ഒമിക്രോണ്‍ സ്‌ട്രെയിന്‍ സ്‌കോട്ട്‌ലണ്ടില്‍ പ്രവേശിക്കുന്നത് തടയാന്‍ ഇംഗ്ലീഷ് അതിര്‍ത്തി അടയ്ക്കുമോ? സൂപ്പര്‍ മ്യൂട്ടന്റ് എത്തിച്ചേരാന്‍ ഇനി വൈകില്ല; ശ്രദ്ധ വേണമെന്ന് ഫസ്റ്റ് മിനിസ്റ്റര്‍; വരുംദിവസങ്ങളില്‍ കൂടുതല്‍ യാത്രാവിലക്കുകള്‍ വന്നേക്കും

ഒമിക്രോണ്‍ സ്‌ട്രെയിന്‍ സ്‌കോട്ട്‌ലണ്ടില്‍ പ്രവേശിക്കുന്നത് തടയാന്‍ ഇംഗ്ലീഷ് അതിര്‍ത്തി അടയ്ക്കുമോ? സൂപ്പര്‍ മ്യൂട്ടന്റ് എത്തിച്ചേരാന്‍ ഇനി വൈകില്ല; ശ്രദ്ധ വേണമെന്ന് ഫസ്റ്റ് മിനിസ്റ്റര്‍; വരുംദിവസങ്ങളില്‍ കൂടുതല്‍ യാത്രാവിലക്കുകള്‍ വന്നേക്കും

സ്‌കോട്ട്‌ലണ്ടില്‍ അധികം വൈകാതെ ഒമിക്രോണ്‍ കേസുകള്‍ ഉണ്ടാകുമെന്ന ധാരണ വേണമെന്ന് നിക്കോള സ്റ്റര്‍ജന്‍. അതിനാല്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ യാത്രാ വിലക്കുകള്‍ ആവശ്യമായി വരുമെന്നും ഫസ്റ്റ് മിനിസ്റ്റര്‍ വ്യക്തമാക്കി. ഇതുവരെ സൂപ്പര്‍ മ്യൂട്ടന്റ് സ്‌ട്രെയിന്‍ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇതിന് ഏറെ താമസം വരില്ലെന്നാണ് സ്റ്റര്‍ജന്‍ വ്യക്തമാക്കുന്നത്.


ഇംഗ്ലീഷ് അതിര്‍ത്തി അടയ്ക്കുന്ന വിഷയത്തിലും ബിബിസിയോട് സംസാരിക്കവെ സ്റ്റര്‍ജന്‍ മനസ്സ് തുറന്നു. ഇത് ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും മുന്‍പ് സ്‌കോട്ടിഷ് ഗവണ്‍മെന്റ് യുകെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ ഉപദേശം നല്‍കിയിരുന്നതായി അവര്‍ ചൂണ്ടിക്കാണിച്ചു. എന്നിരുന്നാലും ഇത് അവസാന നടപടിയാകുമെന്നും സ്റ്റര്‍ജന്‍ വ്യക്തമാക്കി.

പുതിയ വേരിയന്റിന്മേല്‍ ആശങ്ക വളരുന്നത് തടയാന്‍ ഹെല്‍ത്ത് സെക്രട്ടറി ആശ്വാസ വാക്കുകള്‍ പങ്കുവെയ്ക്കുമ്പോഴാണ് സ്റ്റര്‍ജന്റെ പ്രതികരണം. ക്രിസ്മസിന് തയ്യാറെടുക്കാനും, ലോക്ക്ഡൗണ്‍ വേണ്ടിവരില്ലെന്നുമാണ് ജാവിദ് ജനങ്ങളോട് വ്യക്തമാക്കുന്നത്. സമയം നീട്ടിക്കിട്ടാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി.

ഇംഗ്ലണ്ടിന് സമാനമായി ഷോപ്പുകളിലും, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച മുതല്‍ രാജ്യത്ത് പ്രവേശിക്കുന്നവര്‍ രണ്ടാം ദിവസം നെഗറ്റീവ് പിസിആര്‍ ഫലം നേടണം. ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് ഏറെ വൈകില്ലെന്ന് നമ്മള്‍ മനസ്സിലാക്കണം. അതുകൊണ്ട് ജനങ്ങള്‍ ഇത് മുന്‍നിര്‍ത്തി പെരുമാറണം, സ്റ്റര്‍ജന്‍ വ്യക്തമാക്കി.

വരും ദിനങ്ങളില്‍ കൂടുതല്‍ യാത്രാ വിലക്കുകള്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന ആശങ്കയും നിക്കോള സ്റ്റര്‍ജന്‍ പങ്കുവെച്ചു. മുന്‍ വിലക്കുകളിലേക്ക് തിരിച്ച് പോകാന്‍ ആരും ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും ആവശ്യമായി വന്നാല്‍ നടപടിയെടുക്കുമെന്നും ഫസ്റ്റ് മിനിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
Other News in this category4malayalees Recommends