ഉത്തര്‍പ്രദേശ് പ്രയാഗ്രാജില് കൊല്ലപ്പെട്ട നാലംഗ കുടുംബത്തിലെ 16 വയസുകാരി മരണത്തിനുമുന്പ് കൂട്ട ബലാത്സംഗത്തിനിരയായി ആരോപണം. നവംബര്‍ 25 വ്യാഴാഴ്ചയാണ് ദളിത് കുടുംബത്തിലെ 50 വയസ്സുള്ള ഗൃഹനാഥനും 45 വയസ്സുള്ള ഭാര്യയും അവരുടെ 16 വയസുകാരിയായ മകളും 10 വയസുകാരനായ മകനും അടക്കം നാലുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.പിന്നാലെ അയല്‍വാസികളായ 'ഉന്നത ജാതിക്കാരാണ്' കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.കൊല്ലപ്പെട്ട 16 കാരിയായ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
ഇതുപ്രകാരം കേസില്‍ 11 പേര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂട്ടബലാത്സംഗം, കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൂടുതല്‍പ്പേരെ ചോദ്യം ചെയ്യുന്നതിനായും അറസ്റ്റുതുടരുമെന്നും പ്രയാഗ്രാജ് പൊലീസ് മേധാവി മാധ്യമങ്ങളെ അറിയിച്ചത്.നാലുപേരുടെയും തലയില്‍ കോടാലി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ മൃതദേഹം വീടിനുള്ളിലെ മുറിയിലും മറ്റ് മൂന്ന് മൃതദേഹങ്ങള്‍ വീട്ടുമുറ്റത്ത് നിന്നുമാണ് കണ്ടെത്തിയത്.
2019 മുതല്‍ ആരോപണവിധേയരായ അയല്‍വാസികളും കൊല്ലപ്പെട്ട കുടുംബവും തമ്മില്‍ ഭൂമി തര്‍ക്കമുണ്ടായതായും കഴിഞ്ഞ സെപ്റ്റംബറില്‍ ഇതുമായി ബന്ധപ്പെട്ട് ഇവര്‍ കുടുംബത്തെ ആക്രമിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഇത് പൊലീസ് ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. സെപ്റ്റംബര്‍ 21 നുണ്ടായ സംഭവത്തില്‍ ഒരാഴ്ചയ്ക്ക് ശേഷമാണ് എഫഐആറിട്ടത്. പിന്നാലെ കൊല്ലപ്പെട്ട കുടുംബത്തിനെതിരെയും എഫ്ഐആറിട്ട് പരാതി പിന്‍വലിപ്പിക്കുകയാണുണ്ടായതെന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണത്തില്‍ പ്രതികരിച്ച പ്രയാഗ്രാജ് പൊലീസ് മേധാവി സര്‍വശ്രേഷ്ഠ ത്രിപാഠി, 2019ലും 2021ലും ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട ചിലര്‍ക്കെതിരെ എസ്സി/എസ്ടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും, ഈ കേസുകളില്‍ ഉയരുന്ന ആരോപണങ്ങളില്‍ കര്‍ശന നടപടിയെടുക്കുമെന്നുമായിരുന്നു പ്രസ്താവനയില്‍ വ്യക്തമാക്കിയത്.