'ദശരഥ പുത്രന്‍ രാമനെ ' പൊലീസ് കണ്ടെത്തി ; വൈറല്‍ സംഭവത്തില്‍ യഥാര്‍ത്ഥയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ് ; കബളിപ്പിച്ച് വിവരം നല്‍കിയതും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതും 'പണിയായി'

'ദശരഥ പുത്രന്‍ രാമനെ ' പൊലീസ് കണ്ടെത്തി ; വൈറല്‍ സംഭവത്തില്‍ യഥാര്‍ത്ഥയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ് ; കബളിപ്പിച്ച് വിവരം നല്‍കിയതും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതും 'പണിയായി'
വാഹന പരിശോധനയ്ക്കിടെ തെറ്റായ വിവരം നല്‍കി പൊലീസിനെ കബളിപ്പിച്ച ശേഷം നവമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിക്കെതിരെയാണ് ചടയമംഗലം പൊലീസ് കേസ് എടുത്തത്. അയോധ്യയിലെ ദശരഥന്റെ മകന്‍ രാമന്‍ എന്ന പേരും വിലാസവും നല്‍കിയ യുവാവ് പൊലീസിനെ കബളിപ്പിച്ചത് നവമാധ്യമങ്ങളില്‍ വലിയ പരിഹാസത്തിന് വഴിവച്ചിരുന്നു.

ഒടുവില്‍ അയോധ്യയിലെ ദശരഥ പുത്രന്‍ രാമന്റെ യഥാര്‍ഥ പേരും വിലാസവും ചടയമംഗലം പൊലീസ് കണ്ടെത്തി. ആളുടെ സ്ഥലം കാട്ടാക്കടയ്ക്കടുത്ത് മൈലാടി. യഥാര്‍ഥ പേര് നന്ദകുമാര്‍. ഈ മാസം പന്ത്രണ്ടിനാണ് നന്ദകുമാര്‍ സീറ്റ് ബല്‍റ്റ് ഇടാതെ വണ്ടിയോടിച്ചതിന് പൊലീസിന്റെ പിടിയിലായത്. 500 രൂപ പിഴയൊടുക്കിയ പൊലീസിനോടാണ് നന്ദകുമാര്‍ തെറ്റായ മേല്‍വിലാസം നല്‍കിയത്.

സ്ഥലം അയോധ്യയെന്നും അച്ഛന്റെ പേര് ദശരഥന്‍ എന്നും സ്വന്തം പേര് രാമന്‍ എന്നും നന്ദകുമാര്‍ പറഞ്ഞു. നന്ദകുമാര്‍ നല്‍കിയത് തെറ്റായ പേരും വിലാസവുമാണെന്ന് മനസിലായെങ്കിലും പേര് എന്തായാലും സര്‍ക്കാരിന് കാശു കിട്ടിയാല്‍ മതിയെന്നായിരുന്നു പിഴയൊടുക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. എന്നാല്‍ കള്ളപേരും വിലാസവും പറഞ്ഞ് പൊലീസിനെ ട്രോളിയ വീഡിയോ നന്ദകുമാര്‍ പ്രചരിപ്പിച്ചതോടെയാണ് പൊലീസ് കേസ് എടുത്തതും ആളെ കണ്ടെത്തിയതും.

ഐപിസി 419, കേരള പൊലീസ് ആക്ടിലെ 121, മോട്ടോര്‍ വാഹന നിയമത്തിലെ 179 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് മുന്നും. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തും.

Other News in this category



4malayalees Recommends