ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ മുംബൈ സ്വദേശി കൊവിഡ് ; ഒമിക്രോണ്‍ ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല ; നിരീക്ഷണത്തില്‍
ഒമിക്രോണ്‍ ഭീതി നിലനില്‍ക്കെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ മുംബൈ സ്വദേശി കൊവിഡ് പൊസിറ്റീവ് എന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഡല്‍ഹി വഴി നവംബര്‍ 24 മുംബൈയിലെത്തിയ ഡോംബിവാലി സ്വദേശിയാണ് കൊവിഡ് പോസിറ്റീവ് ആയത്. എന്നാല്‍ യാത്രക്കാരനെ ബാധിച്ചിരിക്കുന്നത് വകഭേദം വന്ന ഒമിക്രോണ്‍ വൈറസ് ആണോ എന്നതില്‍ സ്ഥിരീകരണമില്ല.കേപ്ടൗണില്‍ നിന്നും ദുബായ് വഴിയാണ് യാത്രക്കാരന് ഇന്ത്യയിലെത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും കണക്ഷന് വിമാനത്തില്‍ മുംബൈയില്‍ എത്തിയ ഇയാള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. ഇയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സ്വയം ഹോം ക്വാറന്റെയിന് ആയിരുന്ന ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്തതായി മുംബൈ മുന്‍സിപ്പല്‍ കോര്പറേഷന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
യാത്രക്കാരന്റെ വിവരങ്ങള്‍ വിമാനത്താവള അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഇയാളുടെ സഹയാത്രികരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കെഡിഎംസി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രക്കാരനെ ബാധിച്ചിരിക്കുന്നത്. കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വേരിയന്റ് ആണോ എന്നറിയാന്‍ ജിനോം സീക്വന്‍സിങ്ങിനായി അദ്ദേഹത്തിന്റെ സാമ്പിളുകള്‍ അയച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.പ്രദീപ് വ്യാസ് അറിയിച്ചു.
അതിനിടെ, കേന്ദ്ര ആഭ്യന്തരസെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ ഇന്ത്യയിലേക്കെത്തുന്ന അന്താരാഷ്ട്ര വിമാനയാത്രക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ മന്ത്രാലയം പുതുക്കി നിശ്ചയിച്ചു. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തിലാണ് നടപടി. വിദേശത്ത് നിന്ന് എത്തുന്നവര്‍ 14 ദിവസത്തെ യാത്രാവിവരങ്ങള്‍ അറിയിക്കണം.