍.എയുടെ ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

ഏപ്രില്‍ അഞ്ചാം തിയ്യതി വോട്ടെടുപ്പിന്റെ തലേദിവസം രാത്രി വീടുകള്‍ സന്ദര്‍ശിച്ച് മൂവായിരം രൂപ മുതല്‍ ആറായിരം രൂപ വരെ കോഴ നല്‍കിയിട്ടുണ്ടെന്നാണ് നെല്ലിക്കുന്ന് നല്‍കിയ പരാതിയില്‍ പറയുന്നത്. ബിജെപിയുടെ പ്രാദേശിക നേതാക്കളാണ് വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് ചെയ്യാതെ വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി.

സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ചേശ്വരം മണ്ഡലത്തിലെ എതിര്‍ സ്ഥാനാര്‍ഥിക്കു പണം നല്‍കിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടവെയാണ് തൊട്ടടുത്ത മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കു പണം നല്‍കിയെന്ന പരാതിയും ബി.ജെ.പിക്കെതിരെ ഉയരുന്നത്.

മഞ്ചേശ്വരത്ത് ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വോട്ട് ചെയ്യാതിരിക്കാന്‍ പലര്‍ക്കും ബിജെപി പണം നല്‍കിയിട്ടുണ്ടെന്ന ആരോപണം കഴിഞ്ഞ ദിവസം എംഎല്‍എ എകെഎം അഷറഫും ഉയര്‍ത്തിയിരുന്നു. ഇതിന് കൃത്യമായ തെളിവ് തന്റെ കൈവശമുണ്ടെന്നും അഷറഫ് വ്യക്തമാക്കി.

Other News in this category4malayalees Recommends