9 മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിനേഷനില്‍ നൂറു കോടിയിലെത്തി ; ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ ; ആഘോഷ പരിപാടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍

9 മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിനേഷനില്‍ നൂറു കോടിയിലെത്തി ;  ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ ; ആഘോഷ പരിപാടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍
കോവിഡ് വാക്‌സിനേഷനില്‍ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്‌സിന്‍ ഡോസ് ഇന്ന് നൂറ് കോടി കടന്നു. ഒമ്പത് മാസത്തിനുള്ളിലാണ് ഇന്ത്യ നൂറ് കോടി ഡോസ് വാക്‌സിന്‍ എന്ന ചരിത്രത്തിലേക്ക് കുതിച്ചത്. 2021 ജനുവരി 16 നായിരുന്നു വാക്‌സിന്‍ വിതരണം ആരംഭിച്ചത്.

ചരിത്ര നിമിഷത്തില്‍ വലിയ ആഘോഷ പരിപാടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. രാജ്യത്തെ വിമാനങ്ങള്‍, കപ്പല്‍, ട്രെയിനുകളില്‍ എന്നിവിടങ്ങളില്‍ നൂറ് കോടി ഡോസ് വാക്‌സിന്‍ കടന്നതിന്റെ പ്രഖ്യാപനമുണ്ടാകും. ബുധനാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം 99.70 കോടി ഡോസുകളാണ് ഇതുവരെ നല്‍കിയത്.

കേരളത്തിലെ രണ്ട് സ്ഥലങ്ങളിലാണ് ആഘോഷ പരിപാടികള്‍ നടക്കുക. ബേക്കല്‍ കോട്ടയിലും കണ്ണൂര്‍ കോട്ടയിലും ആഘോഷങ്ങള്‍ നടക്കും.

കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച്, രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 75 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. എന്നാല്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചവരുടെ അനുപാതം 31 ശതമാനം മാത്രമാണ്. സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ വിതരണം നടത്തിയത് ഉത്തര്‍പ്രദേശിലാണ്.

12 കോടിയിലേറെയാണ് ഉത്തര്‍പ്രദേശിലെ വാക്‌സിനേഷന്‍. പിന്നാലെ മഹാരാഷ്ട്രയും ഗുജറാത്തുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.


Other News in this category4malayalees Recommends