രൂപമാറ്റം വന്ന കോവിഡ് വേരിയന്റിന് അസ്വാഭാവിക ലക്ഷണങ്ങള്‍; ഒമിക്രോണ്‍ വേരിയന്റിന്റെ ആദ്യ സൂചനകള്‍ 'മൂകം'; രോഗികള്‍ക്ക് ഗന്ധം നഷ്ടപ്പെടുന്നില്ല; സൂപ്പര്‍ വേരിയന്റിനെ കുറിച്ച് ആദ്യം ആശങ്ക അറിയിച്ച ഡോക്ടര്‍ പറയുന്നു

രൂപമാറ്റം വന്ന കോവിഡ് വേരിയന്റിന് അസ്വാഭാവിക ലക്ഷണങ്ങള്‍; ഒമിക്രോണ്‍ വേരിയന്റിന്റെ ആദ്യ സൂചനകള്‍ 'മൂകം'; രോഗികള്‍ക്ക് ഗന്ധം നഷ്ടപ്പെടുന്നില്ല; സൂപ്പര്‍ വേരിയന്റിനെ കുറിച്ച് ആദ്യം ആശങ്ക അറിയിച്ച ഡോക്ടര്‍ പറയുന്നു

പുതിയ കോവിഡ് വേരിയന്റ് ഒമിക്രോണ്‍ ബാധിക്കുന്ന രോഗികളില്‍ രൂപപ്പെടുന്നത് അസ്വാഭാവികമായ ലക്ഷണങ്ങളാണെന്ന് വൈറസിനെ കുറിച്ച് ആദ്യം വിവരം നല്‍കിയ ഡോക്ടര്‍. സൗത്ത് ആഫ്രിക്കയിലെ അഡ്മിനിസ്‌ട്രേറ്റീവ് തലസ്ഥാനമായ പ്രിട്ടോറിയയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോ. ആഞ്ചെലിക്ക് കോട്‌സെയാണ് തന്റെ അരികിലെത്തുന്ന കോവിഡ് രോഗികള്‍ക്ക് സാധാരണയില്‍ നിന്നും വിഭിന്നമായ ലക്ഷണങ്ങള്‍ കാണുന്നതായി ശ്രദ്ധിച്ചത്.


30 വര്‍ഷമായി പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ സൗത്ത് ആഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ചെയര്‍ കൂടിയാണ്. കോവിഡ് രോഗികളില്‍ കാണുന്ന രീതിയില്‍ ഗന്ധം നഷ്ടമാകുന്ന പ്രശ്‌നം ഒമിക്രോണ്‍ രോഗികളില്‍ തിരിച്ചറിഞ്ഞില്ലെന്ന് ഡോക്ടര്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന് പകരം കടുത്ത ക്ഷീണവും, ഉയര്‍ന്ന പള്‍സ് റേറ്റുമാണ് രോഗികളില്‍ കാണുന്നത്.

മുന്‍പ് ചികിത്സിച്ച രോഗികളില്‍ നിന്നും ഏറെ വിഭിന്നമായ ലക്ഷണങ്ങളാണ് ഒമിക്രോണ്‍ ബാധിച്ചവരിലുള്ളതെന്ന് ഡോ. കോട്‌സെ ഗാര്‍ഡിയനോട് പറഞ്ഞു. നവംബര്‍ 18-നാണ് തന്റെ നിരീക്ഷണങ്ങള്‍ ഇവര്‍ സൗത്ത് ആഫ്രിക്കയുടെ വാക്‌സിന്‍ അഡൈ്വസറി ബോര്‍ഡിനെ അറിയിച്ചത്. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് കോവിഡ്-19 പിടിപെട്ടപ്പോള്‍ നേരിട്ട കടുത്ത ക്ഷീണമായിരുന്നു ഇതിന് പ്രേരണയായത്.

ഈ മാസം ആദ്യം സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ വേരിയന്റ് ഇതിനകം ബ്രിട്ടന്‍, ജര്‍മ്മനി, ഇറ്റലി, ബെല്‍ജിയം, ബോട്‌സ്വാന, ഇസ്രയേല്‍, ഹോങ്കോംഗ്, ഓസ്‌ട്രേലിയ എന്നിവിടങ്ങൡ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ലോകാരോഗ്യ സംഘടന ഈ വേരിയന്റിനെ ആശങ്കപ്പെടുത്തുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

വാക്‌സിനുകളുടെ ഫലപ്രാപ്തിയെ ചെറുക്കാനും, രണ്ട് വര്‍ഷത്തോളമായി നീണ്ടുനില്‍ക്കുന്ന മഹാമാരിയെ ഇനിയും നീട്ടിക്കൊണ്ട് പോകാനും ഇത് കാരണമായേക്കാമെന്നാണ് ആശങ്ക. എന്നാല്‍ പുതിയ ലക്ഷണങ്ങള്‍ ആശങ്കപ്പെടുത്തുന്നതല്ലെന്ന് ഡോ. കോട്‌സെ വ്യക്തമാക്കുന്നു. ആറ് വയസ്സുള്ള കുട്ടിക്ക് ഈ അവസ്ഥ നേരിട്ടെങ്കിലും രണ്ട് ദിവസം കൊണ്ട് അവസ്ഥ ഭേദമായി. എന്നാല്‍ പ്രായമായവര്‍ക്ക് വേരിയന്റ് അപകടം തീര്‍ക്കുമെന്ന ആശങ്ക ഡോക്ടര്‍ പങ്കുവെയ്ക്കുന്നു.
Other News in this category



4malayalees Recommends