മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ്; ഇറ്റലിയിലുള്ള അനിത പുല്ലയിലിന്റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്

മോന്‍സന്റെ സാമ്പത്തിക തട്ടിപ്പ്; ഇറ്റലിയിലുള്ള അനിത പുല്ലയിലിന്റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്
മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രവാസി മലയാളി അനിത പുല്ലയിലിന്റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്. ഇറ്റലിയില്‍ ഉള്ള അനിതയുടെ മൊഴി വീഡിയോ കോള്‍ വഴിയാണ് രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നു എന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. മോന്‍സന്‍ മാവുങ്കലിനെ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താന്‍ ആണെന്ന് അനിത പുല്ലയില്‍ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിനെ കുറിച്ച് അനിത പുല്ലയിലിന് അറിയാമായിരുന്നുവെന്ന് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയിരുന്നു. മോന്‍സന്റെ പുരാവസ്തു ശേഖരത്തിലുള്ളത് വ്യാജസാധനങ്ങളാണെന്ന് അനിത പുല്ലയിലിന് അറിയാമായിരുന്നു. മോന്‍സന്റെ മുന്‍ മാനേജര്‍ എല്ലാ കാര്യങ്ങളും അനിതയോട് പറഞ്ഞിരുന്നുവെന്നും അജി പറഞ്ഞിരുന്നു.

തട്ടിപ്പ് മനസ്സിലായതിന് ശേഷവും അനിത മോന്‍സനുമായി സൗഹൃദം പുലര്‍ത്തിയിരുന്നു. രാജകുമാരിയില്‍ നടന്ന മോന്‍സന്റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത പുല്ലയില്‍ സജീവമായി പങ്കെടുത്തിരുന്നു. മോന്‍സന്റെ വീട്ടില്‍ അനിത ഒരാഴ്ച താമസിച്ചിരുന്നു. പ്രവാസി ഫെഡറേഷന്‍ ഭാരവാഹികളുടെ ഓഫീസ് ആയി മോന്‍സന്റെ പുരാവസ്തു മ്യൂസിയം പ്രവര്‍ത്തിച്ചിരുന്നു. വിദേശമലയാളികളായ ഉന്നതരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നല്‍കിയിരുന്നു.

അനിത പുല്ലയിലും ഐജി ലക്ഷ്മണയും തമ്മിലുള്ള ചാറ്റും പുറത്ത് വന്നിരുന്നു. മോന്‍സനുമായി തെറ്റിയതിന് ശേഷമുള്ള സംഭാഷണങ്ങളാണ് പുറത്ത് വന്നത്. മോന്‍സനെ സൂക്ഷിക്കണമെന്ന് ലോക്‌നാഥ് ബഹ്‌റ തന്നോട് പറഞ്ഞിരുന്നതായും അനിത പുല്ലയില്‍ ഐജി ലക്ഷമണയോട് സംസാരിക്കുന്നുണ്ട്. തെളിവുകള്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചു വരികയാണ്.


Other News in this category4malayalees Recommends