രണ്ടാം ഒളിംപിക് മെഡലിലേക്ക് ഒരുചുവട് കൂടി അടുത്ത് പി വി സിന്ധു; ജപ്പാന്റെ ലോക അഞ്ചാം നമ്പര്‍ താരത്തെ വീഴ്ത്തി സെമിയില്‍

രണ്ടാം ഒളിംപിക് മെഡലിലേക്ക് ഒരുചുവട് കൂടി അടുത്ത് പി വി സിന്ധു; ജപ്പാന്റെ ലോക അഞ്ചാം നമ്പര്‍ താരത്തെ വീഴ്ത്തി സെമിയില്‍
2019 ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം ചൂടിയ പി വി സിന്ധുവിന്റെ പ്രകടം ഒളിംപിക്‌സില്‍ വീണ്ടും ആവര്‍ത്തിക്കുമോ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് നാലാം സീഡായ അകാനെ യാമാഗുചിയെ ഏകപക്ഷീയ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ വീഴ്ത്തിക്കൊണ്ട് സിന്ധു നല്‍കിയിരിക്കുന്നത്.

നേരിട്ട സെറ്റുകള്‍ക്ക് വിജയം നേടിക്കൊണ്ടാണ് ടോക്യോ ഒളിംപിക്‌സില്‍ സിന്ധു സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. റിയോയില്‍ ആദ്യ ഒളിംപിക്‌സിന് എത്തിയപ്പോള്‍ വെള്ളി മെഡല്‍ നേടിയാണ് താരം മടങ്ങിയത്.

ലോക അഞ്ചാം നമ്പര്‍ താരമായ അകാനെ യാമാഗുചിയെ 21-13, 22-20 എന്ന സ്‌കോറിലാണ് സിന്ധു തോല്‍പ്പിച്ചത്. സെമിയില്‍ ലോക ഒന്നാം നമ്പര്‍ തായ്‌വാന്റെ തായ് സൂ യിംഗിനെയോ, ആറാം നമ്പര്‍ താരം തായ്‌ലാന്‍ഡിന്റെ റചാനോക് ഇന്റാനോകിനെയോ ആണ് നേരിടേണ്ടി വരിക.

അകാനെയുടെ പരാജയത്തോടെ ടോക്യോയില്‍ സിംഗിള്‍സ് ബാഡ്മിന്റണില്‍ ജപ്പാന്റെ പ്രതീക്ഷ അസ്തമിച്ചു. തിടുക്കം പിടിക്കാതെ സമാധാനപരമായാണ് സിന്ധു താരത്തെ നേരിട്ടത്. കൃത്യമായ സമയങ്ങളില്‍ പോയിന്റ് പിടിച്ച് മുന്നേറിയ സിന്ധുവിന്റെ പ്രതിരോധത്തെ മറികടക്കാന്‍ ജപ്പാന്‍ താരം ബുദ്ധിട്ടു.


Other News in this category4malayalees Recommends