ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത് കൊണ്ട് കെപിഎസി ലളിതയെ തെറി പറയുന്നത് ശരിയല്ല ; ശാന്തിവിള ദിനേശ്

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത് കൊണ്ട് കെപിഎസി ലളിതയെ തെറി പറയുന്നത് ശരിയല്ല ; ശാന്തിവിള ദിനേശ്
കെ.പി.എ.സി ലളിതയ്ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം പ്രഖ്യാപിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ലളിത ചേച്ചിക്ക് സര്‍ക്കാര്‍ സഹായം ലഭിക്കാനുള്ള അര്‍ഹതയുണ്ടെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ് പറയുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് സംവിധായകന്‍ പ്രതികരിച്ചത്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത് കൊണ്ട് അവരെ ഇങ്ങനെ തെറി പറയുന്നത് ശരിയല്ലെന്ന് സംവിധാകന്‍ പറയുന്നു. തിലകന്‍ ചേട്ടനും ഇതുപോലെ സഹായം ലഭിച്ചിരുന്നതായും ശാന്തിവിള ദിനേശ് പറയുന്നുണ്ട്.

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍:

ലളിത ചേച്ചിയുടെ ഭര്‍ത്താവ് സംവിധായകന്‍ ഭരതന് ഒരു ഓപ്പറേഷന്‍ വേണ്ടി വന്നപ്പോള്‍ ഗോകുലന്‍ ഗോപാലനില്‍ നിന്നടക്കം പണം കടം വാങ്ങിയാണ് ആ ഓപ്പറേഷന്‍ നടത്തിയത്. മകള്‍ ശ്രീക്കുട്ടിയുടെ വിവാഹത്തിന് മലയാള സിനിമയിലെ തന്നെ പ്രമുഖരാണ് ലക്ഷങ്ങള്‍ നല്‍കി സഹായിച്ചത്. മകന്‍ വണ്ടിയോടിച്ച് അപകടമുണ്ടായപ്പോഴും മലയാള സിനിമാ ലോകം തന്നെയാണ് സഹായിച്ചത്.

അക്കാലത്ത് ലളിത ചേച്ചിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. വലിയ ആത്മബന്ധമായിരുന്നു അവര്‍ തമ്മില്‍. ഇവര്‍ തമ്മില്‍ തെറ്റുന്നതും മകന്‍ സിദ്ധാര്‍ത്ഥിന്റെ പേരിലാണ്. ലളിത ചേച്ചി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയിരുന്ന സമയത്ത് അവരെ വിലക്കിയിരുന്നതും ഈ സുഹൃത്തായിരുന്നു. എന്നോട് ചോദിച്ചപ്പോഴും മത്സരിക്കരുതെന്നാണ് പറഞ്ഞത്. സിദ്ധാര്‍ത്ഥിന്റെ ഓപ്പറേഷന് ലക്ഷങ്ങള്‍ വേണമായിരുന്നു.

ലളിത ചേച്ചിയുടെ സുഹൃത്ത് സഹായം ചോദിച്ച് ചെന്നത് മമ്മൂട്ടിയുടെ അടുത്തായിരുന്നു. മമ്മൂട്ടി എന്ത് പറ്റിയതാണെന്നും, ബോധമില്ലാതെയാണോ വണ്ടിയോടിച്ചതുമെന്നൊക്കെ ചോദിച്ചു. കള്ളും കഞ്ചാവുമടിച്ചാണ് സിദ്ധാര്‍ത്ഥ് വണ്ടിയോടിച്ചതെന്ന് ഇവര് പറയുകയും ചെയ്തു. പക്ഷേ കേട്ടത് മമ്മൂട്ടിയായി പോയി. മമ്മൂട്ടി നേരെ ലളിത ചേച്ചിയെ വിളിച്ചു. ചികിത്സാ സഹായം വേണമല്ലേ, നല്ല കാശുണ്ടല്ലോ എന്നൊക്കെ ചോദിച്ചു.

കൂട്ടത്തില്‍ മകനെ വെള്ളമടിച്ച് വണ്ടിയോടിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു. ഏത് സാമ ദ്രോഹിയാണ് ഇത് പറഞ്ഞതെന്ന് ലളിത ചേച്ചി മമ്മൂട്ടിയോട് തിരിച്ചു ചോദിച്ചു. നിങ്ങളുടെ കൂട്ടുകാരി തന്നെയാണ് പറഞ്ഞതെന്ന് മറുപടിയും കിട്ടി. അതോടെ ആകെ പ്രശ്‌നമായി. ലളിത ചേച്ചിയുടെ സുഹൃത്ത് സിദ്ധാര്‍ത്ഥിന് രോഗം മാറിയതോടെ കാര്യങ്ങള്‍ അന്വേഷിക്കാനായി വീട്ടിലെത്തിയപ്പോള്‍ ഇറക്കി വിട്ടു.

അതിന് ശേഷം ലളിത ചേച്ചിയുമായി ഇവര്‍ക്ക് നല്ല ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് ലളിത ചേച്ചിക്കെതിരെ നടക്കുന്ന പ്രചാരണം സങ്കടകരമാണ്. വലിയ വീടുണ്ട്. അവിടെ രണ്ട് കാറുണ്ട്. കോടികളുടെ ബാങ്ക് ബാലന്‍സുണ്ട് എന്നൊക്കെയാണ് പറയുന്നത്. യുട്യൂബില്‍ ഇതൊക്കെ പറഞ്ഞാണ് തെറി. അവരൊരു കലാകാരിയാണ്. 60 വര്‍ഷത്തോളമായി അഭിനയിക്കുന്നു.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നത് കൊണ്ട് അവരെ ഇങ്ങനെ തെറി പറയുന്നത് ശരിയല്ല. ലളിത ചേച്ചിയുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ മാത്രമാണ് പിന്തുണച്ച് സംസാരിച്ചത്. പിടി തോമസ് മാത്രമാണ് അത്. പക്ഷേ കെ സുധാകരന്റെ ഭക്തന്‍മാര്‍ ചേര്‍ന്ന് അദ്ദേഹത്തിന് പൊങ്കാലയിട്ട് കളഞ്ഞു. കമ്മ്യൂണിസ്റ്റുകാരിക്ക് സഹായം കൊടുക്കുന്നതിനെ പിന്തുണയ്ക്കുന്നോടാ എന്നൊക്കെയായിരുന്നു തെറിവിളി.

വിഡി രാജപ്പന് സഹായം നല്‍കിയില്ല എന്നൊക്കെ പറഞ്ഞിട്ടുണ്ട് ചിലര്‍. എന്നാല്‍ അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ലായിരുന്നു. ഭാര്യയും മക്കളും അദ്ദേഹത്തെ നല്ല രീതിയിലാണ് ചികിത്സിച്ചത്. പിന്നെ പണം വാങ്ങാന്‍ അദ്ദേഹത്തിന്റെ അഭിമാനവും അനുവദിക്കില്ലായിരുന്നു. സിനിമ സര്‍ക്കാരിന് വരുമാനം ഉണ്ടാക്കി കൊടുക്കുന്നതാണ്. അങ്ങനെയുള്ള ഒരിടത്ത് നിന്നുള്ള ഒരു കലാകാരിക്ക് ചികിത്സാ സഹായം ലഭ്യമാക്കരുത് എന്ന് പറയാന്‍ പാടില്ല. കലാകാരന്മാരില്ലാത്ത ലോകം താലിബാന് തുല്യമായിരിക്കും.

Other News in this category4malayalees Recommends