പാത്രങ്ങള്‍ പ്രത്യേകം സൂക്ഷിക്കും ; സ്വന്തമായി തന്നെ കഴിയണം ; ദളിത് കുട്ടികള്‍ക്ക് സ്‌കൂളില്‍ വിവേചനം ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

പാത്രങ്ങള്‍ പ്രത്യേകം സൂക്ഷിക്കും ; സ്വന്തമായി തന്നെ കഴിയണം ; ദളിത് കുട്ടികള്‍ക്ക് സ്‌കൂളില്‍ വിവേചനം ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
എണ്‍പത് കുട്ടികളില്‍ അറുപത് പേരും ദളിത് വിഭാഗത്തില്‍ പെടുന്ന വിദ്യാര്‍ത്ഥികളുള്ള സ്‌കൂളിലും ജാതി വിവേചനമെന്ന് ആക്ഷേപം. ഉത്തര്‍പ്രദേശിലെ മൈന്‍പുരിയിലെ ദൗദാപൂര്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് പിഞ്ചു കുട്ടികളെ ജാതിയുടെ പേരില്‍ സ്‌കൂള്‍ അധികൃതര്‍ മാറ്റി നിര്‍ത്തിയത്. വിവേചനം സംബന്ധിച്ച പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഭക്ഷണം നല്‍കുന്ന മേഖലയില്‍ ദളിത് വിഭാഗത്തില്‍ പെടുന്ന കുട്ടികളുടെ പാത്രങ്ങള്‍ പ്രത്യേകം മാറ്റിവച്ച നിലയില്‍ കണ്ടെത്തി. ഭക്ഷണ ശേഷം കുട്ടികള്‍ തന്നെയാണ് തങ്ങളുടെ പാത്രങ്ങള്‍ കഴുകിയിരുന്നത് എന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാതി വിവേചനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഗരീം രജ്പുത്തിനെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് പാചകകാരെ പിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. ദളിത് കുട്ടികളുടെ പാത്രങ്ങള്‍ തങ്ങള്‍ തൊടാറില്ലെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ തന്നെ പിന്‍മാറുകയായിരുന്നു എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗ്രാമത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സര്‍പ്പഞ്ച് നടത്തിയ അന്വേഷണത്തിലാണ് ജാതിവിവേചനം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വന്നത്. സ്‌കൂളിലെ ജാതി വിവേചനം സംബന്ധിച്ച പരാതി ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് മെയിന്‍പുരി ബേസിക് ശിക്ഷാ അധികാരി കമല്‍ സിംഗും വ്യക്തമാക്കുന്നു.

Other News in this category4malayalees Recommends