പെഗാസസ് സോഫ്‌റ്റ്വെയര്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയതാണോ എന്നും ഇന്ത്യയിലെ ചില വ്യക്തികള്‍ക്കെതിരെ ഇത് ഉപയോഗിച്ചിട്ടുണ്ടോ എന്നും മാത്രമാണ് ഞങ്ങള്‍ ചോദിക്കുന്നത് ; വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

പെഗാസസ് സോഫ്‌റ്റ്വെയര്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയതാണോ എന്നും ഇന്ത്യയിലെ ചില വ്യക്തികള്‍ക്കെതിരെ ഇത് ഉപയോഗിച്ചിട്ടുണ്ടോ എന്നും മാത്രമാണ് ഞങ്ങള്‍ ചോദിക്കുന്നത് ; വിമര്‍ശനവുമായി രാഹുല്‍ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ ഫോണുകളില്‍ ഒരു ആയുധം കേറ്റുകയും അത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ആത്മാവിനെ ആക്രമിക്കാന്‍ ഉപയോഗിച്ചുവെന്നും കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തെ നിശബ്ദമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ തന്ത്രം മെനയുന്നതിനുള്ള 14 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. പെഗാസസ് വിഷയം പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമാവുകയും പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആവര്‍ത്തിച്ച് മാറ്റിവയ്ക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.

'പ്രതിപക്ഷം മുഴുവന്‍ ഇവിടെയുണ്ട്, പാര്‍ലമെന്റില്‍ ഞങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുകയാണ്. പെഗാസസ് സോഫ്‌റ്റ്വെയര്‍ കേന്ദ്ര സര്‍ക്കാര്‍ വാങ്ങിയതാണോ എന്നും ഇന്ത്യയിലെ ചില വ്യക്തികള്‍ക്കെതിരെ ഇത് ഉപയോഗിച്ചിട്ടുണ്ടോ എന്നും മാത്രമാണ് ഞങ്ങള്‍ ചോദിക്കുന്നത്,' രാഹുല്‍ ഗാന്ധി പറഞ്ഞു.

'നിങ്ങളുടെ ഫോണുകളില്‍ നരേന്ദ്ര മോദി ഒരു ആയുധം കയറ്റുകയും, പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ ഇത് ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ച ഉണ്ടാകേണ്ടതല്ലേ എന്നാണ് എനിക്ക് ജനങ്ങളോട് ചോദിക്കാനുള്ളത്,' രാഹുല്‍ ഗാന്ധി പറഞ്ഞു.

'പെഗാസസിനെക്കുറിച്ച് ഒരു ചര്‍ച്ച വേണ്ടെന്ന് പ്രതിപക്ഷം സമ്മതിച്ചാല്‍ ഈ വിഷയം കുഴിച്ചുമൂടപ്പെടും. പെഗാസസ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടാതെ ഒരു വിട്ടുവീഴ്ചയ്ക്കും പ്രതിപക്ഷം തയ്യാറല്ല,' രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Other News in this category4malayalees Recommends