പ്രിയങ്ക ഗാന്ധി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കിടെ കൈകളില്‍ ത്രിശൂലം പിടിച്ചിരിക്കുന്ന ചിത്രം വ്യാജം ; വൈറല്‍ ചിത്രത്തിലെ സത്യമിത്

പ്രിയങ്ക ഗാന്ധി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കിടെ കൈകളില്‍ ത്രിശൂലം പിടിച്ചിരിക്കുന്ന ചിത്രം വ്യാജം ; വൈറല്‍ ചിത്രത്തിലെ സത്യമിത്
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ഒരു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കിടെ കൈകളില്‍ ഒരു ത്രിശൂലം പിടിച്ചിരിക്കുന്നതായി കാണിക്കുന്ന ഫോട്ടോ വ്യാജമായി സൃഷ്ടിച്ചത്. വൈറലായ ഫോട്ടോയില്‍, പ്രിയങ്ക ഗാന്ധി കണ്ണുകള്‍ അടച്ച് ഒരു ത്രിശൂലം പിടിച്ച് നിലത്ത് ഇരിക്കുന്നത് കാണാം.

ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സംസ്ഥാനത്തെ വിവിധ ജില്ലകള്‍ സന്ദര്‍ശിക്കുകയും ആളുകളുമായി സംവദിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഫോട്ടോ പങ്കുവയ്ക്കപ്പെടുന്നത്.


'ഇത് നിരുത്തരവാദത്തിന്റെയും കപടതയുടെയും ഉയര്‍ന്ന തലം' എന്ന അടിക്കുറിപ്പോടെയാണ് ഒരാള്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. 'പിങ്കി എത്ര വേഗത്തിലാണ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നത്, തിരഞ്ഞെടുപ്പ് വരുമ്പോള്‍ അവര്‍ രാധേ മായാകുമോ?' എന്ന അടിക്കുറിപ്പോടെയും ഇതേ ഫോട്ടോ ട്വീറ്റ് ചെയ്യപ്പെടുന്നുണ്ട്.

അതേസമയം വൈറല്‍ ഫോട്ടോ മോര്‍ഫ് ചെയ്തതാണെന്നും യഥാര്‍ത്ഥ ഫോട്ടോയില്‍ പ്രിയങ്ക ഗാന്ധി വദ്ര തന്റെ കൈകളില്‍ ത്രിശൂലം പിടിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ കണ്ടെത്തി. ഗൂഗിള്‍ ഇമേജുകള്‍ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തിയപ്പോള്‍, 2019 മാര്‍ച്ചിലെ ഒരു വാര്‍ത്താ റിപ്പോര്‍ട്ടിനോടൊപ്പം ഉള്ളതാണ് യഥാര്‍ത്ഥ ഫോട്ടോ എന്നും ഇപ്പോള്‍ പ്രചരിക്കുന്ന ത്രിശൂലം പിടിച്ച ഫോട്ടോ ഡിജിറ്റല്‍ മാറ്റങ്ങള്‍ വരുത്തിയതാണെന്നും കണ്ടെത്തി.

2019 മാര്‍ച്ച് 19 ലെ ഇന്ത്യ ടിവി റിപ്പോര്‍ട്ടിലുള്ള യഥാര്‍ത്ഥ ഫോട്ടോയില്‍ പ്രിയങ്ക ഗാന്ധി വാദ്രയുടെ കൈയില്‍ ത്രിശൂലം ഇല്ല, മാത്രമല്ല പ്രിയങ്കയുടെ കൈകള്‍ ചിത്രത്തില്‍ കാണാനാകില്ല. കൂടാതെ, പ്രിയങ്കയുടെ നെറ്റിയിലെ ചുവന്ന കുറിക്ക് മോര്‍ഫ് ചെയ്ത ഫോട്ടോയില്‍ ഉള്ളത്ര നീളമില്ല.

'മിര്‍സാപൂര്‍ ജില്ലയിലെ വിന്ധ്യവാസിനി ക്ഷേത്രത്തില്‍ യുപിഈസ്റ്റ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര പ്രാര്‍ത്ഥിക്കുന്നു.' എന്നും ഇതില്‍ പറഞ്ഞിരിക്കുന്നു

2019 മാര്‍ച്ച് 19 ന് മിര്‍സാപൂരിലെ വിന്ധ്യവാസിനി ക്ഷേത്രത്തില്‍ പ്രിയങ്ക ഗാന്ധി വാദ്ര സന്ദര്‍ശിച്ചതിന്റെ ഫോട്ടോകള്‍ യുപി കോണ്‍ഗ്രസും ട്വീറ്റ് ചെയ്തിരുന്നു. ഈ ഫോട്ടോകളിലും, പ്രിയങ്കയുടെ കൈകളില്‍ ത്രിശൂലമില്ല, വ്യാജ വൈറല്‍ ചിത്രത്തില്‍ കാണുന്നതു പോലെ അവര്‍ വളകളും ധരിച്ചിട്ടില്ല.

Other News in this category4malayalees Recommends