സഹകരണ സംഘങ്ങള്‍ 'ബാങ്ക്' എന്ന പേര് ഉപയോഗിക്കരുത്; നിക്ഷേപങ്ങള്‍ക്ക് നിയമപരിരക്ഷയില്ലെന്ന് ആര്‍ബിഐ

സഹകരണ സംഘങ്ങള്‍ 'ബാങ്ക്' എന്ന പേര് ഉപയോഗിക്കരുത്; നിക്ഷേപങ്ങള്‍ക്ക് നിയമപരിരക്ഷയില്ലെന്ന് ആര്‍ബിഐ
സഹകരണ സംഘങ്ങള്‍ക്കെതിരായ നിലപാട് കടുപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സഹകരണ സംഘങ്ങള്‍ക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കി ആര്‍ബിഐ പരസ്യം പുറത്തിറക്കി. സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും ആര്‍ബിഐ പരസ്യക്കുറിപ്പില്‍ പറയുന്നു.

2020 സെപ്റ്റംബര്‍ 29ന് നിലവില്‍ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം, 2020 മുഖേന 1949 ലെ ബാങ്കിംഗ് നിയന്ത്രണ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ബാഅര്‍ ആക്ട് 1949 ലെ വകുപ്പുകള്‍ അനുസരിച്ചോ അല്ലെങ്കില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചതോ ഒഴികെയുള്ള സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ് എന്ന വാക്കുകള്‍ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാന്‍ പാടില്ലെന്ന് ആര്‍ബിഐ പുറത്തിറക്കിയ പരസ്യ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരം ബാങ്കുകള്‍ക്ക് ബിആര്‍ ആക്ട് 1949 പ്രകാരം ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും ഇവയെ ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ആര്‍ബിഐ അധികാരപ്പെടുത്തിയിട്ടില്ലെന്നും റിസര്‍വ് ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ യോഗേഷ് ദയാല്‍ വ്യക്തമാക്കി. ഇത്തരം സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രഡിറ്റ് ഗ്യാരണ്ടി കോര്‍പ്പേറേഷന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ലെന്നും ജാഗ്രത പാലിക്കണമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.


Other News in this category4malayalees Recommends