അഞ്ചു മണിക്കൂറോളം കാത്തുനിന്നിട്ടും ആശുപത്രിയില്‍ ബെഡ് കിട്ടിയില്ല ; അഞ്ചു വയസുകാരന്‍ മരിച്ചു ; കുഞ്ഞിനേയും കൊണ്ട് ഓടുന്ന പിതാവിന്റെ ചിത്രം വേദനയാകുന്നു ; സംഭവം യുപിയില്‍

അഞ്ചു മണിക്കൂറോളം കാത്തുനിന്നിട്ടും ആശുപത്രിയില്‍ ബെഡ് കിട്ടിയില്ല ; അഞ്ചു വയസുകാരന്‍ മരിച്ചു ; കുഞ്ഞിനേയും കൊണ്ട് ഓടുന്ന പിതാവിന്റെ ചിത്രം വേദനയാകുന്നു ; സംഭവം യുപിയില്‍
ഉത്തര്‍പ്രദേശില്‍ പനി ബാധിതനായ കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ചു. ഫിറോസാബാദ് മെഡിക്കല്‍ കോളേജിലാണ് സംഭവം. മണിക്കൂറോളം കാത്തുനിന്നിട്ടും അഞ്ചുവയസുകാരനായ ഹൃത്വിക്കിന് ആശുപത്രിയില്‍ പ്രവേശനം ലഭിച്ചില്ല. ആശുപത്രി കിടക്കകളുടെ അപര്യാപ്തതയുണ്ടെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. ചികിത്സ ലഭിക്കാതെ കുഞ്ഞ് മരണപ്പെട്ടതോടെ മൃതദേഹവുമായി ഓടുന്ന പിതാവ് രാജ്കുമാറിന്റെ ചിത്രം വലിയ രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

കുട്ടിയെ ആദ്യം സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. എന്നാല്‍, 40,000 രൂപ മുന്‍കൂറായി നല്‍കാതെ ചികിത്സ തുടങ്ങില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഒരുദിവസം കഴിഞ്ഞ് പണം എത്തിക്കാമെന്ന് സ്വകാര്യ ആശുപത്രി അധികൃതരോട് പറഞ്ഞെങ്കിലും അവര്‍ ചികിത്സനല്കാന്‍ തയ്യാറായില്ല. ഇതോടെയാണ് കുട്ടിയുമായി ഫിറോസാബാദ് മെഡിക്കല്‍ കോളേജില്‍ എത്തിയതെന്ന് പിതാവ് പറയുന്നു. കുട്ടിയെ മെഡിക്കല്‍ കോളേജിലെത്തിച്ച് ഏറെ നേരം കാത്തുനിന്നെങ്കിലും അവര്‍ ചികിത്സ തുടങ്ങാന്‍ തയ്യാറായില്ല. മണിക്കൂറുകള്‍ കാത്തുനിന്നെങ്കിലും കിടക്ക ലഭിച്ചില്ലെന്നും പിതാവ് ആരോപിച്ചു.

കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതിനിടെയാണ് സംസ്ഥാനത്ത് അജ്ഞാത പനി പടര്‍ന്നുപിടിച്ചത്. ഇതോടെ നിരവധിപേരാണ് ദിവസേന പനിയുമായി ആശുപത്രികളില്‍ ചികിത്സതേടുന്നത്. ഇതിനിടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും സ്ഥീരീകരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗിന്റെ നിര്‍ദേശപ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ തോറും സര്‍വേ നടത്തുകയും സംശയാസ്പദമായ കേസുകള്‍ പരിശോധിച്ചുവരികയുമാണ്.

Other News in this category4malayalees Recommends