25 ലക്ഷം മുടക്കി ഭാര്യയെ കാനഡയിലെത്തിച്ചു, മാസങ്ങള്‍ക്ക് ശേഷവും കൂടെ കൊണ്ടുപോകാമെന്ന വാക്കു പാലിക്കാത്തതില്‍ മനം നൊന്ത് 24 കാരന്‍ ആത്മഹത്യ ചെയ്തു ; യുവതിയ്‌ക്കെതിരെ കേസെടുത്തു

25 ലക്ഷം മുടക്കി ഭാര്യയെ കാനഡയിലെത്തിച്ചു, മാസങ്ങള്‍ക്ക് ശേഷവും കൂടെ കൊണ്ടുപോകാമെന്ന വാക്കു പാലിക്കാത്തതില്‍ മനം നൊന്ത് 24 കാരന്‍ ആത്മഹത്യ ചെയ്തു ; യുവതിയ്‌ക്കെതിരെ കേസെടുത്തു
പഞ്ചാബില്‍ 24 വയസുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാനഡയിലുള്ള ഭാര്യയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ഘോട്ടെ ഗോബിന്ദപുര സ്വദേശി ലവ്പ്രീത് സിങ്ങിന്റെ മരണത്തിലാണ് ഭാര്യ ബീന്ത് കൗറി(21)നെതിരേ പഞ്ചാബ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വഞ്ചനാ കുറ്റം അടക്കമുള്ളവ ചുമത്തിയിട്ടുണ്ട്.

ജൂണ്‍ 23നാണ് ലവ്പ്രീതിനെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 25 ലക്ഷത്തോളം രൂപ മുടക്കി ഭര്‍ത്താവ് ഭാര്യയെ കാനഡയില്‍ അയച്ചിരുന്നു. എന്നാല്‍ അവിടെ എത്തിയശേഷം ഭര്‍ത്താവിനെ ഒപ്പം കൊണ്ടുപോകാന്‍ ഭാര്യ തയ്യാറായില്ല. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.

2019 ഓഗസ്റ്റ് രണ്ടിനാണ് ലവ്പ്രീതും ബീന്ത് കൗറും വിവാഹിതരായത്. ഓഗസ്റ്റ് 17ന് യുവതി പഠനത്തിനായി കാനഡയിലേക്ക് പോയി. ഏകദേശം 25 ലക്ഷം രൂപ കാനഡയിലെ പഠനത്തിനായി മരുമകള്‍ക്ക് വേണ്ടി ചെലവഴിച്ചെന്നാണ് ലവ്പ്രീതിന്റൈ പിതാവ് ബല്‍വീന്ദര്‍ സിങ് പറയുന്നത്.

മാസങ്ങള്‍ക്കുള്ളില്‍ ലവ്പ്രീതിനെയും കാനഡയിലേക്ക് കൊണ്ടുപോകുമെന്നാണ് ബീന്ത് കൗര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാനഡയിലെത്തിയതോടെ മരുമകള്‍ തന്റെ മകന് നല്‍കിയ വാക്ക് തെറ്റിച്ചെന്നും അവനുമായി സംസാരിക്കുന്നത് പോലും നിര്‍ത്തിയെന്നും ബല്‍വീന്ദറിന്റെ പരാതിയില്‍ പറയുന്നു. ഇക്കാരണത്താല്‍ മകന്‍ ഏറെ ദുഃഖിതനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൃഷിയിടത്തില്‍ കീടനാശിനി കഴിച്ച് മരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. കാനഡയില്‍ സ്ഥിരതാമസമാക്കാനായിരുന്നു യുവാവിന്റെ മോഹം.

കാനഡയില്‍ എത്തിയ ശേഷം തന്റെ മകനെ ഭാര്യ വഞ്ചിച്ചുവെന്നും അവന് നല്‍കിയ വാക്ക് അവള്‍ പാലിച്ചില്ല എന്നും പിതാവ് ആരോപിക്കുന്നു. മകനുമായി സംസാരിക്കാന്‍ പോലും താല്‍പര്യം കാണിച്ചില്ലെന്ന് പിതാവ് പറയുന്നു. ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം പരാതിപ്പെടുന്നത്.

ഇതോടെയാണ് കാനഡയിലുള്ള യുവതിക്കെതിരെ പോലീസ് വഞ്ചനാകുറ്റം ചുമത്തി കേസെടുത്തത്. കോവിഡ് പ്രതിസന്ധി കാരണമാണ് കൊണ്ടുപോകാന്‍ വൈകിയതെന്നാണ് ഭാര്യ നല്‍കുന്ന വിശദീകരണം.

Other News in this category4malayalees Recommends